പാർട്ടിയിലോ പോഷക സംഘടനകളിലോ തുടർച്ചയായി അഞ്ച് വർഷത്തിൽ കൂടുതൽ ഒരേ പദവിയിൽ ഒരാൾ തുടരാൻ പാടില്ല എന്നതായിരുന്നു ഉദയ്‌പുരിലെ ചിന്തൻ ശിബിറിലെ പ്രഖ്യാപനത്തിലെ സംഘടനാപരമായ ഒരു വ്യവസ്ഥ

ദില്ലി: എ ഐ സി സിയുടെ ഉദയ്‌പുർ പ്രഖ്യാപനത്തിന്‍റെ അടിസ്ഥാനത്തിൽ ടി എൻ പ്രതാപൻ എംപി അഖിലേന്ത്യാ മത്സ്യത്തൊഴിലാളി അധ്യക്ഷ സ്ഥാനം രാജിവെച്ചു. പാർട്ടിയിലോ പോഷക സംഘടനകളിലോ തുടർച്ചയായി അഞ്ച് വർഷത്തിൽ കൂടുതൽ ഒരേ പദവിയിൽ ഒരാൾ തുടരാൻ പാടില്ല എന്നതായിരുന്നു ഉദയ്‌പുരിലെ ചിന്തൻ ശിബിറിലെ പ്രഖ്യാപനത്തിലെ സംഘടനാപരമായ ഒരു വ്യവസ്ഥ.

എ ഐ സി സി 2017ലാണ് മത്സ്യത്തൊഴിലാളി കോൺഗ്രസ് എന്ന സംഘടനക്ക് രൂപം നൽകുന്നത്. ഇതിന്‍റെ പ്രഥമ ചെയർമാനായി ടി എൻ പ്രതാപനെ തിരഞ്ഞെടുക്കുകയായിരുന്നു. 2017മുതൽ 2022 വരെയുള്ള അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാകുന്നതോടെയാണ് ടി എൻ പ്രതാപൻ എംപിയുടെ രാജി. ഉദയ്പ്പൂർ പ്രഖ്യാപനത്തിന് ശേഷം ദേശീയ തലത്തിലെ ആദ്യ രാജിയാണ് കേരളത്തിൽ നിന്നുള്ള ടിഎൻ പ്രതാപൻ എംപിയുടേത്. ഈ മാതൃക പിന്തുടർന്ന് വരുംദിവസങ്ങളിൽ കൂടുതൽ നേതാക്കൾ പാർട്ടി സ്ഥാനങ്ങൾ രാജിവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബിജെപിക്കൊപ്പം ഇനി പ്രാദേശിക പാർട്ടികളോടും മത്സരം: വിശാലമുന്നണി സാധ്യത ഒഴിവാക്കി കോൺഗ്രസ്

അതേസമയം ബിജെപിക്കൊപ്പം പ്രാദേശിക പാർട്ടികളോടും മത്സരിക്കാൻ തീരുമാനിച്ചാണ് ഉദയ്പൂരിൽ കോൺഗ്രസിൻറെ ചിന്തൻ ശിവിരം അവസാനിച്ചത്. ദേശീയ തലത്തിൽ ചെറുപാർട്ടികളെ കൂട്ടിയുള്ള വിശാല മുന്നണിക്ക് തല്ക്കാലം ഇല്ലെന്ന സന്ദേശമാണ് കോൺഗ്രസ് നല്കുന്നത്. മൃദുഹിന്ദുത്വം ഉപേക്ഷിക്കുന്ന കാര്യത്തിൽ പാർട്ടിയിലെ ആശയക്കുഴപ്പം തുടരുകയാണ്. സംഘടനയിൽ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നതാണ് കോൺഗ്രസിൻറെ ഉദയ്പൂർ പ്രഖ്യാപനം. യുവനേതാക്കൾ പാർട്ടിയുടെ നിർണ്ണായകസമിതികളിൽ വൈകാതെ എത്തിതുടങ്ങും. എന്നാൽ തെരഞ്ഞെടുപ്പ് തന്ത്രം എന്ത് എന്നതിൽ ചിന്തൻ ശിബിരത്തിന് വ്യക്തമായ ഉത്തരമില്ല. തല്ക്കാലം ഒറ്റയ്ക്ക് പോകാം. പാർട്ടിയുടെ കരുത്ത് കൂട്ടാം. ഇതാണ് കോൺഗ്രസിലെ ധാരണ. ബിജെപിയെ എതിർക്കാൻ ചെറിയ പാർട്ടികളോട് വിട്ടുവീഴ്ച ചെയ്യുമ്പോൾ അവർ ഉള്ള ഇടം കൊണ്ടു പോകുന്നു എന്ന് കോൺഗ്രസ് തിരിച്ചറിയുന്നു. അതിനാൽ തല്ക്കാലം ദേശീയതലത്തിലെ മുന്നണിയെക്കുറിച്ച് കോൺഗ്രസ് ആലോചിക്കുന്നില്ല. പ്രാദേശികപാർട്ടികളുടെ അത്തരം നീക്കങ്ങളോട് ചേരില്ല എന്ന സൂചനയാണ് രാഹുൽ ഗാന്ധി നല്കിയത്. അതിനർത്ഥം 2003ൽ ഷിംലയിൽ എടുത്ത നിലപാടിൽ നിന്ന് കോൺഗ്രസ് തലക്കാലം തിരിഞ്ഞു നടക്കുന്നു എന്നു തന്നെയാണ്.

ആർഎസ്എസിൻറെ വിചാരധാരയെ ശക്തമായി എതിർക്കും എന്ന് കോൺഗ്രസ് പറയുന്നു. എന്നാൽ മൃദുഹിന്ദുത്വ നിലപാടുകൾ പൂർണ്ണമായും തള്ളുമോ എന്നതിൽ മൗനം പാലിക്കുന്നു. ഗാന്ധികുടുംബത്തിൽ തന്നെയാണ് പാർട്ടി തല്ക്കാലം കറങ്ങുന്നത്. രാഹുൽ ഗാന്ധി തന്നെയായിരുന്നു ശ്രദ്ധാകേന്ദ്രം. അതിനു പുറത്തൊരാൾക്ക് അധികാരം കൈമാറും എന്ന സൂചനയൊന്നും ഉദയ്പൂർ നല്കുന്നില്ല. ജനങ്ങളുമായുള്ള ബന്ധം നഷ്ടമായെന്ന് കോൺഗ്രസ് തിരിച്ചറിയുന്നു. എന്നാൽ ഭാരത യാത്രയും സംഘടനാമാറ്റങ്ങളും മാത്രം നരേന്ദ്രമോദിയെ എതിർക്കാൻ മതിയാകുമോ എന്നറിയാൻ കാത്തിരിക്കാം.

ചിന്തൻ ശിവിർ നയരേഖ നടപ്പാക്കാൻ പ്രത്യേക സമിതിയെ നിയമിക്കുമെന്ന് സോണിയ ഗാന്ധി