Asianet News MalayalamAsianet News Malayalam

അമേരിക്കയിലെ വിമാന സർവീസ് നിലച്ചു, അരവണ വിതരണം നിർത്തി, ​ഗോൾഡൻ ​ഗ്ലോബിൽ ഇന്ത്യൻ തിളക്കം- ഇന്നത്തെ 10 വാർത്തകൾ

പൈലറ്റുമാർക്ക് നിർദേശം നൽകുന്ന സംവിധാനത്തിലെ തകരാറിനെ തുടർന്നാണ് പ്രതിസന്ധിയുണ്ടായത്. സർവീസുകൾ പുനരാരംഭിക്കുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്.

Today 10 lead news in Kerala
Author
First Published Jan 11, 2023, 7:19 PM IST

സാങ്കേതിക തകരാര്‍, അമേരിക്കയിലെ വിമാനസര്‍വീസ് നിര്‍ത്തിവെച്ചു

അമേരിക്കയെ ഞെട്ടിച്ച് രാജ്യത്താകമാനമുള്ള വ്യോമഗതാഗതം സ്തംഭിച്ചു. സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് നാനൂറോളം വിമാനങ്ങൾ നിലത്തിറക്കി. 760ഓളം വിമാനങ്ങളുടെ സർവീസിനെ ബാധിച്ചു. പൈലറ്റുമാർക്ക് നിർദേശം നൽകുന്ന സംവിധാനത്തിലെ തകരാറിനെ തുടർന്നാണ് പ്രതിസന്ധിയുണ്ടായത്. സർവീസുകൾ പുനരാരംഭിക്കുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. സംവിധാനം എപ്പോൾ പഴയപടിയാകുമെന്ന് പറയാറായിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. ആയിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. 

ബഫര്‍ സോണില്‍ കേരളത്തിന് ആശ്വാസം

ബഫർ സോണിൽ കേരളത്തിന് ആശ്വാസം. കരട് വിജ്ഞാപനത്തിൽ ഇളവ് പരിഗണിക്കാമെന്ന് സുപ്രീംകോടതി. വിധിയിൽ വ്യക്തത തേടിയുള്ള കേന്ദ്രത്തിന്റെയും കേരളത്തിന്റെയും ഹർജികൾ തിങ്കളാഴ്ച പരിഗണിക്കും. കേന്ദ്രത്തിന്റെ അടക്കം വിധിയിൽ വ്യക്തതതേടിയുള്ള ഹർജികൾ പരിഗണിച്ച ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ വിധി കേരളത്തിലുണ്ടാക്കിയ പ്രതിസന്ധി അഭിഭാഷകർ ചൂണ്ടിക്കാട്ടി. 17 ഇടത്തു ബഫർ സോണിനുള്ള കരടു വിജ്ഞാപനം ഇറക്കി എന്നാൽ അന്തിമ വിജ്ഞാപനത്തിനു തൊട്ടു മുൻപാണ് സുപ്രീം കോടതി വിധി വന്നത്. ഇത് ജനങ്ങൾക്കിടയിൽ വലിയ പ്രതിസന്ധിയുണ്ടാക്കിയെന്ന്കേരളത്തിനായി മുതിർന്ന അഭിഭാഷകൻ ജയ്ഗീപ ഗുപത് കോടതിയെ അറിയിച്ചു, എന്നാൽ അന്തിമ വിജ്ഞാപനമായവയുടെ കാര്യത്തിൽ നേരത്തെ തന്നെ ഇളവുണ്ടെന്ന് കോടതി പറഞ്ഞു. കരടിലും ഇളവ് വേണമെന്ന് കേന്ദ്രവും കേരളും വ്യക്തമാക്കി. ഇതോടെ ഈക്കാര്യം പരിഗണിക്കാമെന്ന് കോടതി അറിയിച്ചത്. 

