വയനാട്: വയനാട് ജില്ലയിലെ ചീയമ്പം പ്രദേശത്ത് ഭീതിവിടർത്തി നിറഞ്ഞാടിയ കടുവ ഇനി നെയ്യാറിൽ സുഖചികിത്സയില്‍. വനം വകുപ്പ് കൂട്ടിലാക്കിയ കടുവയെ  നെയ്യാർഡാമിൽ എത്തിച്ചു. നെയ്യാർ സിംഹസഫാരി പാർക്കിലെ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന കൂട്ടിലാണ് സുഖചികിത്സ.  വയനാട് വന്യജീവി സങ്കേതം വനപാലകരുടെ നേത്യത്വത്തിലാണ് ഒന്‍പത് വയസ്സുള്ള പെൺ കടുവയെ നെയ്യാറിൽ എത്തിച്ചത്.  രണ്ടു മാസത്തോളം ചീയമ്പം പ്രദേശത്ത് വളർത്ത് മൃഗങ്ങളെ കൊന്നൊടുക്കിയ കടുവ ഇക്കഴിഞ്ഞ 25 നാണ് വനപാലകരുടെ കൂട്ടിലായത്. സുഖചികിത്സ കഴിഞ്ഞ് കടുവയെ വയനാട് ആരംഭിക്കുന്ന പുതിയ കടുവാ സാങ്കേതത്തിലേക്ക് മാറ്റും.