Asianet News MalayalamAsianet News Malayalam

തൃശ്ശൂർ പൂരം വെടിക്കെട്ടിൽ ഇത്തവണ മാലപ്പടക്കവും പൊട്ടും: സുപ്രീംകോടതി അനുമതി നൽകി

കേന്ദ്ര സ്ഫോടകവസ്തു പരിശോധനാ ഏജൻസിയായ 'പെസ്സോ'യോട് പൂരം വെടിക്കെട്ടിൽ മാലപ്പടക്കം ഉപയോഗിക്കാൻ അനുമതി നൽകണമെന്ന് സുപ്രീംകോടതി നിർദേശം നൽകി.

thrissur pooram vedikkettu malappadakkam can be used rules supreme court
Author
New Delhi, First Published May 7, 2019, 11:55 AM IST

ദില്ലി: തൃശ്ശൂർ പൂരം വെടിക്കെട്ടിൽ മാലപ്പടക്കം ഉപയോഗിക്കാൻ സുപ്രീംകോടതി അനുമതി നൽകി. കേന്ദ്ര സ്ഫോടകവസ്തു പരിശോധനാ ഏജൻസിയായ പെസ്സോയ്ക്കാണ് മാലപ്പടക്കം ഉപയോഗിക്കാൻ അനുമതി നൽകണമെന്ന് സുപ്രീംകോടതി നിർദേശം നൽകിയത്. നേരത്തേ ഡെപ്യൂട്ടി എക്സ്പ്ലോസീവ് കൺട്രോളർ മാലപ്പടക്കത്തിന് അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്. 

നേരത്തേ മാലപ്പടക്കം ഉപയോഗിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഇരുദേവസ്വങ്ങൾ നൽകിയ ഹർജി ജസ്റ്റിസ് എസ് എ ബോബ്‍ഡെ അദ്ധ്യക്ഷനായ ബഞ്ച് പരിഗണിക്കാൻ വിസമ്മതിച്ചിരുന്നു. മാലപ്പടക്കം പൊട്ടിക്കണോ വേണ്ടയോ എന്ന കാര്യം അതുമായി ബന്ധപ്പെട്ട ഏജൻസി തീരുമാനിക്കട്ടെ എന്നായിരുന്നു സുപ്രീംകോടതിയുടെ നിലപാട്. ഏതൊക്കെ പടക്കം പൊട്ടിക്കണമെന്നും, വേണ്ടെന്നും സുപ്രീംകോടതിക്ക് അനുമതി നൽകാനാകില്ലെന്നും അന്ന് ജസ്റ്റിസ് ബോബ്‍ഡെ നിരീക്ഷിച്ചു. 

എന്നാൽ പെസ്സോ മാലപ്പടക്കത്തിന് അനുമതി നിഷേധിച്ചു. കൂട്ടിക്കെട്ടിയ മാലപ്പടക്കം പൊട്ടിക്കുന്നത് ദീപാവലിക്ക് അടക്കം നിരോധിച്ചതിനാൽ ഇത് അനുവദിക്കാനാകില്ലെന്നാണ് പെസ്സോയുടെ നിലപാട്. സാധാരണ മാലപ്പടക്കവും ചേർത്താണ് പൂരം വെടിക്കെട്ട് ഒരുക്കുന്നത്. ഡിസ്‍പ്ലേ ലൈസൻസ് ഉള്ള തൃശ്ശൂർ പൂരത്തിന് ദീപാവലിക്ക് ഏർപ്പെടുത്തിയ നിരോധനം ബാധകമാക്കാനാകില്ലെന്ന് കോടതിയിൽ ഇരുദേവസ്വങ്ങളും വാദിച്ചു. ഇത് കണക്കിലെടുത്താണ് മാലപ്പടക്കത്തിന് സുപ്രീംകോടതി അനുമതി നൽകിയത്. 

ഇന്നാണ് പൂരം കൊടിയേറിയത്. മെയ് 14-ന് രാത്രിയാണ് പൂരം വെടിക്കെട്ട്. നേരത്തേ പൂരം വെടിക്കെട്ടിലേക്ക് കുഴിമിന്നലിനും ഗുണ്ട് പടക്കത്തിനും പെസ്സോ അനുമതി നൽകിയിരുന്നു. 

Follow Us:
Download App:
  • android
  • ios