കൊവിഡ് 19 സ്ഥിരീകരിച്ച വിദേശപൗരനുമായി അടുത്തിടപഴകിയവര്‍ക്ക് അറിയിപ്പുമായി തൃശൂര്‍ കോര്‍പറേഷന്‍. കോര്‍പറേഷന്റെ 27ാം ഡിവിഷനില്‍ സ്ഥിതി ചെയ്യുന്ന കുട്ടനെല്ലൂര്‍ ക്ഷേത്രത്തില്‍ ഇക്കഴിഞ്ഞ എട്ടിന് നടന്ന ഉത്സവത്തില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നു. 

ഇദ്ദേഹവുമായി നാട്ടുകാരില്‍ പലരും അടുത്ത് ഇടപഴകിയിരുന്നു. ഹസ്തദാനം നല്‍കുകയും ഇദ്ദേഹത്തോടൊപ്പം ഡാന്‍സ് ചെയ്യുകയും സെല്‍ഫിയും ടിക് ടോകും എടുക്കുകയും ചെയ്തിരുന്നു. രോഗം സ്ഥിരീകരിച്ച ശേഷം ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞത്. 

ഇതിനെ തുടര്‍ന്നാണ് അന്നേ ദിവസം ഇദ്ദേഹവുമായി അടുത്ത് പെരുമാറിയവര്‍ക്കുള്ള അറിയിപ്പുമായി കോര്‍പറേഷന്‍ രംഗത്തെത്തിയിരിക്കുന്നത്. ഏതെങ്കിലും തരത്തില്‍ ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ അടിയന്തരമായി ആരോഗ്യവിഭാഗത്തിലോ ദിശയിലോ ഇക്കാര്യം അറിയിക്കണമെന്നാണ് കോര്‍പറേഷന്റെ അറിയിപ്പിലുള്ളത്. 

Also Read:-കുട്ടനെല്ലൂര്‍ ഉത്സവത്തില്‍ പങ്കെടുത്ത് കൊവിഡ് ബാധിതന്‍; വിദേശിക്കൊപ്പം ടിക് ടോക് വീഡിയോ എടുത്ത് നാട്ടുകാര്‍...

മാര്‍ച്ച് എട്ടിന് വൈകീട്ട് പാറമേക്കാവ് ക്ഷേത്രത്തിലും ഇദ്ദേഹം എത്തിയിരുന്നു. ഒരു സംഘത്തോടൊപ്പമായിരുന്നു ഇദ്ദേഹമുണ്ടായിരുന്നത് എന്നും വ്യക്തമായിട്ടുണ്ട്. അവിടെവച്ച് ക്ഷേത്രം ജീവനക്കാരുമായി സംസാരിച്ച ശേഷം പിന്നീട് കുട്ടനെല്ലൂരിലേക്ക് പോവുകയായിരുന്നു. പതിനായിരക്കണത്തിന് ആളുകളാണ് കുട്ടനെല്ലൂരിലെ ഉത്സവത്തിന് പങ്കെടുത്തിരുന്നത്.