ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട 10 വാർത്തകൾ, ഒറ്റനോട്ടത്തിലറിയാം... ചുവടെ
വന്ദേ ഭാരതും വാട്ടർമെട്രോയും അടക്കം വിവിധ പദ്ധതികൾ നാടിന് സമർപ്പിക്കാനായി പ്രധാനമന്ത്രി നാളെ കേരളത്തിലെത്തും. യുവം അടക്കമുളള പരിപാടികളിലും മോദി പങ്കെടുക്കും. കർദീനാൾ മാർ ആലഞ്ചേരിയടക്കം എട്ട് സഭാ അധ്യക്ഷൻമാരുമായി നാളെ വൈകീട്ട് കൊച്ചിയിൽ കൂടിക്കാഴ്ച നടത്തും. വൈകിട്ട് 5 ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി റോഡ് ഷോയും നടത്തും. നേരത്തെ തേവര ജംങ്ഷൻ മുതൽ 1.2 കിലോമീറ്ററായി നിശ്ചയിച്ച റോഡ് ഷോ 1.8 കി.മി ആക്കി കൂട്ടിയിട്ടുണ്ട്. ജനബാഹുല്യം കണക്കിലെടുത്ത് മോദിയുടെ കൊച്ചിയിലെ റോഡ് ഷോയുടെ ദൂരം കൂട്ടിയതെന്നാണ് വിശദീകരണം. പ്രധാന മന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് ചൊവ്വാഴ്ച തിരുവനന്തപുരം നഗരത്തിൽ രാവിലെ 7 മണി മുതൽ 2 വരെ ഗതാഗത നിയന്ത്രണമുണ്ടാകും. ശംഖുമുഖം, ചാക്ക, തമ്പാനൂർ, ബേക്കറി ഇംഗ്ഷൻ , സ്റ്റാചു, പനവിള തുടങ്ങിയ സ്ഥലങ്ങളിലാണ് നിയന്ത്രണം. റോഡിന് ഇരുവശവും പാർക്കിംഗ് അനുവദിക്കില്ല.
2കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയോട് 100 ചോദ്യങ്ങള്‍; യങ് ഇന്ത്യ ക്യാംപയ്നുമായി ഡിവൈഎഫ്ഐ
കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയോട് നൂറ് ചോദ്യങ്ങളുമായി ഡിവൈഎഫ്ഐ പരിപാടി ഇന്നും നാളെയും. മന്‍കി ബാത്ത് മാത്രം നടത്തുന്ന പ്രധാനമന്ത്രി തിരിച്ചുള്ള ചോദ്യങ്ങള്‍ കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് യങ് ഇന്ത്യ ക്യാംപയിന്‍. കൊല്ലത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും തിരുവനന്തപുരത്ത് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും ഉദ്ഘാടനം ചെയ്യും. തൊഴിലില്ലായ്മ, കാര്‍ഷിക നിയമങ്ങള്‍, വിലക്കയറ്റം, സ്വകാര്യവല്‍ക്കരണം തുടങ്ങി വിവിധ വിഷയങ്ങളിലൂന്നിയുള്ള ചോദ്യങ്ങളാണ് പ്രധാനമന്ത്രിയോട് ഉയര്‍ത്തുക. ജില്ലാകേന്ദ്രങ്ങളില്‍ വിവിധ സമയങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി കർണാടകയിലെത്തി. പ്രധാനനേതാക്കളുടെ കൊഴിഞ്ഞുപോക്കോടെ ബിജെപിയിൽ നിന്ന് ചോരുന്ന ലിംഗായത്ത് വോട്ടുകൾ കോൺഗ്രസിലെത്തിക്കാനുള്ള ലക്ഷ്യവുമായിട്ടാണ് രാഹുൽ ഗാന്ധി കർണാടകത്തിലെത്തുന്നത്. ബാഗൽകോട്ട് ജില്ലയിലെ കൂടലസംഗമയിൽ ബസവേശ്വരജയന്തി ആഘോഷങ്ങളിലും രാഹുൽ ഗാന്ധി പങ്കെടുത്തു. ലിംഗായത്ത് സമുദായസ്ഥാപകനായ ബസവേശ്വരൻ സമാധിയടഞ്ഞു എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് കൂടലസംഗമ. സത്യത്തിന് വേണ്ടി നിലകൊണ്ടയാളാണ് ബസവേശ്വരനെന്ന് രാഹുൽ പറഞ്ഞു. സത്യം പറഞ്ഞതിന്‍റെ പേരിലാണ് ചിലർ തന്നെ വേട്ടയാടുന്നത്. സത്യത്തിന് വേണ്ടി പോരാടിയവരെ എന്നും ആദരിക്കുമെന്നും രാഹുൽ വ്യക്തമാക്കി. ബിജാപൂരിൽ വൻ ജനാവലിയുടെ അകമ്പടിയോടെ രാഹുൽ റോഡ് ഷോയിലും പങ്കെടുത്തു. ബിജെപി വിട്ട് കോൺഗ്രസിലെത്തിയ മുൻ മുഖ്യമന്ത്രി ജഗ്ദീഷ് ഷെട്ടറുമായും രാഹുൽ കൂടിക്കാഴ്ച നടത്തി.
