വയനാട്: ചീയമ്പത്ത് വനംവകുപ്പിന്‍റെ കൂട്ടിലായ കടുവയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. മൃഗശാലയിലേക്ക്  മാറ്റണോ കാട്ടിൽ തിരികെ വിടണോ എന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. കടുവയ്ക്ക് ശ്വാസകോശ  സംബന്ധമായ പ്രശ്നങ്ങളുണ്ട്. പല്ലു പോയതിനാൽ ഇര തേടാൻ ബുദ്ധിമുട്ടുണ്ടെന്നും വനംവകുപ്പ് സീനിയർ വെറ്റിനററി സർജൻ അറിയിച്ചു.

ഇരുളം ചീയമ്പം ആനപന്തി കോളനി ഭാഗത്ത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് കടുവ കുടുങ്ങിയത്. മൂന്ന് മാസമായി സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന് കീഴിലെ ചെതലയം റെയ്ഞ്ചിൽ വരുന്ന ചീയമ്പം 73 ആദിവാസി കോളനിയിലും, ആനപ്പന്തി, ചെട്ടി പാമ്പ്ര, തുടങ്ങിയ സ്ഥലങ്ങളിലും  കടുവാ സാന്നിധ്യം ഉണ്ടായിരുന്നു. ഇതിനകം 12 വളർത്ത് മൃഗങ്ങളെ കടുവ കൊന്ന് തിന്നു. കടുവയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേൽക്കുകയും ചെയ്തിരുന്നു.