കേസ് വ്യാജമാണെന്നും, ഒരു വീട്ടിലിരുന്ന് സംസാരിച്ചാൽ അത് വധഗൂഢാലോചനയാകില്ലെന്നും തന്നെ വേട്ടയാടാനായി കെട്ടിച്ചമച്ച കേസാണെന്നും പറഞ്ഞാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. 

കൊച്ചി: വധഗൂഢാലോചനക്കേസ് റദ്ദാക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ നടിയെ ആക്രമിച്ച കേസിൽ നിന്ന് പുറത്തേക്കുള്ള വഴി ദിലീപിന് ഒട്ടും എളുപ്പമായിരിക്കില്ലെന്ന് വ്യക്തമാവുകയാണ്. സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ ഒരു മൊഴിയുടെയും ചില ശബ്ദരേഖകളുടെയും മാത്രം അടിസ്ഥാനത്തിൽ കേസ് നിലനിൽക്കില്ലെന്നും തുടരന്വേഷണം പാടില്ലെന്നുമായിരുന്നു ദിലീപിന്‍റെ ആവശ്യം. അതല്ല തുടരന്വേഷണം അനുവദിക്കുകയാണെങ്കിൽ കേസ് സിബിഐയ്ക്ക് വിടണമെന്നും ദിലീപ് ആവശ്യപ്പെട്ടു. എന്നാലീ വാദങ്ങളെല്ലാം ഹൈക്കോടതി തള്ളുകയായിരുന്നു. 

ഒരു വെളിപ്പെടുത്തലിൽ തുടങ്ങിയ തുടരന്വേഷണം ഇപ്പോൾ നിർണായകമായ ഒരു വഴിത്തിരിവിലെത്തി നിൽക്കുകയാണ്. കേസിൽ ഇതുവരെ നടന്നതെന്ത്? അറിയാം ഒറ്റനോട്ടത്തിൽ. 

എന്താണീ കേസിന്‍റെ നാൾവഴി? ഒറ്റനോട്ടത്തിൽ

2021 ഡിസംബര്‍ 25 - ബാലചന്ദ്രകുമാറിന്‍റെ പുതിയ വെളിപ്പെടുത്തൽ. ആലുവയിലെ ദിലീപിന്‍റെ വീടായ 'പദ്മസരോവര'ത്തില്‍ 2017 നവംബർ 15-ന് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതിനുള്ള ഗൂഢാലോചന നടന്നു എന്നായിരുന്നു സംവിധായകനായ ബാലചന്ദ്രകുമാർ ഒരു വാർത്താമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. 

2021 ഡിസംബര്‍ 27 - നടിയെ ആക്രമിച്ച കേസില്‍ ചില സുപ്രധാന സാക്ഷികളെ വിസ്തരിക്കാൻ വിചാരണക്കോടതിക്ക് നിര്‍ദ്ദേശം ന‍ല്‍കണമെന്ന ആവശ്യവുമായി അന്വേഷണ സംഘം ഹൈക്കോടതിയില്‍. 

2021 ജനുവരി 2 - ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന് പിന്നില്‍ പ്രോസിക്യൂഷനെന്നും ബൈജു പൗലോസിനെ അന്വേഷണം എല്‍പ്പിക്കരുതെന്നുമാവശ്യപ്പെട്ട് നടന്‍ ദിലീപ് ഡിജിപിക്ക് പരാതി നല്‍കുന്നു.

2021 ജനുവരി 3 - നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് ജനുവരി 20-ന് സമർപ്പിക്കണമെന്ന് വിചാരണക്കോടതി.

2022 ജനുവരി 9 - ഗൂഡാലോചന അന്വേഷിക്കാന്‍ പുതിയ അന്വേഷണ സംഘം. കൊച്ചി എസ്പി മോഹനചന്ദ്രന്‍ തലവന്‍.

2022 ജനുവരി 9 - ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സുരാജ്, ഡ്രൈവർ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവര്‍ക്കെതിരെ ഗൂഡാലോചനാ കുറ്റം ചുമത്തി കേസെടുത്തു. 

