സംസ്ഥാനത്ത് മലയോര മേഖലയിൽ ജനജീവിതം കൂടുതൽ ദുസ്സഹമാക്കുകയാണ് വന്യമൃഗങ്ങളുടെ ജനവാസ മേഖലയിലേക്കുള്ള വരവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ജനജീവിതം ദുസ്സഹമാക്കി വീണ്ടും വന്യമൃഗശല്യം. പാലക്കാട് ജില്ലയിലെ ധോണിയിൽ കാട്ടാനയിറങ്ങിയത് ഭീതി പരത്തിയപ്പോൾ, പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയിൽ കടുവയെയാണ് കണ്ടത്. ധോണി മായാപുരത്താണ് കാട്ടാനയിറങ്ങിയത്. മായാപുരം ക്വാറിക്ക് സമീപത്താണ് ഒറ്റയാനെ ജനം കണ്ടത്. ഉടൻ തന്നെ നാട്ടുകാർ വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. 

പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കരയിൽ വീണ്ടും കടുവയെ കണ്ടതായി നാട്ടുകാരാണ് പരാതിപ്പെട്ടത്. വടശേരിക്കര ചമ്പോണിൽ റബ്ബർതോട്ടത്തിൽ നിന്ന് ഇറങ്ങി വന്ന കടുവയെ ബൈക്ക് യാത്രക്കാരാണ് കണ്ടത്. രണ്ട് ദിവസമായി ഈ സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ പെട്രോളിംഗ് തുടരുകയാണ്. അതിനിടയിലാണ് വീണ്ടും കടുവയെ കണ്ടത്.