സൗജന്യ യാത്ര മുഴുവൻ സ്ത്രീകൾക്കും ഉപകാരപ്പെടമെങ്കിൽ കൂടുതൽ സർവീസുകൾ വടക്കൻ കേരളത്തിൽ വേണമെന്ന് വി ടി ബൽറാം എംഎൽഎ. ഇല്ലെങ്കിൽ യാത്രാ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ വലിയ അസന്തുലിതാവസ്ഥ ഉണ്ടാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ കൂടുതൽ കെഎസ്ആർടിസി സർവീസുകൾ വേണമെന്ന് വി ടി ബൽറാം എംഎൽഎ. മലബാർ മേഖലയിൽ കെഎസ്ആർടിസി ഡിപ്പോകളും കുറവാണ്. കൂടുതൽ സർവീസുകൾ വേണം. സർക്കാരിന്റെ സൗജന്യ യാത്രാ പദ്ധതിയുടെ ആനുകൂല്യം ഭൂരിഭാഗം വരുന്ന മലബാറിലെ സ്ത്രീകൾക്ക് ലഭിക്കാത്ത സാഹചര്യമാണുള്ളത്. സൗജന്യ യാത്ര മുഴുവൻ സ്ത്രീകൾക്കും ഉപകാരപ്പെടമെങ്കിൽ കൂടുതൽ സർവീസുകൾ വന്നേ തീരൂവെന്ന് എംഎൽഎ പറഞ്ഞു. ഇല്ലെങ്കിൽ യാത്രാ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ വലിയ അസന്തുലിതാവസ്ഥ ഉണ്ടാവും. നിയമസഭയിലെ ശ്രദ്ധക്ഷണിക്കലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പാലക്കാട് മുതൽ കാസർകോട് വരെയുള്ള വടക്കൻ ജില്ലകളിൽ നിലവിൽ പരിമിതമായ കെഎസ്ആർടിസി ഡിപ്പോകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ഈ മേഖലയിലെ യാത്രാ ക്ലേശത്തിന് പരിഹാരം കാണാനും പ്രാദേശികമായുള്ള അസന്തുലിതാവസ്ഥ ഇല്ലാതാക്കാനും സർക്കാരിന്റെ പ്രത്യേക ശ്രദ്ധ വടക്കൻ ജില്ലകളിൽ ഉണ്ടാകണമെന്ന് വി ടി ബൽറാം ആവശ്യപ്പെട്ടു.

ഗൗരവമുള്ള വിഷയമാണ് എന്നായിരുന്നു ഗതാഗത മന്ത്രി സി പി ജോണിന്‍റെ മറുപടി. മലബാറിൽ താരതമ്യേന കെഎസ്ആർടിസി സർവീസ് കുറവാണ്. മലബാറിൽ ആകെ 24.3 ശതമാനം ബസുകൾ മാത്രമാണുള്ളത്. ആകെ സർവീസുകളിൽ 33 ശതമാനം മാത്രം. പരിഹാരം കാണുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു. തൃത്താല കേന്ദ്രീകരിച്ച് ഡിപ്പോ വേണമെന്ന് ബൽറാമിന്‍റെ ആവശ്യത്തിന്, കെഎസ്ആർടിസിയുടെ ആരോഗ്യം മെച്ചപ്പെടുന്നത് അനുസരിച്ച് ആലോചിക്കാമെന്ന് മന്ത്രി മറുപടി നൽകി.