തന്ത്രിമാർ അനാവശ്യ ഇടപെടലുകള്‍ നടത്തരുത്, സഹകരിച്ചില്ലെങ്കിൽ നടപടി; കൂടൽമാണിക്യ ക്ഷേത്ര വിവാദത്തിൽ ദേവസ്വം
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചന വിവാദത്തിൽ തന്ത്രിമാര്‍ക്കെതിരെ കടുത്ത നിലപാടുമായി ദേവസ്വം. തന്ത്രിമാര്‍ അനാവശ്യ ഇടപെടൽ നടത്തരുതെന്നും കഴകമായി ബാലുവിനെ നിയമിച്ചത് നിയമപരമായിട്ടാണെന്നും കൂടൽമാണിക്യം ദേവസ്വം ചെയര്‍മാനും ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് ചെയര്‍മാനും വ്യക്തമാക്കി.

തൃശൂര്‍: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചന വിവാദത്തിൽ കടുത്ത നിലപാടുമായി ദേവസ്വം. തന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കൂടൽമാണിക്യം ദേവസ്വം ബോര്‍ഡ് ചെയര്‍മാനും ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് ചെയര്‍മാനും രംഗത്തെത്തി. ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡിന്‍റെ തീരുമാനത്തെ മാറ്റാൻ തന്ത്രിമാർക്കോ മറ്റാർക്കെങ്കിലും അവകാശമില്ലെന്ന് കൂടൽമാണിക്യം ദേവസ്വം ചെയര്‍മാൻ സികെ ഗോപി പറഞ്ഞു. കഴകക്കാരെ നിയമിക്കാനുള്ള അധികാരം തന്ത്രിമാർക്കില്ല. ബാലുവിനെ മാറ്റാനാകില്ലെന്ന നിലപാടായിരുന്നു ദേവസ്വം എടുത്തത്.
സർക്കാർ തീരുമാനിച്ച ഉദ്യോഗാർത്ഥിയെ 100ശതമാനം പോസ്റ്റിലേക്ക് തന്നെ ദേവസ്വം മാനേജ്മെന്‍റ് നിയമിച്ചിരിക്കും. കഴകക്കാരനായി ബാലുവിനെ നിയമിക്കുമെന്നും തന്ത്രിമാർക്ക് വഴങ്ങില്ലെന്നും സഹകരിച്ചില്ലെങ്കിൽ അവർക്ക് നേരെ നടപടിയെടുക്കുമെന്നും സികെ ഗോപി പറഞ്ഞു. സംഭവത്തിൽ ബാലു പരാതി നൽകിയിട്ടില്ല. ബാലു രേഖാമൂലം അപേക്ഷ നൽകിയാൽ നിയമപരമായി മുന്നോട്ടു പോകും. ബാലു ജോലിയിൽ പ്രവേശിച്ചത് മുതൽ തന്ത്രിമാർ വന്നോ വന്നിട്ടില്ലയോ എന്ന കാര്യത്തിൽ അന്വേഷണം നടത്തുമെന്നും സികെ ഗോപി പറഞ്ഞു.
നിയമാവലി പ്രകാരമാണ് റിക്രൂട്ട്മെന്‍റ് ബോർഡ് നിയമനം നടത്തിയിട്ടുള്ളതെന്ന് ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് ചെയര്‍മാൻ അഡ്വ. മോഹൻദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അത് പാലിക്കാൻ കൂടൽ മാണിക്യം ദേവസ്വം ബോർഡും തന്ത്രിയുമെല്ലാം ബാധ്യതസ്ഥരാണ്. തന്ത്രിമാർ ഇത്തരം ഭരണപരമായ കാര്യത്തിൽ ഇടപെടരുത്. പുരോഗമനപരമായി പല കാര്യങ്ങളും മാറുകയാണ്.
കഴകക്കാരനായി ഈഴവന്‍ വേണ്ടെന്ന് തന്ത്രി, ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനമെന്ന് ആക്ഷേപം
ഗുരുവായൂരിൽ ഉൾപ്പെടെ സ്ത്രീകളുടെ വസ്ത്രധാരണ കാര്യത്തിൽ ഭരണസമിതി മാറ്റം വരുത്തി. അനാവശ്യ ഇടപെടലുകൾ തന്ത്രിമാർ നടത്തരുത്. താൽക്കാലികമായ നീക്കുപോക്ക് കൂടൽ മാണിക്യം ദേവസ്വം നടത്തിയാലും ജീവനക്കാരന്‍റെ നിയമനത്തെ തൊടാൻ കഴിയില്ലെന്നും അഡ്വ. മോഹൻദാസ് പറഞ്ഞു. ജാതിവിവേചനം അംഗീകരിക്കാനാകില്ലെന്ന് കെ രാധാകൃഷ്ണൻ എംപി പറഞ്ഞു. കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകക്കാരനെ മാറ്റിയത് ചട്ടലംഘനമാണ്.
ജാതിയുടെ പേരിൽ ഒരാളെ മാറ്റി നിർത്തുന്നത് അംഗീകരിക്കാനാവില്ലെന്നും കെ രാധാകൃഷ്ണൻ എംപി പറഞ്ഞു.
കൂടൽമാണിക്യംക്ഷേത്രത്തിലെ ജാതിവിവേചനം: 'ദുഷ്ടചിന്തയുള്ള തന്ത്രിമാരെ സർക്കാർ നിലയ്ക്ക് നിർത്തണം': വെള്ളാപ്പള്ളി
