കെഎം ഷാജഹാന്റെ യൂട്യൂബ് ചാനൽ, പ്രാദേശിക കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണൻ ചെട്ടിശ്ശേരി എന്നിവരാണ് പ്രതികൾ. മെട്രോ വാർത്ത പത്രത്തിനെതിരെയും കേസ് എടുത്തിട്ടുണ്ട്.
കൊച്ചി: അശ്ലീല പ്രചാരണത്തിലും സൈബർ ആക്രമണത്തിലും സിപിഎം നേതാവ് കെ ജെ ഷൈൻ നൽകിയ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് എറണാകുളം റൂറൽ സൈബർ പോലീസ്. കെഎം ഷാജഹാന്റെ യൂട്യൂബ് ചാനൽ, പ്രാദേശിക കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണൻ ചെട്ടിശ്ശേരി എന്നിവരെയും കേസിൽ പ്രതി ചേര്‍ത്തിട്ടുണ്ട്.. മെട്രോ വാർത്ത പത്രത്തിനെതിരെയും കേസ് എടുത്തിട്ടുണ്ട്. പരാതിയെ തുടര്‍ന്ന് കെ ജെ ഷൈന്റെ വീട്ടിലെത്തി പൊലീസ് മൊഴിയെടുത്തിരുന്നു.
അതേ സമയം, തനിക്കുണ്ടായ സൈബർ ആക്രമണം പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ അറിവോടെയാണെന്നും ഒരു ബോംബ് വരുന്നുണ്ടെന്ന് പ്രാദേശിക കോൺഗ്രസ് നേതാവ് പറഞ്ഞിരുന്നെന്നും ആണ് കെ ജെ ഷൈൻ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. സാമൂഹ്യ മാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും തനിക്കെതിരെ നടക്കുന്ന പ്രചരണങ്ങൾക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും കെ ജെ ഷൈൻ പരാതി നൽകിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ശ്രമമെന്നും അപവാദ പ്രചാരണത്തിന് പിന്നിൽ കോൺഗ്രസിന്റെ നിസ്സഹായാവസ്ഥയാണെന്നും അവർ പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചർച്ച ചെയ്യപ്പെടുന്ന ലൈംഗിക കുറ്റത്തെയും ആ ലൈംഗിക വൈകൃതത്തിന് അടിമപ്പെട്ട എംഎൽഎയും രക്ഷിക്കാൻ പല തരത്തിലും ശ്രമിച്ചിട്ട് കഴിയുന്നില്ല. അപ്പോൾ അതിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഒരു നീക്കത്തിന്റെ ഭാഗമായിട്ടായിരിക്കാം ഇത്തരമൊരു അപവാദ പ്രചാരണം ഉണ്ടായത് എന്നാണ് കരുതുന്നതെന്നും കെ ജെ ഷൈൻ വ്യക്തമാക്കിയിരുന്നു.



