Asianet News MalayalamAsianet News Malayalam

പാലാരിവട്ടം പാലം അഴിമതി; ടി ഒ സൂരജിനെ വിജിലൻസ് ചോദ്യം ചെയ്തു

തനിക്ക് പാലത്തിന്‍റെ നിർമ്മാണ പ്രവർത്തനങ്ങളിൽ യാതൊരു പങ്കുമില്ലെന്നും 90 ശതമാനം ജോലിയും നടന്നത് താൻ സ്ഥാനത്ത് നിന്ന് മാറിയതിന് ശേഷമാണെന്നും ടി ഓ സൂരജ് ചോദ്യം ചെയ്യലിന് ശേഷം പ്രതികരിച്ചു. 

to sooraj questioned by vigilance in palarivattom flyover scam
Author
Kochi, First Published Aug 29, 2019, 2:23 PM IST

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ പിഡബ്ല്യുഡി സെക്രട്ടറി ടി ഒ സൂരജിനെ വിജിലൻസ് ചോദ്യം ചെയ്തു. മൂന്ന് മണിക്കുർ നേരം ചോദ്യം ചെയ്യൽ നീണ്ടു. സൂരജ് സെക്രട്ടറി ആയിരിക്കുമ്പോഴാണ് പാലത്തിന് കരാർ നൽകുന്നത്. തനിക്ക് പാലത്തിന്‍റെ നിർമ്മാണ പ്രവർത്തനങ്ങളിൽ യാതൊരു പങ്കുമില്ലെന്നും 90 ശതമാനം ജോലിയും നടന്നത് താൻ സ്ഥാനത്ത് നിന്ന് മാറിയതിന് ശേഷമാണെന്നും ടി ഓ സൂരജ് ചോദ്യം ചെയ്യലിന് ശേഷം പ്രതികരിച്ചു. 

പ്രാഥമിക അന്വേഷണത്തിൽ ടെൻഡർ നടപടിക്രമങ്ങളിൽ വിജിലൻസ് ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ഫണ്ട് വിനിയോഗത്തിലും ചട്ടലംഘനം ഉണ്ടെന്നാണ് വിജിലൻസിന്‍റെ വിലയിരുത്തൽ. സ‌‌ർക്കാരിൻ്റെ സ്പീഡ് പ്രോജക്ടിന് വേണ്ടി ജി ഓ ഇറക്കുകയല്ലാതെ മറ്റൊരു ബന്ധവും പദ്ധതിയുമായിട്ടില്ലെന്നാണ് സൂരജിന്റെ വാദം. 

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ നിർമാണക്കമ്പനിയായ ആർ ഡി എസ് പ്രൊജക്ട്സ് എംഡി സുമിത് ഗോയലിനെയും  മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെയും നേരത്തെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ വിജിലൻസ് ആസ്ഥാനത്ത് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. കേസിലെ ഒന്നാം പ്രതിയാണ് സുമിത് ഗോയല്‍. സുമിത് ഗോയലിന്‍റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പണം കൈമാറിയോ എന്നതിനെ കുറിച്ച്  വിജിലൻസ് അന്വേഷിച്ചിരുന്നു.

ആര്‍ഡിഎസിന്‍റെയും സുമിത് ഗോയലിന്‍റെയും മുഴുവന്‍ ബാങ്ക് അക്കൗണ്ട് രേഖകളും വിജിലൻസ് സംഘം പിടിച്ചെടുത്തുത്തിരുന്നു. കോഴ കൈപറ്റിയതായി വിജിലൻസ് സംശയിക്കുന്ന മന്ത്രിമാര്‍ അടക്കമുള്ള രാഷ്ട്രീയനേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും അക്കൗണ്ട് വിശദാംശങ്ങളും വിജിലന്‍സിന്‍റെ പക്കലുണ്ട്. 

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത്, ദേശീയ പാത വിഭാഗത്തെ ഒഴിവാക്കിയാണ് റോഡ്സ് ആന്‍റ് ബ്രി‍ഡ്ജസ് ഡെവലപ്മെന്‍റ് കോര്‍പറേഷന് പാലത്തിന്‍റെ നിര്‍മ്മാണ ചുമതല നല്‍കിയത്. അഴിമതിക്ക് കളമൊരുക്കാനാണ് ഇത്തരം ഒരു തീരുമാനം എടുത്തതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച വിശദാംശങ്ങളാണ് വിജിലന്‍സ് സംഘം ഇബ്രാഹിം കുഞ്ഞിനോട് ചോദിച്ചറിഞ്ഞത്. സുമിത് ഗോയല്‍ ഉള്‍പ്പെടെ 17 പേരെ പ്രതികളാക്കി നേരത്തെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

Follow Us:
Download App:
  • android
  • ios