Asianet News MalayalamAsianet News Malayalam

'പൊലീസ് സല്യൂട്ട് ചെയ്യുന്നില്ല'; ഡിജിപിക്ക് പരാതിയുമായി തൃശ്ശൂര്‍ മേയര്‍, ഉത്തരവിറക്കണമെന്ന് ആവശ്യം

ഓദ്യോഗിക കാറില്‍ പോകുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് ചെയ്യുന്നില്ലെന്നാണ് മേയര്‍ എം കെ വര്‍ഗീസിന്‍റെ പരാതി. സല്യൂട്ട് തരാന്‍ ഉത്തരവിറക്കണമെന്നാവശ്യപ്പെട്ട് എം കെ വര്‍ഗീസ് ഡിജിപിക്ക് പരാതി നല്‍കി. 

thrissur mayor complaint against police
Author
Thrissur, First Published Jul 2, 2021, 3:02 PM IST

തൃശ്ശൂര്‍: ഔദ്യോഗിക വാഹനത്തിൽ പോകുമ്പോൾ പൊലീസ് ഉദ്യോഗസ്ഥർ സല്യൂട്ട് നൽകുന്നില്ലെന്ന പരാതിയുമായി തൃശൂർ മേയർ എം കെ വർഗീസ് രംഗത്ത്. സല്യൂട്ട് തരാൻ ഉത്തരവിറക്കണമെന്ന ആവശ്യവുമായി ഡിജിപിക്ക് കത്ത് നൽകി. മേയറുടെ പരാതി ഡിജിപി തൃശൂർ റേഞ്ച് ഡിഐജിക്ക് കൈമാറി.

പ്രോട്ടോക്കോൾ പ്രകാരം ഗവർണറും മുഖ്യമന്ത്രിയും കഴിഞ്ഞാൽ മേയറാണ് എന്നാണ് എം കെ വർഗീസിൻ്റെ വാദം. എന്നാൽ ഇതനുസരിച്ച്  പൊലീസ് മേയർക്ക് സല്യൂട്ട് തരുന്നില്ല. പലതവണ പറഞ്ഞിട്ടും ഇതിനോട് പൊലീസ് മുഖം തിരിക്കുകയാണെന്നാണ് മേയറുടെ പരാതി. മേയറുടെ പരാതിയിൽ ഉചിതമായ തീരുമാനം എടുക്കാൻ ഡിജിപി തൃശൂർ റേഞ്ച് ഡിഐജിക്ക് നിർദേശം നൽകി. കോർപ്പറേഷൻ പരിധിയിലെ ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ മാത്രമാണ് പ്രോട്ടോകോൾ പ്രകാരം മേയർ മൂന്നാം സ്ഥാനത്തുള്ളത്. എന്നാൽ സല്യൂട്ട് നൽകേണ്ട വ്യക്തികളുടെ ലിസ്റ്റിൽ മേയർ ഇല്ലെന്നാണ് പൊലീസിൻ്റെ വിശദീകരണം.

അതേസമയം, മേയർ ഡിജിപിക്ക് പരാതി നൽകിയപ്പോൾ മേയർക്കെതിരെ തിരുവനന്തപുരം സ്വദേശി അനന്തപുരി മണികണ്ഠൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. നിർബന്ധപൂർവ്വം പൊലീസുകാർ സല്യൂട്ടടിക്കണമെന്ന ആവശ്യം നടപ്പാക്കരുതെന്നാണ് പരാതിയിൽ പറയുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios