ഇന്നത്തെ പ്രധാന വാർത്തകൾ. കേരളത്തില്‍ ഇന്ന് സംഭവിച്ച പ്രധാന വാര്‍ത്തകളിലൂടെ ഒരെത്തിനോട്ടം. ആഗോള അയ്യപ്പ സംഗമം, ഷൈന്‍ ടീച്ചറെ അപമാനിച്ച സംഭവം, വോട്ട് ചോരി. നിയമസഭ എന്നിവയാണ് പ്രധാന വാര്‍ത്തകള്‍. 

ഏറെ പ്രാധാന്യമുള്ള സംഭവങ്ങളിലൂടെ കടന്നുപോയ ദിവസമാണിന്ന്. കേരളത്തില്‍ ഇന്ന് സംഭവിച്ച പ്രധാന വാര്‍ത്തകളിലൂടെ ഒരെത്തിനോട്ടം. 

ആ​ഗോള അയ്യപ്പ സം​ഗമത്തിന് അരങ്ങൊരുങ്ങി

തിരുവനന്തപുരം ശബരിമലയിൽ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന ആ​ഗോള അയ്യപ്പ സം​ഗമത്തിന് അരങ്ങൊരുങ്ങി. നാളെയാണ് പമ്പയിൽ തയാറാക്കിയ പ്രത്യേക വേദിയിൽ അയ്യപ്പ സം​ഗമം നടക്കുക. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സം​ഗമം നടക്കുക. പ്രതിപക്ഷം സം​ഗമത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. ശബരിയുടെ വികസനത്തിന് ആഗോള തലത്തിലെ നിർദ്ദേശം സ്വീകരികുന്നതിനുള്ള വലിയ സംഗമം. അതായിരുന്നു സർക്കാർ പ്രഖ്യാപനം. വിവിധ സംസ്ഥാന ങ്ങളുടെ മുഖ്യമന്ത്രി മാരെ എത്തിക്കും എന്നും അറിയിച്ചു. ദില്ലി ലെഫ്റ്റനണ്ട് ഗവർണർ അടക്കയുള്ളവരെ ക്ഷണിച്ചു. എന്നാൽ തമിഴ്നാട് മന്ത്രിമാരായ പി കെ ശേഖർ ബാബു, പളനിവേൽ ത്യാ​ഗരാജൻ എന്നിവർ മാത്രമാണ് എത്തുക. കർണാടക, ഡൽഹി, തെലങ്കാന സർക്കാരുകളെ അടക്കം അയ്യപ്പസം​ഗമത്തിലേക്ക് പ്രതിനിധികളെ അയച്ചിട്ടില്ല. സംഗമത്തിലെ മറ്റ് ക്ഷണിതാക്കളെല്ലാം കേരളത്തിലെ മന്ത്രിമാരും ഉദ്യോഗസ്ഥരുമാണ്. ആഗോള സംഗമം പേരിൽ മാത്രം ആയോ എന്നാ ചോദ്യത്തിന് ദേവസ്വം മന്ത്രി യുടെ പ്രതികരണം ഇങ്ങനെ ബൈറ്റ് 15 വിദേശ രാജ്യങ്ങളിൽ നിന്ന് പ്രതിനിധികൾ എത്തും എന്നാൽ കൂടുതലും വിദേശ പൗരത്വം നേടിയ മലയാളികളാണ്. പന്തളം കൊട്ടാരം പരിപാടി യിൽ നിന്ന് വിട്ടു നില്കും എന്നാൽ എൻഎസ്എസ് പ്രതിനിധി പങ്കെടുക്കുന്നത് സർക്കാരിന് ആശ്വാസമാണ്. അയ്യപ്പ സംഗമം നടത്തുന്ന സർക്കാരിന്റെ ഉദ്ദേശലക്ഷ്യങ്ങളെ കുറിച്ചുള്ള സംശയം തന്നെയാണ് സംസ്ഥാന സർക്കാർ പ്രതികൾ വിട്ടുനിൽക്കുന്നതിന് കാരണമാകുന്നത്. ചുരുക്കത്തിൽ നിക്ഷേപകർ മാത്രം എത്തുന്ന സംഗമം ആഗോള അയ്യപ്പ നിക്ഷേപ സംഘവുമായി മാറുമോ എന്നതാണ് ചോദ്യം.

