തൃശ്ശൂർ: പാവറട്ടി എക്സൈസ് കസ്റ്റഡി മരണകേസിൽ ഒളിവിലുളള രണ്ട് പ്രതികളെ ഉടൻ പിടികൂടുമെന്ന് തൃശ്ശൂർ ഡിഐജി എസ് സുരേന്ദ്രൻ. സിബിഐ ഏറ്റെടുക്കും വരെ നിലവിലെ സംഘം അന്വേഷണം തുടരുമെന്നും ഡിഐജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

എക്സൈസ് പ്രിവന്റീവ് ഓഫീസറായ ഉമ്മര്‍, സിവില്‍ ഓഫീസര്‍ ബെന്നി എന്നിവരാണ് ഒളിവിലുളളത്. ഇതില്‍ മുഖ്യപ്രതി എന്ന് സംശയിക്കുന്ന ഉമ്മര്‍ രാജ്യം വിട്ടിരിക്കാമെന്നാണ് സംശയം. അന്വേഷണം ഊര്‍ജ്ജിതമായി പുരോഗമിക്കുന്നുണ്ടെന്നും ഡിഐജി വ്യക്തമാക്കി

സിബിഐ അന്വേഷണം ഏറ്റെടുക്കുന്നതിനുളള നടപടിക്രമങ്ങള്‍ക്ക് കാലതാമസമെടുക്കുമെന്നും അതുവരെ ഗുരുവായൂര്‍ എസിപിയുടെ നേതൃത്വത്തിലുളള പത്തം​ഗ സംഘം അന്വേഷണം തുടരുമെന്നും ഡിഐജി പറഞ്ഞു. 

കഴിഞ്ഞ ദിവസമാണ് പാവറട്ടി കസ്റ്റഡി മരണക്കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തത്. സംസ്ഥാനത്ത് ഇനി കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്താൽ ആ കേസുകളുടെ അന്വേഷണവും സിബിഐക്ക് കൈമാറാനും തീരുമാനമായിട്ടുണ്ട്. ഇനി സംസ്ഥാനത്ത് ഒരു കസ്റ്റഡി മരണവും ഉണ്ടാകാൻ പാടില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭ യോ​ഗത്തിൽ പറഞ്ഞത്.

Read More: പാവറട്ടി കസ്റ്റ‍ഡി മരണം സിബിഐയ്ക്ക്: ഇനി കസ്റ്റഡിമരണങ്ങൾ ഉണ്ടായാൽ അതും സിബിഐ അന്വേഷിക്കും

പാവറട്ടിയിലെ കസ്റ്റഡി മരണ കേസിൽ  ഇതുവരെ അഞ്ച് എക്സൈസ് ഉദ്യോഗസ്ഥരാണ് അറസ്റ്റിലായിരിക്കുന്നത്. എക്സൈസ് ഉദ്യോഗസ്ഥരായ മഹേഷ്, സ്മിബിൻ , എക്സൈസ് പ്രിവൻറീവ് ഓഫീസര്‍മാരായ അനൂപ്, ജബ്ബാര്‍ സിവില്‍ ഓഫീസര്‍ നിതിൻ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ഉള്‍പ്പെടെ ഏഴ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. സംഘത്തിലുണ്ടായിരുന്ന എല്ലാവര്‍ക്കും ഒരേ ഉത്തരവാദിത്തമായതിനാലാണ് ഏഴ് പേർക്കെതിരെയും കൊലകുറ്റം ചുമത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.

ഒക്ടോബര്‍ ഒന്നിനാണ്,‌‍ കഞ്ചാവുമായി എക്സൈസ് പിടികൂടിയ മലപ്പുറം സ്വദേശിയായ രഞ്ജിത്ത് മരിച്ചത്. എക്സൈസ് ഉദ്യോഗസ്ഥരാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, ആശുപത്രിയിലെത്തിക്കും മുമ്പേ രഞ്ജിത്ത് മരിച്ചിരുന്നു. ഇയാളുടെ ശരീരത്തില്‍ പന്ത്രണ്ടോളം ക്ഷതങ്ങള്‍ ഉണ്ടെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. മര്‍ദ്ദനമേറ്റാണ് മരണം സംഭവിച്ചതെന്നും ആന്തരികരക്തസ്രാവമാണ് മരണകാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്. രഞ്ജിത്തിന്റെ മരണത്തിൽ ദൂരുഹത ആരോപിച്ച് മുൻ ഭാര്യയും ബന്ധുക്കളും രം​ഗത്തെത്തിയിരുന്നു.