Asianet News MalayalamAsianet News Malayalam

എസ്ഐ മര്‍ദിച്ചെന്നും അസഭ്യം പറഞ്ഞെന്നും ടിപ്പർ ഡ്രൈവറുടെ പരാതി; എല്ലാം വ്യാജമെന്ന് വീഡിയോ പുറത്തുവിട്ട് പൊലീസ്

ടിപ്പര്‍ ഡ്രൈവര്‍ കമ്മീഷണര്‍ക്ക് പരാതി നൽകിയതിന് പിന്നാലെയാണ് വീഡിയോ ദൃശ്യങ്ങള്‍ ഉൾപ്പെടെ പുറത്തുവിട്ട് പൊലീസ് ആരോപണങ്ങള്‍ നിഷേധിച്ചത്.

tipper driver alleges that he was beaten and abused by police but the video clip reveals the truth afe
Author
First Published Feb 9, 2024, 9:53 PM IST

തിരുവനന്തപുരം: എസ്.ഐ മര്‍ദിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നും ആരോപിച്ച് ടിപ്പര്‍ ഡ്രൈവ‍ർ സിറ്റി പൊലീസ് കമ്മീഷണർക്ക് നല്‍കിയ പരാതി വ്യാജമെന്ന് പൊലീസ്. സംഭവ സമയത്ത് ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവിട്ടുകൊണ്ടാണ് പൊലീസ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. പരാതിക്കാരനെ വ്യക്തമായി കാണാവുന്ന വീഡിയോയിൽ ഇയാളെ എസ്.ഐയോ മറ്റ് പൊലീസുകാരോ മർദിക്കുന്ന ദൃശ്യങ്ങളില്ല.

തിരുവനന്തപുരം  മണ്ണന്തല പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ സമ്പത്തിനെതിരെയാണ് ആരോപണം. പട്ടം മുറിഞ്ഞപാലം സ്വദേശി ശ്രീജിത്താണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് എസ്.ഐക്കെതിരെ പരാതി നൽകിയത്. ബുധനാഴ്ച ഉച്ചയ്ക്ക് മണ്ണന്തലയിലെ ഒരു കെട്ടിട നിര്‍മാണ സ്ഥലത്ത് മണ്ണെടുക്കാനായി ചെന്ന ടിപ്പർ ഡ്രൈവർ ശ്രീജിത്ത്, പാസ് വാങ്ങാൻ ചെന്നപ്പോൾ അവിടെയുണ്ടായിരുന്ന എസ്.ഐ അസഭ്യം പറഞ്ഞുവെന്നും കവളിൽ ബലമായി അടിക്കുകയും താടിയിൽ പിടിച്ചുവലിക്കുകയും ചെയ്തതായി പരാതിയിൽ ആരോപിക്കുന്നുണ്ട്. എസ്.ഐയുടെ അടിയേറ്റ് നിലത്തുവീണ താൻ പിന്നീട് രണ്ട് തവണ ടിപ്പറിൽ മണ്ണെടുക്കാൻ പോയെന്നും ഇതിനി ശേഷം ജോലി ചെയ്യുന്നതിനിടെ തലകറക്കം അനുഭവപ്പെട്ട് പേരൂര്‍ക്കട ആശുപത്രിയിൽ പോയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ ശ്രീജിത്തിനെ മര്‍ദിക്കുകയോ അസഭ്യം പറയുകയോ ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പരാതിക്ക് ആധാരമായ സംഭവങ്ങളെല്ലാം പൊലീസ് ഉദ്യോഗസ്ഥൻ മൊബൈൽ ക്യാമറയിൽ പകര്‍ത്തിയിരുന്നു. ഈ വീഡിയോ ക്ലിപ്പ് ഉൾപ്പെടെ പുറത്തുവിട്ടുകൊണ്ടാണ് പരാതിയിലെ ആരോപണങ്ങള്‍ പൊലീസ് അപ്പാടെ നിഷേധിക്കുന്നത്. 

പാസ് വ്യവസ്ഥകള്‍ ലംഘിക്കരുതെന്നും കള്ളത്തരം കാണിക്കുന്നത് തനിക്ക് മനസിലാവുമെന്നും പറയുന്നതല്ലാതെ എസ്.ഐ പരാതിക്കാരനെ മർദിക്കുന്നതോ അസഭ്യം പറയുന്നതോ ഈ വീഡിയോ ക്ലിപ്പിലില്ല. ഡ്രൈവറാണെങ്കിൽ യൂണിഫോം ധരിക്കണം എന്ന് ആവശ്യപ്പെടുന്നുണ്ട്.  പരാതിക്കൊപ്പം ശ്രീജിത്ത് നൽകിയ പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയിലെ ഒ.പി ടിക്കറ്റിലും ഇയാള്‍ക്ക് ശാരീരിക പരിക്കുകളുള്ളതായി രേഖപ്പെടുത്തിയിട്ടില്ല. നേരത്തെ മറ്റൊരു കേസിൽ ശക്തമായ നടപടി സ്വീകരിച്ചതിന്റെ പ്രതികാരമായി എസ്.ഐക്കെതിരെ വ്യാജ പരാതി നൽകിയതാണെന്നും പൊലീസ് ആരോപിക്കുന്നു.

വീഡിയോ ക്ലിപ്പ് കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios