പാലക്കാട്: പട്രോളിംഗ് നടത്തുന്നതിനിടെ പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് അട്ടപ്പാടി വനത്തിൽ കുടുങ്ങിയ കേരള തണ്ടർബോൾട്ട് സംഘം തിരിച്ചെത്തി. വനത്തിനുള്ളിലെ മറ്റൊരു വഴിയിലൂടെ ഇവർ അഗളിയിൽ എത്തിച്ചേരുകയായിരുന്നു. 

ഇന്നലെയാണ് അട്ടപ്പാടി വനമേഖലയിലേക്ക് പട്രോളിംഗിനായി പോയ ആറംഗ തണ്ടർബോൾട്ട് സംഘം വനത്തിൽ കുടുങ്ങിയത്. മുരുഗള ഊരിന് സമീപത്തെ വനമേഖലയിൽ പരിശോധന നടത്തിയ സംഘത്തിന് ഭവാനി പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പുഴ മുറിച്ചു കടക്കാനാവാതെ വരികയായിരുന്നു.  

രാവിലെ മുരുഗള ഭാഗത്തേക്ക് പോയപ്പോൾ പുഴയിൽ ജലനിരപ്പ് ഉയർന്നിരുന്നില്ല. എന്നാൽ പിന്നീട് കനത്ത മഴയെ തുടർന്ന് പുഴയിൽ നീരൊഴുക്ക് ശക്തമാവുകയും ജലനിരപ്പ് ഉയരുകയും ചെയ്തു. ഇതോടെ പുഴ മുറിച്ചു കടക്കാനാവാതെ തണ്ടർബോൾട്ട് സംഘം വനത്തിൽ തങ്ങി. തണ്ടർ ബോൾട്ട് സംഘം വനത്തിൽ കുടുങ്ങിയെന്ന വാർത്ത ആശങ്ക സൃഷ്ടിച്ചെങ്കിലും എല്ലാവരും വനത്തിൽ സുരക്ഷിതരാണെന്നും ഇവരുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും പാലക്കാട് എസ്പി ഇന്നലെ അറിയിച്ചിരുന്നു.