തൃശ്ശൂർ: തൃശ്ശൂർ കേരളവർമ്മ കോളേജിലെ പ്രിൻസിപ്പാൾ ജയദേവൻ പ്രിൻസിപ്പാൾ സ്ഥാനം രാജി വെച്ചു. സിപിഎം നേതാവ് എ വിജയരാഘവൻ്റെ ഭാര്യയെ വൈസ് പ്രിൻസിപ്പാൾ ആക്കിയതിൽ പ്രതിഷേധിച്ചാണ് സ്ഥാനമൊഴിഞ്ഞത്. രാജി സംബന്ധിച്ച് ജയദേവൻ കൊച്ചിൻ ദേവസ്വം ബോർഡിന് കത്ത് നൽകി.

എ വിജയരാഘവന്റെ ഭാര്യ പ്രൊഫ. ബിന്ദുവിനെ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് വൈസ് പ്രിൻസിപ്പാളായി നിയമിച്ചത്. പ്രിൻസിപ്പാളിൻ്റെ അധികാരം വൈസ് പ്രിൻസിപ്പാളിന് വീതിച്ച് നൽകിയിരുന്നു. കേരളവർമ്മയിൽ ആദ്യമായാണ് വൈസ് പ്രിൻസിപ്പാളിനെ നിയമിക്കുന്നത്. 

ഏഴ് വർഷം കൂടി കാലാവധി ബാക്കിയുള്ളപ്പോഴാണ് പ്രിൻസിപ്പാൾ സ്ഥാനമൊഴിയുന്നത്. വൈസ് പ്രിൻസിപ്പാളിനെ നിയമിക്കാനുള്ള സാഹചര്യം എന്താണെന്ന് പ്രിൻസിപ്പാൾ കത്തിൽ ചോദിച്ചിട്ടുണ്ട്.  തന്നോട് കൂടിയാലോചിക്കാതെയാണ് വൈസ് പ്രിൻസിപ്പാളിനെ നിയമിച്ചത്. രണ്ട് അധികാര കേന്ദ്രങ്ങൾ ഉണ്ടാകുന്നത് ഭരണ പ്രതിസന്ധി ഉണ്ടാക്കും. ഈ സാഹചര്യത്തിൽ സ്ഥാനം ഒഴിയുന്നുവെന്നും ജയദേവൻ കത്തിൽ പറയുന്നു. എന്നാൽ യു ജി സി മാനദണ്ഡമനുസരിച്ചാണ് വൈസ് പ്രിൻസിപ്പാളിൻ്റെ നിയമനമെന്നാണ് ദേവസ്വത്തിൻ്റെ വിശദീകരണം.