വേടന്റെ ഇൻസ്റ്റഗ്രാം ചാറ്റുകളിലും പരിശോധന നടത്തും. അതേസമയം, വേടന് പുലിപ്പല്ല് നൽകിയ രഞ്ജിത്ത് കുമ്പിടിയുമായി ബന്ധപ്പെടാൻ വനവകുപ്പിന് കഴിഞ്ഞിട്ടില്ല.

കൊച്ചി: റാപ്പർ വേടന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല് വനം വകുപ്പ് ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കാൻ തീരുമാനം. വേടന്റെ ഇൻസ്റ്റഗ്രാം ചാറ്റുകളിലും പരിശോധന നടത്തും. അതേസമയം, വേടന് പുലിപ്പല്ല് നൽകിയ രഞ്ജിത്ത് കുമ്പിടിയുമായി ബന്ധപ്പെടാൻ വനവകുപ്പിന് കഴിഞ്ഞിട്ടില്ല. യഥാർത്ഥ പുലിപ്പല്ല് എന്നറിയില്ലായിരുന്നു എന്ന വേടൻ്റെ മൊഴി വനംവകുപ്പ് വിശ്വാസത്തിലെടുത്തിട്ടില്ല. കേസിൽ വേടന്റെ അടുത്ത സുഹൃത്തുക്കളെ ചോദ്യം ചെയ്യാനും തീരുമാനിച്ചതായി പൊലീസ് അറിയിച്ചു. 

അതേ സമയം, പുലിപ്പല്ലുമാലയുടെ ഉറവിടം അന്വേഷിക്കാന്‍ വേടനെ കസ്റ്റഡിയില്‍ വാങ്ങിയിരിക്കുകയാണ് വനം വകുപ്പ്. ശ്രീലങ്കന്‍ വംശജനായ വിദേശ പൗരനില്‍ നിന്ന് സമ്മാനമായി കിട്ടിയ പല്ല് പുലിപ്പല്ലായിരുന്നെന്ന് അറിയില്ലെന്നാണ് റാപ്പര്‍ വേടന്‍ വനം വകുപ്പിനോടും കോടതിയോടും പറഞ്ഞത്.

മൃഗവേട്ടയടക്കം ജാമ്യമില്ലാ കുറ്റങ്ങളാണ് വേടനെതിരെ വനം വകുപ്പ് ചുമത്തിയിരിക്കുന്നത്. വന്യജീവി സംരക്ഷണ നിയമത്തില്‍ മൃഗവേട്ടയ്ക്കെതിരെ ഉളളതടക്കം 7 വകുപ്പുകളാണ് വേടനെന്ന ഹിരണ്‍ദാസ് മുരളിക്കെതിരെ വനം വകുപ്പ് ചുമത്തിയത്. മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവ.

ശ്രീലങ്കന്‍ വംശജനായ രഞ്ജിത് കുമ്പിടി എന്ന വിദേശ പൗരന്‍ തനിക്ക് സമ്മാനം തന്നതാണ് പുലിപ്പല്ലെന്നാണ് വേടന്‍റെ മൊഴി. ഇത് യഥാര്‍ഥ പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നെന്നും തൃശൂരിലെ ഒരു ജ്വല്ലറിയില്‍ വച്ചാണ് ഇത് രൂപ മാറ്റം വരുത്തി മാലയ്ക്കൊപ്പം ചേര്‍ത്തതെന്നും വേടന്‍ വനം വകുപ്പിനോട് പറഞ്ഞു. രഞ്ജിത് കുമ്പിടിയുമായി ഇന്‍സ്റ്റഗ്രാം വഴി വേടന്‍ സൗഹൃദം പുലര്‍ത്തിയിരുന്നെന്ന കാര്യവും വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. വേടന്‍റെ അമ്മയും ശ്രീലങ്കന്‍ വംശജയായതിനാല്‍ ആ നിലയ്ക്കുളള സൗഹൃദവും ഇരുവര്‍ക്കുമിടയില്‍ ഉണ്ടെന്നാണ് വനം വകുപ്പ് കണ്ടെത്തല്‍

Pahalgam Attack |Asianet News Live |Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ്