തൃശൂര്‍: തൃശൂരില്‍ കോമരം സ്വഭാവദൂഷ്യം ആരോപിച്ചതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വനിതാ കമ്മീഷൻ തൃശ്ശൂർ എസ്പിയിൽ നിന്ന് റിപ്പോർട്ട് തേടി. കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ മരിച്ച യുവതിയുടെ കുടുംബാംഗങ്ങളിൽ നിന്ന് മൊഴിയെടുത്തു. വിശ്വാസത്തെ ചൂഷണം ചെയ്തുള്ള കൊലപാതകമാണ് നടന്നതെന്ന് ജോസഫൈൻ പറഞ്ഞു. 

മണലൂർ സ്വദേശിനി ശ്യാംഭവി ആത്മഹത്യ ചെയ്ത സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ഇതിനെത്തുടർന്നാണ് കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ മരിച്ച ശ്യാംഭവിയുടെ വീട്ടിൽ നേരിട്ടെത്തിയത്. ശ്യാംഭവിയുടെ ബന്ധുവായ ജനമിത്രൻ എന്ന യുവാവിനും ദുഷ്പ്രചാരണത്തിൽ പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇക്കാര്യ വിശദമായി പൊലീസ് പരിശോധിക്കണമെന്നും കമ്മീഷൻ പറഞ്ഞു. ജനമിത്രൻ ഇപ്പോൾ ഒളിവിലാണ്. 

സംഭവത്തില്‍ കോമരമായ പ്രദേശവാസി ശ്രീകാന്ത് അറസ്റ്റിലാണ്. തൃശൂർ മണലൂരിൽ ക്ഷേത്രത്തിൽ കോമരം തുള്ളുന്നതിനിടെയാണ് യുവതിക്കെതിരെ ഇയാള്‍ ആരോപണം ഉന്നയിച്ചത്. യുവതിക്ക് സ്വഭാവദൂഷ്യമുണ്ടെന്നും ക്ഷേത്രത്തിലെ ദേവിക്ക് മുന്നില്‍ മാപ്പുപറയണമെന്നുമായിരുന്നു ക്ഷേത്രച്ചടങ്ങിനിടെ ഇയാള്‍ പറഞ്ഞത്. ഇരുന്നൂറിലധികം പേര്‍ പങ്കെടുത്ത ചടങ്ങില്‍ വെച്ചായിരുന്നു കോമരമായ ശ്രീകാന്തിന്‍റെ ആരോപണം. ഇതുണ്ടാക്കിയ മനോവിഷമത്തില്‍ യുവതി ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു.