തൃശ്ശൂർ: താന്ന്യം പഞ്ചായത്ത് പ്രസിഡന്റിന് കൊവിഡ് സ്ഥിരീകരിച്ചതോടെ  പഞ്ചായത്ത് ഓഫീസ് അടച്ചു. പ്രസിഡൻ്റുമായി സമ്പർക്കത്തിൽ വന്ന ഓഫീസിലെ ജീവനക്കാർ ക്വാറന്റൈനിൽ പ്രവേശിച്ചതിനെ തുടർന്നാണ് ഓഫീസ് പ്രവർത്തനം നിർത്തിവച്ചത്. ഒരു പഞ്ചായത്ത് അംഗത്തിനും പരിശോധനാഫലം പോസിറ്റീവാണ്. ഇവരുമായി സമ്പർക്കത്തിൽ വന്ന അൻപത് പേരുടെ ആൻ്റിജൻ പരിശോധന തൃപ്രയാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ തിങ്കളാഴ്ച്ച നടത്തും. 

അതേസമയം തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ച രോഗികളുടെ സമ്പർക്ക പട്ടികയിൽപ്പെട്ട 256 പേരുടെ ആന്റിജൻ പരിശോധനാ ഫലം നെഗറ്റീവായി. മെഡിക്കൽ കോളേജിലെ 4, 5 വാർഡുകളിൽ ചികിത്സയിലുണ്ടായിരുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയുമാണ് ആന്റിജൻ പരിശോധനയ്ക്ക് വിധേയരാക്കിയത്.

ഇതിൽ ഡിസ്ചാർജ്ജ് ചെയ്യാവുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും 14 ദിവസത്തെ ക്വാറന്റീൻ നിർദ്ദേശിച്ചിട്ടുണ്ട്. കോവിഡ് ബാധിതരുമായി സമ്പർക്കമുണ്ടായ 18 ഡോക്ടർമാർ രണ്ട് നഴ്‌സുമാർ രണ്ട് റേഡിയോഗ്രാഫർമാർ എന്നിവരുൾപ്പെടെ 28 ആരോഗ്യ പ്രവർത്തകർക്കും 14 ദിവസത്തെ ക്വാറന്റൈൻ നിർദ്ദേശിച്ചു. 

ഇന്ന് തൃശൂര്‍ ജില്ലയില്‍ 36 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കെഎസ്ഇ ക്ലസ്റ്ററില്‍ നിന്ന് 12 പേര്‍ക്ക് രോഗം പകര്‍ന്നു. കെഎസ് ഇ ജീവനക്കാരൻറെ ഭാര്യയും രണ്ട് കുട്ടികളും ഉള്‍പ്പെടെയാണിത്. ഇതോടെ കെഎസ്ഇ ക്ലസ്റ്ററില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 100-നടുത്തെത്തി.  

കെഎല്‍എഫ് ക്ലസ്റ്ററില്‍ നിന്ന് രണ്ട് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്. പട്ടാമ്പി ക്ലസ്റ്ററില്‍ നിന്ന് 5 പേര്‍ക്കാണ് രോഗബാധയുണ്ടായത്. പോര്‍ക്കുളത്തെ മീൻവില്‍പ്പനകാരൻ ഉള്‍പ്പെടെയാണിത്. ബിഎസ്എഫ് ക്ലസ്റ്ററില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തലൂടെ രോഗം സ്ഥിരീകരിച്ചു.ഉറവിടമറിയാത്ത 5 രോഗികളാണുളത്.രോഗം സ്ഥിരീകരിച്ച 411 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.