അപവാദ പ്രചാരണം- ഷൈനിന്റെ പരാതിയിൽ കേസെടുത്ത് പൊലീസ്

അപവാദ സൈബർ പ്രചാരണത്തിൽ എറണാകുളത്തെ സിപിഎം നേതാവ് കെജെ ഷൈനിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു. കെഎം ഷാജഹാനെയും പ്രാദേശിക കോൺഗ്രസ് നേതാവിനെയും പ്രതി ചേർത്താണ് എഫ്ഐആർ. അപവാദ പ്രചാരണം പ്രതിപക്ഷ നേതാവിന്റെ അറിവോടെയെന്ന് സിപിപഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു. പിന്നിൽ സിപിഎം വിഭാഗീയതയെന്ന് വിഡി സതീശൻ തുറന്നടിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന സൈബര്‍ ആക്രമണത്തില്‍ ഇന്നലെ വൈകിട്ടോടുകൂടയിയാണ് സിപിഎം ലോക്സഭാ സ്ഥാനാര്‍ഥിയായിരുന്നു പറവൂരിലെ നേതാവ് കെ.ജെ ഷൈനും വൈപിന്‍ എംഎല്‍എ കെ.എന്‍ ഉണ്ണികൃഷ്ണനും മുഖ്യമന്ത്രിക്കും ‍ഡിജിപിക്കുമടക്കം പരാതി നല്‍കിയത്. കുടംബത്തെയും ചേര്‍ത്തുള്ള ആരോപണങ്ങളില്‍ കെ.ജെ.ഷൈന്‍ ഇന്ന് രാവിലെ ഭര്‍ത്താവ് ഡൈനൂസ് തോമസിനൊപ്പമെത്തി മാധ്യമങ്ങളെ കണ്ടപ്പോഴാണ് കോണ്‍ഗ്രസും പ്രതിപക്ഷ നേതാവുമാണ് നീചമായ പ്രചാരണങ്ങള്‍ക്ക് പിന്നിലെന്ന് തുറന്നടിച്ചത്. പരാതിക്ക് പിന്നാലെ കെ.ജെ ഷൈനിന്‍റെ വീട്ടിലെത്തി മൊഴിയെടുത്ത ശേഷമാണ് എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തത്. പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സി.കെ. ഗോപാലകൃഷ്ണന്‍, യൂട്യൂബ് ചാനലിലൂടെ വീഡിയോ പ്രചരിപ്പിച്ച കെ.എം.ഷാജഹാന്‍ എന്നിവരാണ് പ്രതികള്‍ സ്ത്രീത്വത്തെ അപമാനിക്കല്‍ , ശല്യം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളും സമൂഹമാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചാരണത്തിന് ഐടി നിയമത്തിലെ അറുപത്തി ഏഴാം വകുപ്പുമാണ് ചുമത്തിയത്.

കമ്മീഷൻ ഉണർന്നിരിക്കുമ്പോഴാണ് കർണാടകയിലെ വോട്ട് മോഷണം- വിമർശനം ശക്തമാക്കി രാഹുൽ

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണം കടുപ്പിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കമ്മീഷന്‍ ഉണര്‍ന്നിരുന്നപ്പോഴാണ് കര്‍ണ്ണാടകയില്‍ വോട്ട് മോഷണം നടന്നതെന്ന് രാഹുല്‍ തുറന്നടിച്ചു. വോട്ട് ചോരി ആരോപണത്തില്‍ കോണ്‍ഗ്രസ് ഇതിനിടെ ഒപ്പ് ശേഖരണം തുടങ്ങി. രാഹുൽ ഗാന്ധി രാജ്യത്ത് കലാപാഹ്വാനം നടത്തുകയാണെന്ന് ട്വീറ്റിലെ ജെന്‍സി പരാമര്‍ശം ഉന്നയിച്ച് ബിജെപി കുറ്റപ്പെടുത്തി. അതേസമയം, കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച നടരാജന്‍ എന്നയാളുടെ വിവരങ്ങള്‍ ഉപയോഗിച്ച് നടത്തിയ വോട്ട് കൊള്ള വീണ്ടും ഓര്‍മ്മപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിക്കുകയാണ് രാഹുല്‍ ഗാന്ധി. ആരോപണം സജീവമാക്കി നിര്‍ത്താനാണ് രാഹുലിന്‍റെ നീക്കം. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തോടുള്ള കമ്മീഷന്‍റെ പ്രതികരണവും വളരെ ദുര്‍ബലമെന്നാണ് കോണ്‍​ഗ്രസിന്‍റെ വിലയിരുത്തല്‍.

