വയനാട്: വയനാട് പുൽപ്പള്ളിക്കടുത്ത ചീയമ്പത്ത് നാട്ടിലിറങ്ങി ഭീതി പരത്തിയ കടുവയെ പിടികൂടി. വനം വകുപ്പ് സ്ഥാപിച്ച രണ്ട് കൂടുകളൊന്നിൽ രാവിലെയാണ്  കടുവ കുടുങ്ങിയത്. 19 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ കടുവയെ പിടികൂടാൻ കഴിഞ്ഞതിന്‍റെ ആശ്വാസത്തിലാണ് നാട്ടുകാർ

ഇരുളം ചീയമ്പം ആനപന്തി കോളനി ഭാഗത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത് ഒൻപത് വയസ് മതിക്കുന്ന ആൺ കടുവയാണ് പിടിയിലായത്. മൂന്ന് മാസമായി സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന് കീഴിലെ ചെതലയം റെയ്ഞ്ചിൽ വരുന്ന ചീയമ്പം 73 ആദിവാസി കോളനിയിലും, ആനപ്പന്തി, ചെട്ടി പാമ്പ്ര, തുടങ്ങിയ സ്ഥലങ്ങളിലും കടുവാ സാന്നിധ്യം ഉണ്ടായിരുന്നു. ഇതിനകം 12 വളർത്ത് മൃഗങ്ങളെ കടുവ കൊന്ന് തിന്നു. കടുവയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. 

പ്രത്യക്ഷത്തിൽ കടുവക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. ഡി.എഫ്.ഒയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഒന്നിലേറെ തവണ വാഹനയാത്രികരുടെ മുന്നിലും കടുവ എത്തിയിരുന്നു. കൃഷിയിടങ്ങളിലും കടുവ എത്താൻ തുടങ്ങിയതോടെ  നാട്ടുകാർക്ക് ജാഗ്രതാ നിർദേശം നൽകുകയും ചെയ്തു. പരിശോധനകൾക്ക് ശേഷം കടുവയെ ഉൾവനത്തിൽ തുറന്ന് വിടും. കടുവയെ പിടികൂടിയതോടെ ഭീതി ഒഴിഞ്ഞതിന്‍റെ ആശ്വാസത്തിലാണ് നാട്ടുകാർ.