4 എഐ ക്യാമറയിൽ അഴിമതി; രേഖകൾ കൈയ്യിലുണ്ട്, പുറത്തുവിടും; സർക്കാരിനെ വെല്ലുവിളിച്ച് ചെന്നിത്തല
എഐ ക്യാമറ വെച്ചതിൽ ഏറെ ദുരൂഹതയും അഴിമതിയുമെന്ന ആരോപണവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ആരും ട്രാഫിക് സുരക്ഷയ്ക്ക് എതിരല്ല. എന്നാൽ അതിന്റെ പേരിൽ അഴിമതി നടത്താൻ അനുവദിക്കില്ല. എല്ലാ രേഖകളും തന്റെ പക്കലുണ്ട്. താൻ ചോദിച്ചപ്പോൾ സർക്കാർ തന്നില്ല. എന്നാലിപ്പോൾ എന്റെ കൈയ്യിലുണ്ട്. രേഖകൾ പുറത്ത് വിടാൻ സർക്കാരിന് നാല് ദിവസം സമയം കൊടുക്കും. ഇല്ലെങ്കിൽ താൻ തന്നെ രേഖകൾ പുറത്തുവിടും. പദ്ധതി നടപ്പാക്കുന്ന കമ്പനികളെ തെരഞ്ഞെടുത്തതിൽ ക്രമക്കേട് ആരോപിച്ച ചെന്നിത്തല കമ്പനികൾക്ക് മുൻപരിചയമില്ലെന്നും കുറ്റപ്പെടുത്തി. സർക്കാർ പദ്ധതിക്കുള്ള തുക വർധിപ്പിച്ചതിലും ചെന്നിത്തല ദുരൂഹതയാരോപിച്ചു.
എ ഐ ക്യാമറ പദ്ധതിയില്‍ അടിമുടി ദുരൂഹത, അഴിമതിയെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം തള്ളി കെല്‍ട്രോണ്‍ എം ഡി നാരായണ മൂർത്തി രംഗത്തെത്തി. എല്ലാ നടപടി കളും സുതാര്യമായാണ് നടത്തിയതെന്നും പദ്ധതി തുക ആദ്യം മുതൽ 235 കോടി തന്നെയായിരുന്നു എന്നും അദ്ദേഹം വിശദീകരിച്ചു. ചർച്ചകൾ ചെയ്ത ശേഷം 232 കോടിയാക്കി. ഇതിൽ 151 കോടി യാണ് SRIT എന്ന കമ്പനിക്ക് ഉപകരാർ നൽകിയത്. ബാക്കി തുക കൺട്രോൾ നടത്താനും ചെല്ലാൻ അയക്കാനും കെൽട്രോണിന്‍റെ ചെലവിനുമായി വിനിയോഗിക്കേണ്ടതാണ്. ഒരു ക്യാമറ 35 ലക്ഷമെന പ്രചരണം തെറ്റാണെന്നും കെല്‍ട്രോണ്‍ എം ഡി അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് 7 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പാലക്കാട്, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവധ പ്രദേശങ്ങളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും കോട്ടയം ജില്ലയിൽ 38°C വരെയും ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ 37°C വരെയും എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ 36°C വരെയും (സാധാരണയെക്കാൾ 2 °C - 4 °C കൂടുതൽ) താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം 2023 ഏപ്രിൽ 23 ന് ഈ ജില്ലകളിലെ മലയോര പ്രദേശങ്ങൾ ഒഴികെയുള്ള സ്ഥലങ്ങളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
