54 ബസ്സുകളില്‍ നിന്ന്  13.75 ലക്ഷം രൂപ കളക്ഷന്‍, ഒരു ബസ്സില്‍ നിന്ന്  ശരാശരി 25000 രൂപ വരുമാനം 

തിരുവനന്തപുരം;ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയിലെ, സിഐടിയു ഒഴികെയുള്ള ജീവനക്കാരുടെ സംഘടനകള്‍, ഇന്നലെയാണ്(6.5.2022)പണിമുടക്കിയത്. ഭൂരിഭാഗം ബസ്സുകളും നിരത്തിലിറങ്ങിയില്ല. എന്നാല്‍ താത്കാലിക ജീവനക്കാര്‍ മാത്രമുള്ള കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്‍റെ സര്‍വ്വീസുകള്‍ മുടങ്ങിയില്ല. 54 സ്വിഫ്റ്റ് ബസുകൾ നിരത്തിലിറങ്ങിയപ്പോള്‍ 13.75 ലക്ഷം രൂപ വരുമാനം കിട്ടി.ഒരു ബസിൽ നിന്നും ശരാശരി 25,000 രൂപ വരുമാനം ലഭിച്ചുവെന്ന് KSRTC അറിയിച്ചു. സാധാരണ ദിവസങ്ങളില്‍ ശരാശരി 10000 രൂപ മുതല്‍ 15000 രൂപ വരെയാണ് സ്വിഫ്റ്റ് ബസ്സുകളുടെ കളക്ഷന്‍

പണിമുടക്കില്‍ കെഎസ്ആര്‍ടിസിക്ക് 4 കോടിയുടെ നഷ്ടം

സാധാരണ ദിവസങ്ങളില്‍ കെഎസ്ആര്‍ടിസി 3600 ഓളം സര്‍വ്വീസുകളാണ് നടത്താറുള്ളത്. എന്നാല്‍ പണിമുടക്ക് ദിവസം 829 ബസ്സുകള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. 2.10 കോടി മാത്രമാണ് വരുമാനം. കോവിഡിന് ശേഷം ആറുകോടിയോളം പ്രതിദിന വരുമാനം ലഭിക്കുന്ന സാഹചര്യത്തിലാണിത്. 4 കോടിയോളം രൂപയുടെ നശ്ടം ഉണ്ടായെന്നാണ് കെഎസ്ആര്‍ടിസിയുടെ വിലയിരുത്തല്‍

വിവാദങ്ങള്‍ക്കിടയിലും ksrtc സ്വിഫ്റ്റ് മുന്നോട്ട്

ഉദ്ഘാടന സര്‍വ്വീസ് മുതല്‍ ഇതുവരെ ഒരു ഡസനിലേറെ അപകടങ്ങള്‍. പുത്തന്‍ ബസ്സുകള്‍ക്ക് പലതിനും ഇതിൽ കേടുപാടുകൾ പറ്റി. പരിചയക്കുറവുള്ള താത്കാലിക ജീവനക്കാരെ നിയമിച്ചുവെന്നുള്ള ആക്ഷേപം. ഇതിനെല്ലാമിടയിലും കെഎസ്ആര്‍ടിസി സ്വിഫ്റ്റ് യാത്രക്കാരെ ആകര്‍ഷിച്ച് മുന്നേറുകയാണ്. സര്‍ക്കാര്‍ അനുവദിച്ച 100 കോടി രൂപ ഉപയോഗിച്ച് വാങ്ങിയ 116 ബസ്സുകളില്‍ 100 എണ്ണത്തിന്‍റെ രജിസ്ട്രേഷന്‍ ഇതിനകം പൂര്‍ത്തിയായി. റൂട്ടും പെര്‍മിറ്റും ലഭിച്ച് 54 ബസ്സുകളാണ് ഇതുവരെ സര്‍വീസിനിറങ്ങിയത്. പ്രതിദിനം ശരാശരി 6 ലക്ഷം രൂപയിലധികം വരുമാനമാണ് കമ്പനിക്കുള്ളത് പെര്‍മിറ്റ് ലഭിക്കുന്നതിനുസരിച്ച് 100 ബസ്സുകളും ഉടന്‍ സര്‍വ്വീസിനിറക്കും. ഇതോടെ വരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. കിഫ്ബി സഹായത്തോടെ 310 സിഎന്‍ജി ബസ്സുകളും 50 ഇലക്ട്രിക് ബസ്സുകളും ഉടന്‍ കെ സ്വിഫ്റ്റിന്‍റെ ഭാഗമാകും. അതേ സമയം കെ സ്വിഫ്റ്റ്, കെഎസ്ആര്‍ടിസിയുടെ വരുമാനം കവരുകയാണെന്നാരോപിച്ച് പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വ്വീസുകളാണ് കെ സ്വിഫ്റ്റിലേക്ക് മാറ്റുന്നത്. 

