കർണാടക തീരം മുതൽ  തെക്കൻ ഗുജറാത്ത്‌ തീരം വരെ നിലനിൽക്കുന്ന ന്യുനമർദ പാത്തിയുടെയും അറബികടലിൽ പടിഞ്ഞാറൻ  കാറ്റ് ശക്തമാകുന്നതിൻറെയും സ്വാധീന ഫലമായി നാളെ മുതൽ അഞ്ച് ദിവസം ഇടിയോടു കൂടിയ മഴ ഉണ്ടായേക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ(rain). പതിനൊന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. ആലപ്പുഴ ,കോട്ടയം,ഇടുക്കി,എറണാകുളം,തൃശൂർ,പാലക്കാട്,കോഴിക്കോട് ,കണ്ണൂർ,കാസർകോട്,വയനാട് ,മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്(yelow alert) ഉള്ളത്. മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത ഉണ്ട്. 

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. കർണാടക തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ നിലനിൽക്കുന്ന ന്യുനമർദ പാത്തിയുടെയും അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിൻറെയും സ്വാധീന ഫലമായി ആണിത് . ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത 5 ദിവസം ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അസം പ്രളയം; ആൾ നാശം ഉൾപ്പെടെ വൻ നാശനഷ്ടം


അസമിലെ പ്രളയത്തിൽ നാല് കുട്ടികളടക്കം 12 പേർ കൂടി മരിച്ചു. ഇതോടെ പ്രളയത്തിലും ഉരുൾ പൊട്ടലിലും മരിച്ചവരുടെ എണ്ണം 100 ആയി ഉയർന്നു. 32 ജില്ലകളിലെ 4,941 വില്ലേജുകളിലായി 54.7 ലക്ഷത്തിലധികം ആളുകളെയാണ് പ്രളയം ബാധിച്ചത്. 

2.71 ലക്ഷത്തിലധികം ആളുകളാണ് 845 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത്. 1025 ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളും ജില്ലാ ഭരണകൂടങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ബജാലി, ബക്‌സ, ബാർപേട്ട, ബിശ്വനാഥ്, ബോംഗൈഗാവ്, കച്ചാർ, ചിരാംഗ്, ദരാംഗ്, ധേമാജി, ധുബ്രി, ദിബ്രുഗഡ്, ദിമ-ഹസാവോ, ഗോൾപാറ, ഗോലാഘട്ട്, ഹൈലകണ്ടി, ഹോജായ്, കാംരൂപ്, കാംരൂപ് മെട്രൊപൊളിറ്റൻ, കർബി ആംഗ്‌ലോങ് വെസ്റ്റ്, കരീംഗൻജ്‌ലിഖ്‌പൂർ , മോറിഗാവ്, നാഗോൺ, നാൽബാരി, ശിവസാഗർ, സോനിത്പൂർ, സൗത്ത് സൽമാര, താമുൽപൂർ, ടിൻസുകിയ, ഉദൽഗുരി ജില്ലകൾ പ്രളയത്തിൽ മുങ്ങി.

പ്രളയത്തിൽ 99,026 ഹെക്ടറിൽ കൂടുതൽ കൃഷിയാണ് നശിച്ചത്. കോപ്പിലി, ദിസാങ്, ബ്രഹ്മപുത്ര നദികളിലെ ജലനിരപ്പ് പലയിടത്തും അപകടകരമാംവിധമാണ് ഒഴുകിയിരുന്നത്. സൈന്യം, ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്), അസം പൊലീസിന്റെ ഫയർ ആൻഡ് എമർജൻസി സർവീസ് എന്നിവ ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു.