Asianet News MalayalamAsianet News Malayalam

തൃശൂരിൽ കോൺഗ്രസിന്റെ സഹകരണ ബാങ്കിലും തട്ടിപ്പ്; പാർട്ടി നേതാവ് മുങ്ങി, പുറത്താക്കിയെന്ന് നേതൃത്വം

കാട്ടാക്കാമ്പാൽ മൾട്ടിപ്പർപ്പസ് സഹകരണ സംഘം കോൺഗ്രസിന്റെ പൂർണ നിയന്ത്രണത്തിലാണ്. സംഘം തുടങ്ങിയതു മുതൽ ഇന്നേവരെ മറ്റൊരു പാർട്ടിക്കാരും ഭരിക്കാത്ത സഹകരണ സംഘമാണിത്

Thrissur congress lead cooperative bank fraud leader absconded expelled from party kgn
Author
First Published Sep 23, 2023, 7:44 AM IST

തൃശ്ശൂർ: കരുവന്നൂരിനു പിന്നാലെ തൃശൂരിൽ വീണ്ടും സഹകരണ ബാങ്കിൽ തട്ടിപ്പെന്ന് പരാതി. കോൺഗ്രസ്ഭരിക്കുന്ന കുന്നംകുളം കാട്ടാക്കാമ്പാൽ മൾട്ടിപർപ്പസ് സഹകരണ സംഘത്തിലാണ് തട്ടിപ്പ്. ആരോപണമുയർന്ന സംഘത്തിന്റെ ഭരണസമിതി സെക്രട്ടറിയായിരുന്ന കോൺഗ്രസ് പ്രാദേശിക നേതാവ് വി.ആർ.സജിത് നാട്ടിൽ നിന്ന് മുങ്ങി.

കാട്ടാക്കാമ്പാൽ മൾട്ടിപ്പർപ്പസ് സഹകരണ സംഘം കോൺഗ്രസിന്റെ പൂർണ നിയന്ത്രണത്തിലാണ്. സംഘം തുടങ്ങിയതു മുതൽ ഇന്നേവരെ മറ്റൊരു പാർട്ടിക്കാരും ഭരിക്കാത്ത സഹകരണ സംഘമാണിത്. ഭരണ സമിതി സെക്രട്ടറിയായിരുന്ന വിആർ സജിത് കോൺഗ്രസിന്റെ പഞ്ചായത്തംഗമായിരുന്നു. 10 വർഷക്കാലം സംഘത്തിൽ നിന്ന് വായ്പ എടുക്കാത്ത അംഗൻവാടി അധ്യാപികയായ പ്രമീള സുകുമാരന് ഈയിടെ നോട്ടീസ് കിട്ടിയതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്.

ഒൻപതു ലക്ഷം രൂപയുടെ വായ്പാ കുടിശികയുണ്ടെന്നായിരുന്നു നോട്ടീസിൽ പറഞ്ഞത്. വിശദമായി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്. അംഗൻവാടിക്ക് ഭൂമി വാങ്ങാൻ വായ്പയെടുക്കാനായി വേതന രേഖ പ്രമീള ബാങ്കിൽ നൽകിയിരുന്നു. വായ്പ കിട്ടില്ലെന്ന് സജിത് അറിയിച്ചെങ്കിലും വേതന രേഖ തിരിച്ചുകൊടുത്തില്ല. ഈ രേഖ ഉപയോഗിച്ച് വലിയ തുക സഹകരണ സംഘത്തിൽ നിന്ന് സജിത് വായ്പയെടുത്തു. ഇത് അധ്യാപിക അറിഞ്ഞതുമില്ല. അംഗൻവാടിയിൽ നിന്ന് കിട്ടുന്ന വേതനമാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം. ഒൻപതു ലക്ഷം രൂപയുടെ വായ്പാ കുടിശിക അടയ്ക്കാൻ കഴിയില്ല. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് പ്രമീള വ്യക്തമാക്കി.

ബാങ്കിൽ ഈട് വച്ച 73 ഗ്രാം പണയ സ്വർണം മറ്റ് രണ്ട് ധനകാര്യ സ്ഥാപനങ്ങളിലേക്ക് സജിത് മാറ്റിവച്ചതായും കണ്ടെത്തി. സഹകരണ അസിസ്റ്റന്റ് റജിസ്ട്രാറുടെ പരാതി പ്രകാരം സജിത്തിനെതിരെ കുന്നംകുളം പൊലീസ് കേസെടുത്തു. പരാതി ഉയർന്നതോടെ സജിത് നാട്ടിൽ നിന്ന് മുങ്ങി. പൊലീസിനും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സഹകരണ സംഘത്തിന്റെ നേതൃത്വത്തിനും തട്ടിപ്പിൽ പങ്കുണ്ടെന്ന് സിപിഎമ്മും ബിജെപിയും ആരോപിച്ചു. തട്ടിപ്പ് അറിഞ്ഞ ഉടനെ തന്നെ സജിത്തിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് കോൺഗ്രസ് പ്രതികരിച്ചു. സഹകരണ സംഘത്തിലെ വായ്പ ഇടപാടുകൾ സൂക്ഷ്മായി പരിശോധിച്ചു വരികയാണെന്ന് സഹകരണ സംഘം പ്രസിഡന്റ് അഡ്വക്കേറ്റ് ലത്തീഫ് പറഞ്ഞു.

Asianet News Live | Kerala News | Latest News Updates | ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios