വെള്ളാപ്പള്ളി നടേശൻ രാജിവെക്കണമെന്ന ആവശ്യവുമായി എസ്എൻഡിപി സംരക്ഷണസമിതി. വെള്ളാപ്പള്ളി നടേശനെതിരായ കുറ്റപത്രത്തിന് വിജിലൻസ് ഡയറക്ടർ അനുമതി നൽകിയതിനിടെയാണ് എസ്എൻഡിപി സംരക്ഷണസമിതി രംഗത്തെത്തിയത്. 

ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശൻ രാജിവെക്കണമെന്ന് എസ്എൻഡിപി സംരക്ഷണസമിതി. കെ കെ മഹേശൻ്റെ മരണത്തിലും വെള്ളാപ്പള്ളി പ്രതിയാണെന്ന് എസ്എൻഡിപി സംരക്ഷണസമിതി ചെയർമാർ എസ് ചന്ദ്രസേനൻ പറഞ്ഞു. കഴിഞ്ഞ സർക്കാരിൻ്റെ കാലത്തെ സ്വാധീനം കൊണ്ടാണ് പല കേസുകളിൽ നിന്നും വെള്ളാപ്പള്ളി രക്ഷപ്പെട്ടതെന്നും എസ് ചന്ദ്രസേനൻ പറഞ്ഞു. വെള്ളാപ്പള്ളി നടേശനെതിരായ കുറ്റപത്രത്തിന് വിജിലൻസ് ഡയറക്ടർ അനുമതി നൽകിയതിനിടെയാണ് എസ്എൻഡിപി സംരക്ഷണസമിതിയുടെ പ്രതികരണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എസ്എൻഡിപി യോഗത്തെ കൊള്ളയടിച്ചുവെന്നും അഴിമതി നടത്തിയെന്നുമുള്ള കൃത്യമായ തെളിവുകളോടെയുള്ള കുറ്റപത്രം തയ്യാറായ സ്ഥിതിക്ക് വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കണം. എസ്എൻഡിപി യോഗത്തിൻ്റെ ഇതുവരെ ഉള്ള ചരിത്രത്തിൽ കുറ്റപത്രത്തിൽ ഉൾപ്പെട്ട ഒരു ഭാരവാഹി പോലും ഉണ്ടായിട്ടില്ല. 23-ാം തീയതി ഇന്ത്യൻ പ്രസിഡൻ്റിൽനിന്ന് പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങുന്ന ആളിൻ്റെ യോഗ്യത എന്താണ്? നിരവധി തട്ടിപ്പ് കേസുകളിലെ പ്രതി. പത്മഭൂഷൺ പണം കൊടുത്താണോ വാങ്ങിയതെന്ന് പറയേണ്ടിവരുമെന്നും എസ് ചന്ദ്രസേനൻ പറഞ്ഞു.

വൻ കോളിളക്കം സൃഷ്ടിച്ച എസ്എൻഡിപി യോഗം മൈക്രോഫിനാൻസ് തട്ടിപ്പ് കേസിലാണ് വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കിയുള്ള ആദ്യ കുറ്റപത്രത്തിന് വിജിലൻസ് ഡയറക്ടർ അംഗീകാരം നൽകിയത്. മൈക്രോഫിനാൻസ് തട്ടിപ്പിൽ സംസ്ഥാനത്താകെ രജിസ്റ്റർ ചെയ്ത 124 കേസുകളിലാണ് ആദ്യ കുറ്റപത്രം വിജിലൻസ് കോടതിയിൽ സമർപ്പിക്കാനൊരുങ്ങുന്നത്.

2014ൽ വയനാട് പുൽപ്പള്ളിയിലെ ശാഖാ യൂണിയനിൽ നടന്ന 10 ലക്ഷം രൂപയുടെ ക്രമക്കേടിലാണ് വിജിലൻസ് അന്വേഷണം പൂർത്തിയാക്കിയത്. കേസിൽ വെള്ളാപ്പള്ളിക്ക് പുറമേ, യോഗം പ്രസിഡൻ്റ് എം എൻ സോമൻ, പുൽപ്പള്ളി ശാഖാ യൂണിയൻ പ്രസിഡൻ്റ്, സെക്രട്ടറി എന്നിവരടക്കം ആറുപേരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ നബാർഡ് പിന്നാക്ക കോർപറേഷൻ വഴി നൽകിയ ഗ്രാൻഡ് അമിത പലിശ ഈടാക്കി സർക്കാരിനെ വഞ്ചിക്കുകയും അഴിമതി നടത്തുകയും ചെയ്തുവെന്നാണ് കണ്ടെത്തൽ. സർക്കാരിൻ്റെ പ്രോസിക്യൂഷൻ അനുമതി ലഭിച്ചാൽ കുറ്റപത്രം കോടതിയിൽ സമർപ്പിക്കും.