225ാം തൃശൂര്‍ പൂരത്തിന് തുടക്കം കുറിക്കുന്ന ചടങ്ങാണ് പൂരം വിളംബരം

തൃശൂ‍ർ: കൊവിഡ് പരിശോധനാ ഫലം വൈകിയതോടെ ഇന്ന് നടക്കേണ്ട തൃശൂർ പൂരം വിളംബരം പ്രതിസസന്ധിയിൽ. നെയ്തലക്കാവ് ക്ഷേത്രത്തിലേക്കുള്ള പാസ് വിതരണം നടന്നില്ല. മൂന്നുപേര്‍ക്ക് ഇതുവരെ മാത്രമാണ് പാസ് കിട്ടിയത്. കൊവിഡ് പരിശോധനാ ഫലം വൈകുന്നതാണ് കാരണം. പാസ് കിട്ടിയില്ലെങ്കില്‍ എഴുന്നള്ളിപ്പ് മുടങ്ങുമെന്ന് ദേവസ്വം അറിയിച്ചു.

225ാം തൃശൂര്‍ പൂരത്തിന് തുടക്കം കുറിക്കുന്ന ചടങ്ങാണ് പൂരം വിളംബരം. രാവിലെ പതിനൊന്നോടെ നെയ്തലക്കാവ് ഭഗവതി തെക്കേഗോപുര നട തുറക്കുന്നതോടെയാണ് സാധാരണഗതിയിൽ 36 മണിക്കൂര്‍ നീണ്ടു നിൽക്കുന്ന പൂരത്തിന് തുടക്കമാകുക. കൊച്ചി രാജവംശത്തിന് നെയ്തലക്കാവ് ക്ഷേത്രവുമായുള്ള ആത്മബന്ധമാണ് ഈ ചടങ്ങിന്‍റെ ആധാരം. ഘടകപൂരങ്ങള്‍ക്ക് വടക്കുന്നാഥക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള അനുവാദം വാങ്ങാനാണ് നെയ്തിലക്കാവമ്മ എ‍ഴുന്നള്ളുന്നതെന്നാണ് സങ്കല്‍പം. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് പകരം എറണാകുളം ശിവകുമാറാണ് ഇത്തവണ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റുന്നത്.

അതേസമയം പൊതുജനത്തെ ഒഴിവാക്കി ചടങ്ങുകള് മാത്രമായാണ് പൂരം നടതതുന്നതെങ്കിലും ആചാരങ്ങള്‍ എല്ലാം അതേപടി പിന്തുടരാനാണ് തീരുമാനം. പൂരത്തോടനുബന്ധിച്ച് 2000 പൊലീസുകാരെയാണ് സുരക്ഷയ്ക്കും പാസ് പരിശോധനയ്ക്കുമായി വിന്യസിച്ചിട്ടുണ്ട്. പൊലീസിന്‍റെ പൂര്‍ണ നിയന്ത്രണത്തിലാകും തൃശൂര്‍ പൂരം നടത്തിപ്പ്. സ്വരാജ് റൗണ്ടിലേക്കുളള 19 വഴികളും അടയ്ക്കും. 8 വഴികളിലൂടെ മാത്രമെ പാസുള്ളവര്‍ക്ക് പ്രവേശനമുള്ളൂ. പൊതുജനങ്ങള്‍ക്ക് പൂരപ്പറമ്പിലേക്ക് പ്രവേശനമില്ല. ചടങ്ങുകളുമായി ബന്ധപ്പെട്ട് എത്തുന്നവര്‍, ക്ഷേത്ര ഭാരവാഹികള്‍, ആന പാപ്പാന്‍മാര്‍, വാദ്യക്കാര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക പാസുകള്‍ നല്‍കിയാണ് പ്രവേശനം നല്‍കുക. ആറ് ഡെപ്യൂട്ടി കളക്ടര്‍മാരും പൂരം നടത്തിപ്പിന് നേതൃത്വം നല്‍കും.