ശമ്പളവിതരണം നീളുന്നു

ksrtcയില്‍ മാർച്ച് മാസത്തെ ശമ്പളം കിട്ടിയത് ഏപ്രിൽ 19 ന്. ഏപ്രിൽ മാസത്തെ ശമ്പളം എന്ന് കിട്ടുമെന്ന് ആർക്കും ഉറപ്പില്ല. കാൽ ലക്ഷത്തിലേറെ വരുന്ന കെ എസ് ആർട്ടിസി ജീവനക്കാരന്റെ ജീവിതം കഴിഞ്ഞ കുറച്ചു മാസങ്ങളായി പഞ്ചറായ ടയറുപോലാണ്. ലോണുകളുടെ തിരിച്ചടവിന് മുടക്കം പതിവായി. ആഘോഷങ്ങൾ കട്ടപ്പുറത്തായി. വിഷുവും ഈസ്റ്ററും കഴിഞ്ഞാണ് പോയ മാസം ശമ്പളം കിട്ടിയത്. ഈ മാസം ചെറിയ പെരുന്നാളും ശമ്പളം കിട്ടാതെ കടന്നുപോയി.

തെറ്റുന്ന കണക്കുകൂട്ടലുകൾ

ഒരു മാസത്തെ ശമ്പള വിതരണത്തിന് കെ എസ് ആർടിസിക്ക് വേണ്ടത് ഏകദേശം 82 കോടിയോളം രൂപയാണ്.
ഏപ്രിൽ മാസം കെ എസ് ആർ ടി സിയുടെ വരുമാനം ഏതാണ്ട് 167 കോടിയാണ്. എന്നിട്ടും ശമ്പളം നൽകാനാകുന്നില്ല. ഇന്ധന വില വർദ്ധന കണക്ക് കൂട്ടലുകൾ തെറ്റിക്കുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം. ഗതാഗത മന്ത്രിയും അത് ആവർത്തിക്കുന്നു. പ്രതിദിന വരുമാനത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ഇന്ധന ചെലവിനായി നീക്കി വക്കുന്നു. ദീർഘകാല വായ്പപയുടെ തിരിച്ചടവിനായി ഒരു കോടിയോളം പ്രതിദിനം മാറ്റി വക്കണം. ഇതെല്ലാം കിഴിച്ചാൽ മാസാവസാനം ശമ്പളം കൊടുക്കാൻ പണമില്ലെന്നാണ് കെ എസ് ആർ ടി സി വ്യക്തമാക്കുന്നത്.

കൈ മലർത്തി സർക്കാർ

പൊതു മേഖല സ്ഥാപനങ്ങളുടെ ശമ്പള ബാധ്യത അവർ തന്നെ വഹിക്കണമെന്നാണ് സർക്കാർ നിലപാട്. കെ എസ് ആർ ടി സി സേവന മേഖലയായതിനാൽ സർക്കാർ സഹായം നൽകും.
ബജറ്റിൽ ആയിരം കോടി വകയിരുത്തിയിട്ടുണ്ട്. ഇതിൽ 750 കോടിയോളം സഹകരണ ബാങ്കുകൾ വഴി വിതരണം ചെയ്യുന്ന പെൻഷനു വേണ്ടിയാണ്. അത് കിഴിച്ചാൽ ഇനി പ്രതിമാസം പരമാവധി 30 കോടിയിലധികം സഹായം നൽകാൻ ആകില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്‌.