കമ്മീഷന്‍റെ പ്രതികരണം ദുര്‍ബലമാകുമ്പോള്‍ കോണ്‍ഗ്രസ് രാജ്യവ്യാപകമായി ഒപ്പു ശേഖരണം തുടങ്ങി. ഒപ്പ് ശേഖരണത്തിന് പ്രിയങ്ക ഗാന്ധി ആഹ്വാനം നല്‍കി. കര്‍ണ്ണാടകയിലെ വോട്ട് മോഷണത്തില്‍ സിഐഡിയുമായി സഹകരിക്കുന്നുവെന്ന കമ്മീഷന്‍റെ വാദത്തെയും കോണ്‍ഗ്രസ് ചോദ്യം ചെയ്തു. അങ്ങനെയെങ്കില്‍ തെളിവുകള്‍ പുറത്ത് വിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എല്ലാ രേഖകളും കൈമാറിയിട്ടുണ്ടെന്ന് കമ്മീഷന്‍ അവകാശപ്പെട്ടിരുന്നു. ഇതിനിടെ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് രാഹുല്‍ ഗാന്ധിയുടെ നീക്കങ്ങളോട് അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നു. തുടര്‍ നിയമ നടപടിയെന്തെന്ന് വ്യക്തമാക്കാതെ ഭരണഘടന സ്ഥാപനത്തിനെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നത് തിരിച്ചടിയാകുമെന്നാണ് ഇവരുടെ വിലയിരുത്തല്‍. അതേ സമയം നേപ്പാള്‍ മാതൃകയില്‍ യുവതലമുറയെ ഇളക്കി വിടാനാണ് രാഹുലിന്‍റെ ശ്രമമെന്ന് കഴിഞ്ഞ ദിവസം ട്വീറ്റില്‍ നടത്തിയ ജെന്‍സി പരാമര്‍ശം ഉന്നയിച്ച് ബിജെപി കടുപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാദങ്ങള്‍ ദുര്‍ബലമാകുമ്പോള്‍ രാഹുലിനെതിരെ രാഷ്ട്രീയാരോപണം കടുപ്പിച്ച് ബിജെപി പ്രതിരോധം തീര്‍ക്കുകയാണ് ബിജെപി.

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. തൃശ്ശൂർ ചാവക്കാട് സ്വദേശി റഹീം (59) ആണ് മരിച്ചത്. ഇന്നലെയാണ് രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിൽ കണ്ടെത്തിയ വയോധികനെ വളണ്ടിയർമാരാണ് ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചത്. രോഗലക്ഷണങ്ങൾ ഉള്ളതിനാൽ സിഎസ്എഫ് പരിശോധന നടത്തി വരികയായിരുന്നു. അബോധാവസ്ഥയിൽ തുടരുകയായിരുന്നു രോഗി. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇതേ രോഗബാധയോടെ ചികിത്സയിലുള്ളവരുടെ എണ്ണം 10 ആയി തുടരുന്നു. മൂന്ന് കുട്ടികളടക്കമാണ് ഈ ലിസ്റ്റിൽ ഉള്ളത്. ഇതോടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 18 പേരാണ് മരിച്ചത്. ഈ മാസം മാത്രം 7 പേർ മരിച്ചു.

വികസന സദസിൽ പങ്കെടുക്കുമെന്ന് ലീ​ഗ്, വിവാ​ദമായപ്പോൾ മലക്കം മറിച്ചിൽ

സംസ്ഥാന സർക്കാരിൻ്റെ വികസന സദസുമായി സഹകരിക്കാനുള്ള തീരുമാനത്തിൽ മലക്കം മറിഞ്ഞ് മുസ്ലീം ലീഗ്. വികസന സദസ് മലപ്പുറത്ത് ഗംഭീരമായി നടത്തമെന്ന് മുസ്ലീം ലീഗ് ജില്ലാ നേതൃത്വം അറിയിച്ചിരുന്നു. വികസന സദസിൽ പങ്കെടുക്കണമെന്ന് തദ്ദേശഭരണ സ്ഥാനങ്ങളിലെ അധ്യക്ഷൻമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സംസ്ഥാനതലത്തിൽ യുഡിഎഫ് ബഹിഷ്ക്കരിക്കുമ്പോഴാണ് കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കി മലപ്പുറത്ത് മുസ്ലീം ലീഗ് വികസന സദസിനെ പിന്തുണച്ച് രം​ഗത്തെത്തിയത്. സംഭവം വിവാദമായതോടെ ലീ​ഗ് മലക്കം മറിഞ്ഞു. സ്വന്തം നിലക്ക് വികസന സദസ് നടത്തുമെന്നാണ് ലീ​ഗ് ഇപ്പോൾ പറയുന്നത്.

തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് അവരുടെ വികസന നേട്ടങ്ങള്‍ ജനങ്ങളുടെ മുമ്പാകെ പഞ്ചായത്ത്/മുൻസിപ്പാലിറ്റികളുടെ ചിലവില്‍ അവതരിപ്പിക്കാൻ കിട്ടുന്ന അവസരാണ് വികസന സദസെന്നാണ് സര്‍ക്കുലറില്‍ മുസ്ലീം ലീഗ് നേതൃത്വം പറയുന്നത് .അതുകൊണ്ട് അവസരം അനുകൂലമായി പ്രയോജനപെടുത്തണമെന്നാണ് മുസ്ലീം ലീഗ് ജില്ലാ നേതൃത്വം നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ചുള്ള വികസന സദസ് നവകേരള സദസുപോലെത്തന്നെ ധൂര്‍ത്താണെന്നും സഹകരിക്കില്ലെന്നുമാണ് യുഡിഎഫ് സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നത്.ഇത് തള്ളി മലപ്പുറം ജില്ലാ മുസ്ലീം ലീഗ് നേതൃത്വം സഹകരിക്കാൻ തീരുമാനിച്ചത് യുഡിഎഫില്‍ വലിയ ആശയക്കുഴപ്പമാണ് ഉണ്ടാക്കിയിട്ടുള്ളത്.

സൗദി-പാക് ബന്ധം നിലപാട് വ്യക്തമാക്കി ഇന്ത്യ

സൗദി അറേബ്യയ്ക്കും പാകിസ്ഥാനും ഇടയിലെ സൈനിക സഹകരണത്തിലെ അലോസരം മറച്ചു വയ്ക്കാതെ ഇന്ത്യ. സൗദിയുമായുള്ളത് തന്ത്രപ്രധാന ബന്ധം. താൽപര്യം പരസ്പരം അംഗീകരിക്കപ്പെടേണ്ടതാണെന്നും വിദേശകാര്യമന്ത്രാലയം. ഇന്ത്യയുടെ പ്രതികരണം, സൗദി-പാകിസ്ഥാൻ സഖ്യത്തിലേക്ക് കൂടുതൽ രാജ്യങ്ങൾ ചേർന്നേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇന്ത്യയുടെ പ്രതികരണം. സൗദി അറേബ്യയുമായുള്ളത് വിവിധ മേഖലകളിലെ തന്ത്രപ്രധാന പങ്കാളിത്തമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. സൗദി- പാകിസ്ഥാൻ സൈനിക സഹകരണ കരാറിനോടാണ് പ്രതികരണം. സൗദിയും ഇന്ത്യയും കമ്മിലെ തന്ത്രപ്രധാന ബന്ധത്തിൽ രണ്ടു രാജ്യങ്ങളുടെയും താത്പര്യങ്ങളും വിഷയങ്ങളും പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഛാബഹാർ തുറമുഖത്തിൻറെ ഉപരോധ ഇളവ് അമേരിക്ക പിൻവലിച്ചത് പഠിക്കുകയാണെന്ന് വ്യക്തമാക്കിയ രൺധീർ ജയ്‌സ്വാൾ അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ നല്ല അന്തരീക്ഷത്തിൽ നടന്നുവെന്നും വ്യക്തമാക്കി.

രാഹുലിനെ മണ്ഡലത്തിൽ സജീവമാക്കാൻ ഒരുവിഭാ​ഗം

രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് മണ്ഡലത്തിൽ സജീവമാക്കാൻ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ. രാഹുലിനെതിരെ ഇതുവരെ ഒരു കേസുമില്ലെന്നും എംഎൽഎ എന്ന നിലയിൽ പ്രവർത്തിക്കാൻ തടസമില്ലെന്നും വി.കെ. ശ്രീകണ്ഠൻ. അതേസമയം, രാഹുൽ പാലക്കാട് എത്തിയാൽ തടയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തിയാൽ സിപിഎം തടയില്ലെന്ന് പറഞ്ഞ എം വി ഗോവിന്ദൻ രാഹുൽ സാംസ്കാരിക ജീർണതയുടെ പ്രതീകമാണെന്നും വിമര്‍ശിച്ചു.