2022 ജനുവരി 9 - ബാലചന്ദ്രകുമാറിനെ ദിലീപിന്‍റെ വീട്ടിലും ഹോട്ടലിലും വെച്ച് കണ്ടിട്ടുണ്ടെന്ന് കേസിലെ പ്രതിയായ പൾസർ സുനി എന്നറിയപ്പെടുന്ന സുനില്‍കുമാറിന്‍റെ ഫോൺ സംഭാഷണം പുറത്തുവന്നു

2022 ജനുവരി 10 - മുന്‍കൂർ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയില്‍

2022 ജനുവരി 12 - നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്ര കുമാറിന്‍റെ രഹസ്യ മൊഴി രേഖപ്പെടുത്തി. മൊഴി രേഖപ്പെടുത്തിയത് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ടേറ്റ് കോടതി. 

2022 ജനുവരി 13 - ദിലീപിന്‍റെ വീട്ടില്‍ റെയ്ഡ്

2022 ജനുവരി 14 - ദിലീപിന്‍റെ അറസ്റ്റ് താല്‍ക്കാലികമായി ഹൈക്കോടതി തടഞ്ഞു.

2022 ജനുവരി 17 - മാധ്യമവാർത്തകൾ വിലക്കണമെന്നാവശ്യപ്പെട്ട് ദിലീപ് വീണ്ടും ഹൈക്കോടതിയില്‍. 

2022 ജനുവരി 19 - തുടരന്വേഷണത്തിന്‍റെ പുരോഗതി റിപ്പോർട്ട് കോടതിയില്‍ ഹാജരാക്കി

2022 ജനുവരി 31 - ഒരുമാസത്തിനകം പുനരന്വേഷണം പൂർത്തിയാക്കണമെന്ന വിചാരണക്കോടതിയുടെ ഉത്തരവ്

2022 ഫെബ്രുവരി 1 - പ്രതികള്‍ കോടതിയില്‍ മൊബൈള്‍ ഫോണ്‍ ഹാജരാക്കി. കോടതി ഫോണുകള്‍ ആലുവ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറി. മജിസ്ട്രേറ്റിന് ഫോറന്‍സിക് പരിശോധനക്ക് വിടണോ എന്ന് തീരുമാനിക്കാം.

2022 ഫെബ്രുവരി 5 - സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ പീഡന പരാതി.

2022 ഫെബ്രുവരി 6 - ദിലീപിനും കൂട്ടുപ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം

2022 ഫെബ്രുവരി 7 - തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹർജിയിൽ ഹൈക്കോടതി സര്‍ക്കാറിന്‍റെ വിശദീകരണം തേടി

2022 ഫെബ്രുവരി 8 - ദിലീപ്, അനൂപ്, സുരാജ് എന്നിവരുടെ ശബ്ദ പരിശോധന

2022 ഫെബ്രുവരി 9 - ദിലീപും കൂട്ടുപ്രതികളും ഹൈക്കോടതിയില്‍ നേരിട്ട് കീഴടങ്ങി ജാമ്യമെടുത്തു.

2022 ഫെബ്രുവരി 14 - ഗൂഡാലോചന കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍

2022 ഫെബ്രുവരി 14 - നടിയെ അക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന ആരോപണത്തില്‍ ഹൈക്കോടതി വിജിലന്‍സ് പരിശോധന തുടങ്ങി

2022 ഫെബ്രുവരി 21 - തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹർജിയില്‍ കക്ഷി ചേരാന്‍ ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിച്ചു.

2022 ഫെബ്രുവരി 22- മാർച്ച് 1-നകം തുടരന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഹൈക്കോടതി

2022 മാര്‍ച്ച് 17 - ക്രൈം ബ്രാഞ്ച് അന്വേഷണം സ്റ്റേ ചെയ്യണമെന്ന ദിലീപിന്‍റെ ആവശ്യം ഹൈക്കോടതി തള്ളി

2022 മാര്‍ച്ച് 17 - കേസിൽ സൈബർ തെളിവുകൾ നശിപ്പിക്കാനായി ദിലീപ് സമീപിച്ച സൈബർ വിദഗ്ധൻ സായ് ശങ്കറിന്‍റെ വീട്ടില്‍ പരിശോധന. മൊബൈലും ടാബും കസ്റ്റഡിയിലെടുത്തു

2022 മാര്‍ച്ച് 22 - സായ് ശങ്കറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി.

2022 മാര്‍ച്ച് 28 - ദിലീപിനെയും കൂട്ടുപ്രതികളെയും ബാലചന്ദ്രകുമാറിന്‍റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്തു.