തൃപ്രയാറിൽ ഡോളർ വാങ്ങാനെത്തിയ കോൺഗ്രസ് നേതാവ് ഉൾപ്പെടെയുള്ള സംഘത്തിൽ നിന്ന് 16 ലക്ഷം രൂപ കവർന്നു. ഗുണ്ടാ നേതാവ് രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി.

തൃശ്ശൂർ: തൃശ്ശൂർ തൃപ്രയാറിൽ കാറിൽ നിന്ന് 16 ലക്ഷം കവർന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പട്ടാമ്പിക്ക് അടുത്ത് വിളയൂർ പഞ്ചായത്തിലെ കോൺഗ്രസിന്റെ അംഗം മുഹമ്മദ് റാഫി ഉൾപ്പടെയുള്ള നാലംഗ സംഘത്തിനാണ് പണം നഷ്ടപ്പെട്ടത്. പണവുമായി ഇവർ അന്തിക്കാട് എത്തിയത് നോട്ട് നൽകി ഡോളർ വാങ്ങാനായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. രഞ്ജിത്ത് എന്ന ഗുണ്ടാ നേതാവിന്റെ നേതൃത്വത്തിലാണ് കവർച്ച നടത്തിയത്. പ്രതികൾ സഞ്ചരിച്ച ഇന്നോവ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്നലെ രാത്രി 8:45 ഓടെ തൃപ്രയാറിനടുത്ത് അടുത്ത് ആമലത്ത് കുളങ്ങര ക്ഷേത്രത്തിന് സമീപത്തെ റോഡിലാണ് വിളയൂർ സ്വദേശി മുഹമ്മദ് റാഫിയും സംഘവും ആക്രമിക്കപ്പെട്ടത്. പണം നൽകിയാൽ ഡോളർ പകരം നൽകാമെന്ന് പറഞ്ഞ് രഞ്ജിത്തും സംഘവും ഷാഫിയെയും കൂട്ടരെയും തൃപ്രയാറിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ആമലത്ത് ക്ഷേത്രത്തിന് 2 കിലോമീറ്റർ മുന്നിൽ വച്ച് റാഫിയുടെ വാഹനത്തിലേക്ക് ബൈക്കിൽ എത്തിയ രഞ്ജിത്ത് കയറി. പണമുണ്ടെന്ന് ഉറപ്പുവരുത്തിയതിന് പിന്നാലെ ഇന്നോവ കാറിലെത്തിയ സംഘവും രഞ്ജിത്തും ചേർന്ന് റാഫിയെയും കൂട്ടരെയും ആക്രമിച്ചു. പേപ്പർ സ്പ്രേ പ്രയോഗിച്ചു. മടവാൾക്കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു. ഞൊടിയിട കൊണ്ട് പണം തട്ടിയെടുത്ത് അക്രമിസംഘം ഇന്നോവ കാറിൽ ഇരുട്ടിലേക്ക് മറഞ്ഞു.

നിലവിളി കേട്ടത്തിയ നാട്ടുകാരാണ് അന്തിക്കാട് പൊലീസിൽ വിവരമറിയിക്കുന്നത്. പൊലീസ് സ്ഥലത്തെത്തി റാഫിയെയും കൂട്ടരെയും ആശുപത്രിയിൽ എത്തിച്ചശേഷം വിവരം തിരക്കി. റാഫിയുടെ നേതൃത്വത്തിലുള്ള പട്ടാമ്പി സംഘം ഡോളർ വാങ്ങാൻ എത്തിയതെന്ന് മൊഴി ലഭിച്ചു. കുഴൽപ്പന ഇടപാടുകാരൻ രഞ്ജിത്താണ് തട്ടിപ്പിന് പിന്നിലെന്ന ബോധ്യമായി. ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ അന്വേഷണത്തിനായി റൂറൽ എസ്പി ചുമതലപ്പെടുത്തി. പ്രദേശത്തെ സിസിടിവികൾ അരിച്ചുപെറുക്കി. കാലത്ത് 9 മണിയോടെയാണ് വലപ്പാട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പൂക്കോട്ട് ശിവക്ഷേത്രത്തിന്റെ പരിസരത്തുനിന്ന് ഇന്നോവ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. രാവിലെ 8.15 ഓടെ ചെറുപ്പക്കാരനായ ഒരാൾ കാർ അവിടെ ഉപേക്ഷിച്ച് ബൈക്കിൽ കയറിപ്പോയി എന്നാണ് ദൃക്സാക്ഷിയുടെ മൊഴി.

രഞ്ജിത്ത് ഉൾപ്പെടെ എട്ട് പേരാണ് കവർച്ചാ സംഘത്തിൽ ഉണ്ടായിരുന്നത്. രണ്ട് പേർ ബൈക്കിലും മറ്റുള്ളവർ കാറിലുമാണ് എത്തിയത് എന്നാണ് പൊലീസ് പറയുന്നു. പ്രതികൾ വൈകാതെ വലയിലാകും എന്നാണ് പൊലീസിന്റെ പ്രതീക്ഷ. നിയമാനുഷിതമല്ലാത്ത പണമിടപാടിനെത്തിയ ജനപ്രതിനിക്കെതിരെ കേസെടുക്കുന്നത് അടക്കമുള്ള കാര്യങ്ങൾ അന്തിക്കാട് പൊലീസ് പരിശോധിച്ച് വരികയാണ്.

YouTube video player