ഒന്നര കോടി രൂപ ചിലവിട്ട് കോര്‍പ്പറേഷന്‍ നേരിട്ടാണ് റോഡിന്‍റെ പണി പൂര്‍ത്തിയാക്കിയത്
തൃശൂര്‍: ഡെപ്യൂട്ടി മേയര്‍ ഉദ്ഘാടനം ചെയ്ത റോഡ് മന്ത്രി ആര്‍ ബിന്ദു ഇന്ന് വീണ്ടും ഉദ്ഘാടനം ചെയ്തു. തൃശൂർ അരിസ്റ്റോ റോഡിന്‍റെ രണ്ടാം ഉദ്ഘാടനമാണ് നടന്നത്. ഡെപ്യൂട്ടി മേയറുടെ ഉദ്ഘാടന ഫലകം നീക്കാന്‍ എത്തിയ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. പകരം മന്ത്രിക്ക് ഉദ്ഘാടനം ചെയ്യാനുള്ള ഫലകം റോഡിന് മറുവശത്ത് കോര്‍പറേഷന്‍ സജ്ജീകരിക്കുകയായിരുന്നു.കോർപ്പറേഷന്റെ വികസന പ്രവർത്തനങ്ങൾ അഭിനന്ദനീയമാണെന്നും മികച്ച ഭരണമാണ് കഴിഞ്ഞ അഞ്ച് വർഷക്കാലമായി മേയർ കാഴ്ചവെക്കുന്നതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.
ഡെപ്യൂട്ടി മേയര്‍ എംഎല്‍ റോസിയാണ് കോണ്‍ഗ്രസ് കൗൺസിലര്‍മാരുടെ നേതൃത്വത്തില്‍ ആദ്യം റോഡ് ഉദ്ഘാടനം ചെയ്തിരുന്നത്. എന്നാല്‍ രണ്ടാമത്തെ ഉദ്ഘാടന ചടങ്ങില്‍ എംഎല്‍ റോസിയാണ് വിശിഷ്ടാതിഥി എന്നതാണ് കൗതുകം. മേയറുടെയും ഭരണസമിതിയുടെയും താത്‌പര്യത്തിന് വിരുദ്ധമായി ഡെപ്യൂട്ടി മേയർ എം.എൽ. റോസി റോഡ് ഉദ്ഘാടനം ചെയ്തത് വിവാദമായിരുന്നു. ഡെപ്യൂട്ടി മേയറുടെ ഉദ്ഘാടന ഫലകം നീക്കാൻ എത്തിയ കോർപ്പറേഷൻ ഉദ്യോഗസ്ഥരെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. കോർപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ ഉൾപ്പടെയുള്ളവർ സ്ഥലത്ത് എത്തിയിരുന്നു. ഒന്നര കോടി രൂപ ചിലവിട്ട് കോര്‍പ്പറേഷന്‍ നേരിട്ടാണ് റോഡിന്‍റെ പണി പൂര്‍ത്തിയാക്കിയത്.

