Asianet News MalayalamAsianet News Malayalam

തേക്കിൻകാട് മൈതാനിയെ ചുറ്റി പുലികൾ; പുലികളി ആവേശത്തിൽ തൃശ്ശൂർ

പൂരം കഴിഞ്ഞാല്‍ ദേശക്കാരെല്ലാം തേക്കിന്‍ കാട് മൈതാനം ചുറ്റിവരുന്ന വലിയ ആഘോഷമാണ്  പുലിക്കളി.
 

Thrissur Celebrating Pulikali After Covid break
Author
First Published Sep 11, 2022, 5:38 PM IST

തൃശ്ശൂർ: കൊവിഡ് സൃഷ്ടിച്ച നീണ്ട ഇടവേളയ്ക്ക് ശേഷം തൃശ്ശൂരിൽ പുലികളിയാവേശം. തൃശ്ശൂർ സ്വരാജ് റൌണ്ടിലേക്ക് പുലികളി സംഘങ്ങൾ വിവിധ ദേശങ്ങളിൽ നിന്നും എത്തി തുടങ്ങി. തൃശ്ശൂർ പൂരത്തിന് ശേഷം നാടിൻ്റെ ഏറ്റവും വലിയ ആഘോഷമായ പുലികളിക്ക് സാക്ഷ്യം വഹിക്കാൻ  സ്ത്രീകളും കുട്ടികളും അടക്കം വൻ പുരുഷാരമാണ് നഗരത്തിലേക്ക് എത്തിയിരിക്കുന്നത്. അഞ്ച് ദേശങ്ങളിൽ നിന്നായി പുറപ്പെട്ട് വരുന്ന 250-ഓളം പുലികളാണ് വൈകിട്ടോടെ തേക്കിൻകാട് മൈതാനിക്ക് ചുറ്റും വർണപ്പൂരം തീർക്കുന്നത്.  

വിയ്യൂർ, കാനാട്ടുകര, അയ്യന്തോള്‍, പൂങ്കുന്നം, ശക്തന്‍ എന്നീ ദേശങ്ങളാണ് സംഘം തിരിഞ്ഞ് പുലികളിക്ക് ഇറങ്ങുന്നത്. ഒരു സംഘത്തില്‍ 35 മുതല്‍ 51 വരെ പുലികളുണ്ടാവും.  നാലു മണിയോടെ മടയിൽ നിന്ന് ഇറങ്ങുന്ന പുലികൾ സ്വരാജ് റൗണ്ടിലേക്ക് കടക്കും .നടുവിലാല്‍ ഗണപതിയ്ക്ക് തേങ്ങയുടച്ചാണ് പുലിക്കളി തുടങ്ങുക. എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്നുള്ള ഔദ്യോഗിക ദു:ഖാചരണം ഇന്ന് നടക്കുന്നതിനാൽ പരിപാടിക്ക് ഔദ്യോഗികമായ പങ്കാളിത്തമില്ല. 

പൂരം കഴിഞ്ഞാല്‍ ദേശക്കാരെല്ലാം തേക്കിന്‍ കാട് മൈതാനം ചുറ്റിവരുന്ന വലിയ ആഘോഷമാണ്  പുലിക്കളി. നാലോണനാളായ ഇന്ന് പുലര്‍ച്ചെ തന്നെ പുലികളിയുടെ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. പുലികളി സംഘങ്ങളുടെ ക്യാംപായ പുലിമടകളില്‍ മെയ്യെഴുത്ത് അഞ്ച് മണി മുതൽ ആരംഭിച്ചു. വയറന്‍ പുലികളും  പുള്ളിപ്പുലികളും  ഉച്ചയോടെ പുറത്തേക്ക് ഇറങ്ങി. വീക്ക് ചെണ്ടയും ഉരുട്ട് ചെണ്ടയും ഇലത്താളവും അകന്പടിയായി ചുവടുവച്ചിറങ്ങുന്ന പുലിപ്പൂരത്തോടെയാണ് തൃശൂരിന്‍റെ ഓണം ഉച്ചസ്ഥായിയിലെത്തുന്നത്. പുലിപ്പടയ്ക്ക് അകന്പടിയായി ദേശങ്ങളുടെ ടാബ്ലോകളുമുണ്ടാവും. 

നേരത്തെ ഇരുപത്തി യൊന്ന് സംഘങ്ങൾ വരെ പുലിക്കളിക്കുണ്ടായിരുന്നു. ഇക്കുറിയത് അഞ്ചായി ചുരുങ്ങി. സാമ്പത്തിക ഭാരമാണ് എല്ലായിടത്തും തടസ്സം. എങ്കിലും പൂരത്തോളം പുലിക്കളിയെ നെഞ്ചിലേറ്റുന്നവരുടെ ആഘോഷത്തിന് മാറ്റൊട്ടും കുറയില്ല.

അയ്യന്തോൾ സംഘം ഇക്കുറി കുതിരപ്പുറത്ത് പുലിയെ ഇറക്കിയിട്ടുണ്ട്. ഒരു തെയ്യം പുലിയും ഇവരുടെ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. പുലികളിയിൽ എല്ലാവർഷവും വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്നവരാണ് അയ്യന്തോൾ ദേശം. ആദ്യമായി വനിത പുലിയെ ഇറക്കിയതും ഇവരായിരുന്നു. 
 

Follow Us:
Download App:
  • android
  • ios