മഞ്ചേശ്വരം കോഴക്കേസില്‍ കെ സുരേന്ദ്രന്‍ ഒന്നാം പ്രതി

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ കെ സുരേന്ദ്രൻ ഒന്നാം പ്രതി. ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കേസിലാകെ ആറ് പ്രതികളാണുള്ളത്. സുരേന്ദ്രന് വേണ്ടി മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥി സുന്ദരയുടെ സ്ഥാനാര്‍ത്ഥിത്വം പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പിന്‍വലിപ്പിച്ചുവെന്നാണ് കേസ്. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍തിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. ബിജെപി ജില്ലാ സെക്രട്ടറി കെ മണികണ്ഠ റൈ രണ്ടും സുരേഷ് നായ്ക്ക് മൂന്നും പ്രതികള്‍. യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായ്ക്ക് നാലാം പ്രതി. ബിജെപി മുന്‍ ജില്ലാ പ്രസിഡന്‍റ് കെ.ബാലകൃഷ്ണ ഷെട്ടി, ലോകേഷ് നോണ്ട എന്നിവര്‍ അഞ്ചും ആറും പ്രതികള്‍.

ഏലയ്ക്കയില്‍ കീടനാശിനി: ശബരിമലയില്‍ അരവണ വിതരണം നിര്‍ത്തി

ശബരിമലയിൽ അരവണ വിതരണം നിർത്തി. നടപടി കീടനാശിനി കലർന്ന ഏലയ്ക്ക ചേർന്ന അരവണ വിതരണം ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് വിതരണം നിർത്തിയത്. നാളെ മുതൽ ഏലയ്ക്കയില്ലാത്ത അരവണ വിതരണം ചെയ്യും.  ഭക്ഷ്യ പദാർത്ഥങ്ങളിലെ വിഷം കേരളം നേരിടുന്ന വലിയ പ്രശ്നമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഏലക്കയില്ലാതെ അരവണ നിർമ്മാണം ഇന്ന് തന്നെ തുടങ്ങുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് അനന്തഗോപൻ വ്യക്തമാക്കി. കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി നൽകിയ പരിശോധ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ശബരിമലയിൽ അരവണ നിർമ്മാണം നിർത്താൻ കോടതി ഉത്തരവിട്ടത്. അരവണയിൽ ഉപയോഗിക്കുന്ന ഏലയ്ക്കയിൽ അനുവദനീയമായിലും കൂടുതൽ കീടനാശിനി ഉണ്ടെന്നായിരുന്നു പരിശോധന ഫലം. കൊച്ചിയിലെ സ്പൈസസ് ബോർഡ് ലാബിലായിരുന്നു ഏലയ്ക്ക പരിശോധിച്ചത്.

എആര്‍ റഹ്മാന് ശേഷം കീരവാണി, ഗോള്‍ഡന്‍ ഗ്ലോബില്‍ തിളങ്ങി ഇന്ത്യ

ഗോൾഡൻ ഗ്ലോബ് വേദിയിൽ തിളങ്ങി ഇന്ത്യ. രാജമൗലി സംവിധാനം ചെയ്ത ആർആർആർ എന്ന ചിത്രത്തിലെ ​ഗാനത്തിനാണ് ഒറിജിനൽ സോങ് വിഭാ​ഗത്തിൽ പുരസ്കാരം ലഭിച്ചത്. കീരവാണിയാണ് സം​ഗീതസംവിധാനം നിർവഹിച്ചത്. 14 വർഷത്തിന് ശേഷമാണ് ഗോൾഡൻ ഗ്ലോബ് പുരസ്കാരം  ഇന്ത്യയിലെത്തുന്നത്. എആർ റഹ്മാന് ശേഷമാണ് കീരവാണിയിലൂടെ പുരസ്കാരം ലഭിക്കുന്നത്. വിദേശഭാഷാ ചിത്രത്തിനുള്ള
പുരസ്കാരം ആർആർആറിനെ പിന്തള്ളി അർജന്റൈൻ ചിത്രം സ്വന്തമാക്കി. ലേഡി ഗാഗയും റിഹാനയും ടെയ്‍ലർ സ്വിഫ്റ്റും അടങ്ങുന്ന കരുത്തരെ പിന്തള്ളിയാണ് പുരസ്കാരം. 

