Asianet News MalayalamAsianet News Malayalam

പൂരവിളംബരമായി; നെയ്തലക്കാവ് ഭ​ഗവതി തെക്കേ ​ഗോപുരം വഴി പുറത്തേക്കെഴുന്നള്ളി

പൊലീസിന്‍റെ പൂര്‍ണ നിയന്ത്രണത്തിലാകും തൃശ്ശൂർ പൂരം നടത്തിപ്പ്. സ്വരാജ് റൗണ്ടിലേക്കുളള 19 വഴികളും അടയ്ക്കും. 8 വഴികളിലൂടെ മാത്രമെ പാസ്സുള്ളവര്‍ക്ക് പ്രവേശനമുള്ളൂ. പൊതുജനങ്ങള്‍ക്ക് പൂരപ്പറമ്പിലേക്ക് പ്രവേശനമില്ല. 

thrissur pooram updates
Author
Thrissur, First Published Apr 22, 2021, 11:56 AM IST

തൃശ്ശൂർ: തൃശ്ശൂരിൽ പൂരവിളംബര ചടങ്ങ് തുടങ്ങി. നെയ്തലക്കാവ് ഭ​ഗവതി വടക്കുംനാഥനെ ഒരുതവണ വലംവെച്ച് തെക്കേ ​ഗോപുരം വഴി പുറത്തേക്കെഴുന്നള്ളി. എറണാകുളം ശിവകുമാർ ആണ് നെയ്തലക്കാവ് ഭ​ഗവതിയുടെ തിടമ്പേറ്റുന്നത്. 

കൊച്ചി രാജവംശത്തിന് നെയ്തലക്കാവ് ക്ഷേത്രവുമായുള്ള ആത്മബന്ധമാണ് ഈ ചടങ്ങിന്‍റെ ആധാരം. ഘടകപൂരങ്ങള്‍ക്ക് വടക്കുന്നാഥക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള അനുവാദം വാങ്ങാനാണ് നെയ്തലക്കാവിലമ്മ എ‍ഴുന്നള്ളുന്നതെന്നാണ് സങ്കല്‍പം. 36 മണിക്കൂർ നീളുന്ന പൂര ചടങ്ങുകൾക്കാണ് ഇതോടെ തുടക്കമായത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൃശ്ശൂർ ന​ഗരം ഇന്ന് മുതൽ കനത്ത പൊലീസ് വലയത്തിലായിരിക്കും. രണ്ടായിരത്തോളം പൊലീസ് ഉദ്യോ​ഗസ്ഥരെയാണ് സുരക്ഷയ്ക്കായും പാസ് പരിശോധനയ്ക്കായും നിയോ​ഗിച്ചിരിക്കുന്നത്. 

പൊലീസിന്‍റെ പൂര്‍ണ നിയന്ത്രണത്തിലാകും തൃശ്ശൂർ പൂരം നടത്തിപ്പ്. സ്വരാജ് റൗണ്ടിലേക്കുളള 19 വഴികളും അടയ്ക്കും. 8 വഴികളിലൂടെ മാത്രമെ പാസ്സുള്ളവര്‍ക്ക് പ്രവേശനമുള്ളൂ. പൊതുജനങ്ങള്‍ക്ക് പൂരപ്പറമ്പിലേക്ക് പ്രവേശനമില്ല. ചടങ്ങുകളുമായി ബന്ധപ്പെട്ട് എത്തുന്നവര്‍, ക്ഷേത്ര ഭാരവാഹികള്‍, ആനപ്പാപ്പാന്‍മാര്‍, വാദ്യക്കാര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക പാസ്സുകൾ നല്‍കിയാണ് പ്രവേശനം നല്‍കുക. ആറ് ഡെപ്യൂട്ടി കലക്ടര്‍മാരും പൂരം നടത്തിപ്പിന് നേതൃത്വം നല്‍കും.

നഗരഭാഗത്തുള്ള ഫ്ലാറ്റുകള്‍, കെട്ടിട സമുച്ചയങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍, അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്. ഇവിടങ്ങളില്‍ പുറത്തുനിന്നുള്ളവരെ താമസിപ്പിക്കുന്നത് ഒഴിവാക്കണം. മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ള കച്ചവട സ്ഥാപനങ്ങളും, ഷോപ്പിങ്ങ് മാളുകളും പ്രവര്‍ത്തിക്കാൻ അനുവദിക്കില്ല. പൂരദിവസം സ്വരാജ് റൗണ്ടില്‍ വാഹന ഗതാഗതം പൂർണമായി നിരോധിച്ചിട്ടുണ്ട്.

Read Also: മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി

Follow Us:
Download App:
  • android
  • ios