തൃശ്ശൂർ: കൊവി‍ഡ‍് രോഗികളുടെ എണ്ണം കൂടിയ തൃശ്ശൂരിൽ നിയന്ത്രണങ്ങൾ കർശനമാക്കി. സിവിൽ സ്റ്റേഷനിലേക്ക് ആളുകൾ വരുന്നത് നാളെ മുതൽ നിയന്ത്രിക്കും. അതേസമയം ഇന്നലെ രോഗം സ്ഥിരീകരിച്ച നാല് പേർക്കും സമ്പർക്കത്തിലൂടെയല്ല രോഗപ്പകർച്ച എന്നത് ആശ്വാസമായിട്ടുണ്ട്.

അത്യാവശ്യകാര്യങ്ങൾക്ക് മാത്രം കളക്ട്രേറ്റിൽ എത്തിയാൽ മതി എന്നാണ് നി‍ദേശം. വരുന്നവരെ തെർമ്മൽ സ്കാനർ വഴി പരിശോധിക്കും. ജീവനക്കാർക്ക് ഐഡന്റിറ്റി കാർഡ് കണിച്ച ശേഷം ഓഫീസിൽ പ്രവേശിക്കാം. ഓഫീസുകളിൽ പകുതി ജീവനക്കാർ മതി എന്നാണ് നിർദേശം. മറ്റുള്ളവർ സമ്പർക്കമില്ലാതെ കഴിയണം. ഒരാഴ്ച ഇടവിട്ട് ജീവനക്കാർ മാറണം. ആരോഗ്യ കേന്ദ്രങ്ങളിലും ജീവനക്കാരെ നിയന്ത്രിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ ഉത്തരവിറക്കി. ജില്ലയിൽ തൃശ്ശൂർ നഗരസഭയുൾപ്പെടെ 10 പ്രദേശങ്ങളിൽ നിയന്ത്രണമുണ്ട്. നിയന്ത്രണ മേഖലകളിൽ ആളുകൾ പുറത്തിറങ്ങുന്നത് പൊലീസിന് തലവേദനയായിട്ടുണ്ട്.

വിദേശത്ത് നിന്നെത്തിയ മൂന്ന് പേരുൾപ്പെടെ നാല് പേർ‍ക്കാണ് കഴിഞ്ഞ ദിവസം രോഗം പിടിപെട്ടത്. പുതിയ കേസുകളിൽ സമ്പർക്കത്തിലൂടെ രോഗ ബാധയില്ല എന്നത് ആശ്വാസമായി. ജില്ലയിൽ ടെസ്റ്റുകൾ വർധിപ്പിച്ചിട്ടുണ്ട്. അതു കൊണ്ട് തന്നെ വരും ദിവസങ്ങളിൽ പോസിറ്റീവ് കേസുകൾ കൂടിയേക്കുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.