ലഹരിക്കടത്ത് കേസില്‍ പൊള്ളി സിപിഎം, ഷാനവാസിന് സസ്പെന്‍ഷന്‍

ലഹരിക്കടത്ത് കേസിൽ സിപിഎം സസ്പെൻഡ് ചെയ്ത ഷാനവാസിന് എതിരെ ഇഡിക്ക് പരാതി നൽകി സിപിഎം പ്രവർത്തകർ. തന്നെ കുടുക്കാൻ ചിലർ ഗൂഢാലോചന നടത്തിയെന്ന് ഷാനവാസ്. ജില്ലാ സെക്രട്ടേറിയറ്റിൽ നടന്നത് രൂക്ഷമായ തർക്കം.കുട്ടനാട്  സിപിഎമ്മിൽ കൂട്ടരാജി. പാര്‍ട്ടിയില്‍ നിന്ന് ഷാനവാസിനെ പുറത്താക്കണമെന്ന ജില്ല സെക്രട്ടറിയുടെ നിര്‍ദ്ദേശത്തെ ഒരുവിഭാഗം ശക്തമായി എതിര്‍ത്തതോടെയാണ് നടപടി സസ്പെന‍്ഷനിൽ ഒതുങ്ങിയത്.  ഷാനവാസിന്‍റെ അനധികൃത സ്വത്ത് സന്പാദനം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ചില സിപിഎം പ്രവര്ത്തകര്‍ ഇഡിയെ സമീപിച്ചു. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയ എ ഷാനവാസിനെ പുറത്താക്കണം എന്നായിരുന്നു ജില്ലാ സെക്രട്ടറി ആര് നാസറിന്‍റെ അഭിപ്രായം. എന്നാൽ,  പാർട്ടിയുടെ മുഖം രക്ഷിക്കാനുള്ള നടപടി മാത്രം മതിയെന്നാായിരുന്നു മന്ത്രി സജി ചെറിയാന്റെ പി എസ് മനു സി പുളിക്കൽ, എച്ച് സലാം എംഎൽഎ, ജി. രാജമ്മ, കെഎച്ച് ബാബുജാൻ, ജി. വേണുഗോപാൽ എ. മഹീന്ദ്രൻ എന്നിവരുടെ വാ​ദം. നഗര സഭ ക്ഷേമകാര്യ സമിതി ചെയർമാൻ സ്ഥാനത്തു നിന്ന് മാറ്റണമെന്ന നിർദേശവും അംഗീകരിക്കപ്പെട്ടില്ല. 

കോണ്‍ഗ്രസില്‍ പുതിയ പ്രതിസന്ധി; ശശി തരൂരിനെതിരെ കേന്ദ്ര നേതൃത്വവും

മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ തയ്യാറെന്ന ശശി തരൂരിന്‍റെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വം. തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡെന്ന് താരീഖ് അൻവർ. മത്സരിക്കാനില്ലെന്ന എംപിമാരുടെ നിലപാടിനും വിമർശനം. ദേശീയ-സംസ്ഥാന നേതൃത്വത്തെ ഒരുപോലെ വെട്ടിലാക്കിയാണ് കേരള പ്ലാനുമായുള്ള തരൂരിൻറ പര്യടനം. നിയമസഭയിലേക്ക് മത്സരിക്കാനും മുഖ്യമന്ത്രിയാകാനും വരെയുള്ള ആഗ്രഹം തുറന്ന് പറഞ്ഞ് മത-സാമുദായിക നേതാക്കളുടെ പിന്തുണ ആവർത്തിച്ചുറപ്പാക്കിയുമാണ് നീക്കങ്ങൾ. തരൂരിനെ വാഴ്ത്തി എൻഎസ്എസ് അടക്കം നിലയുറപ്പിക്കുമ്പോൾ കടുത്ത അമർഷമുണ്ടങ്കിലു കേരള നേതാക്കൾ വിമർശനം ഉള്ളിലൊതുക്കുന്നു. എന്നാൽ തരൂർ ലൈൻ ശരിയല്ലന്ന് തന്നെ ദേശീയ നേതൃത്വം വ്യക്തമാക്കുന്നു.

ജനരോളം ആളിക്കത്തി; എല്ലാ കെട്ടിടങ്ങളും പൊളിക്കേണ്ടെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ജോഷി മഠിലെ വിള്ളൽ വീണ എല്ലാ കെട്ടിടങ്ങളും പൊളിക്കേണ്ടെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ തീരുമാനിച്ചു. നാട്ടുകാരുടെ പ്രതിഷേധ തുടര്‍ന്നാണ് തീരുമാനം. ജോഷിമഠിനും കര്‍ണ പ്രയാഗിനും പിന്നാലെ തെഹ് രി ജില്ലയിലെ ചമ്പയിലും കെിട്ടങ്ങളിൽ വിള്ളൽ കണ്ടെത്തി. നഷ്ടപരിഹാരം നിശ്ചയിക്കാതെ ജോഷിമഠിലെ വിള്ളൽ വീണ കെട്ടിടങ്ങൾ പൊളിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് സ‍ർക്കാറിൻറെ അനുനയ ശ്രമം. പൊളിക്കാനിരിക്കുന്ന ഹോട്ടലുകളുടെ ഉടമകളുമായി പ്രിൻസിപ്പൽ സെക്രട്ടറി മീനാക്ഷി സുന്ദരം ച‍ർച്ച നടത്തി. അപകട സാധ്യതയേറിയ രണ്ട് ഹോട്ടലുകൾ പൊളിക്കാൻ സഹകരിക്കണമെന്നും, മറ്റ് കെട്ടിടങ്ങൾ പൊളിക്കാൻ പദ്ധതിയില്ലെന്നും പ്രിൻസിപ്പൽ സെക്രട്ടറി വ്യക്തമാക്കി. ഓരോ കുടുംബത്തിനും ഒന്നരലക്ഷം രൂപ സഹായധനമായി നൽകും. മാറിത്താമസിക്കുന്നതടക്കം അടിയന്തരാവശ്യങ്ങൾക്ക് ആദ്യഘട്ടത്തിൽ അമ്പതിനായിരം രൂപ അനുവദിക്കും

ത്രിപുര പിടിയ്ക്കാന്‍ അടവുനയവുമായി സിപിഎം, കോണ്‍ഗ്രസുമായി സഹകരിക്കും

ത്രിപുരയില്‍ കോണ്‍ഗ്രസുമായുള്ള സഹകരണത്തിന് വാതില്‍ തുറന്നിട്ട് സിപിഎം. ബിജെപിയെ തോല്‍പ്പിക്കാന്‍ മതേതരകക്ഷികളോട് വിശാല അടവുനയം സ്വീകരിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കോണ്‍ഗ്രസിനെയും തിപ്ര മോത പാർട്ടിയേയും ഒപ്പം നിര്‍ത്തിയാല്‍ ത്രിപുരയില്‍ ഭരണം തിരിച്ച് പിടിക്കാമെന്നാണ് സിപിഎം കണക്ക് കൂട്ടല്‍. പേരെടുത്ത് പറഞ്ഞില്ലെങ്കിലും കോണ്‍ഗ്രസും തിപ്ര മോത പാര്‍ട്ടിയുമായി അടവ്നയമുണ്ടാക്കി മത്സരിക്കാനുള്ള നീക്കത്തിന് അംഗീകാരം നല്‍കുന്ന നടപടിയാണ ഇത്. മതേതരകക്ഷികളുമായി ധാരണയുണ്ടാക്കുന്നതിന് സംസ്ഥാന നേതൃത്വത്തിന് നടപടി സ്വീകരിക്കാമെന്ന് യെച്ചൂരി വാർത്ത സമ്മേളനത്തില്‍ പറഞ്ഞു.

ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന് പത്ത് വർഷം തടവും 1 ലക്ഷംരൂപ പിഴയും

വധശ്രമ കേസിൽ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന് പത്ത് വർഷം തടവും 1 ലക്ഷംരൂപ പിഴയും. കവരത്തി ജില്ലാ സെഷൻസ് കോടതിയാണ് 4 പ്രതികളെ ശിക്ഷിച്ചത്. ശിക്ഷിക്കപ്പെട്ടവരിൽ രണ്ട് പേർ മുഹമ്മദ് ഫൈസലിന്‍റെ സഹോദരങ്ങളാണ്. പ്രതികളെ ഉടൻ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും. മുൻ കേന്ദ്രമന്ത്രിയും ലക്ഷദ്വീപിലെ കോൺഗ്രസ് നേതാവുമായിരുന്ന പിഎം സയിദിന്‍റെ മകളുടെ ഭർത്താവ് മുഹമ്മദ് സാലിഹിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് ലക്ഷ്ദ്വീപ് എംപി അടക്കം 4 പേരെ കവരത്തി ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. വധശ്രമം അടക്കമുള്ള വിവിധ വകുപ്പുകൾ പ്രകാരം പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ശിക്ഷാ വിധിയ്ക്ക് പിന്നാലെ പ്രതികളുടെ ജാമ്യം റദ്ദാക്കി ജയിലിലേക്ക് മാറ്റി.

Follow Us:
Download App:
  • android
  • ios