7കൊടുംചൂടില്‍ ആശ്വാസം വരുമോ? മഴ സാധ്യത പ്രവചനം അറിയാം
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവതനം. രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ടയിലും ഇടുക്കിയിലുമാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഇടുക്കിയിൽ നാളെയും യെല്ലോ അലർട്ടായിരിക്കും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഏപ്രിൽ 23 മുതൽ 27 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വേഗതയിൽ വരെ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ആഭ്യന്തര കലാപം തുടരുന്ന സുഡാനിൽ വെടിയേറ്റ് മരിച്ച കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിന്‍റെ ഭാര്യയും മകളും സഹായം തേടി വീണ്ടും രംഗത്ത്. ഖർത്തൂമിലെ ഫ്ലാറ്റിൽ കുടുങ്ങിയിട്ട് 8 ദിവസമായെന്നും കുടിവെള്ളമടക്കം ലഭ്യമല്ലെന്നും എംബസി അടിയന്തര ഇടപെടൽ നടത്തണമെന്നും കുടുംബം ആവശ്യപ്പെടുന്നു. സൈന്യവും അർദ്ധസൈന്യവും അധികാരപോരാട്ടം നടത്തുന്ന സുഡാനിലെ തലസ്ഥാനമായ ഖർത്തൂമിൽ ഫ്ലാറ്റിൽ ഏപ്പിൽ 15നാണ് സൈബല്ലയുടെ ഭർത്താവും കണ്ണൂർ സ്വദേശിയുമായ ആൽബർട്ട് അഗസ്റ്റിൻ കൊല്ലപ്പെട്ടത്. ഫ്ലാറ്റിന്‍റെ ജനലരികിൽ ഇരുന്ന് മകനോട് ഫോണിൽ സംസാരിക്കുന്നതിനിടെയായിരുന്നു വെടിയേറ്റത്. സംഘർഷം രൂക്ഷമായതോടെ മൃതദേഹം പോലും സ്ഥലത്ത് നിന്ന് മാറ്റാനാകാതെ ഫ്ലാറ്റിലെ ബേസ് മെന്‍റിൽ അഭയം തേടുകയായിരുന്നു സൈബല്ലയും മകളും. എട്ട് ദിവസമായി ഫ്ലാറ്റിന്‍റെ അടിത്തട്ടിൽ കഴിയുകയാണ് സൈബല്ല. നിലവിൽ കുടിവെള്ളമടക്കം കഴിഞ്ഞെന്നും നാട്ടിലേക്ക് മടക്കി കൊണ്ടുവരാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും സൈബല്ല ആവശ്യപ്പെടുന്നു.
9രാജ്യത്ത് ഒരു ദിവസത്തിനിടെ 10,112 പേർക്ക് കൊവിഡ്; പോസിറ്റിവിറ്റി നിരക്ക് കൂടി, ജാഗ്രത വേണം
രാജ്യത്ത് ഒരു ദിവസത്തിനിടെ 10112 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ കുറവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം പോസിറ്റിവിറ്റി നിരക്ക് കൂടി. 7.03 ശതമാനം ആണ് പോസിറ്റിവിറ്റി നിരക്ക്. കൊവിഡ് പടരുന്ന സാഹചര്യത്തിൽ കേരളം ഉൾപ്പെടെ എട്ടു സംസ്ഥാനങ്ങൾ അതിജാഗ്രത പാലിക്കണമെന്നും രോഗബാധ സാധ്യതയുള്ള സ്ഥലങ്ങളിൽ പകർച്ച തടയാൻ മുൻകരുതൽ നടപടി വേണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന് പുറമെ, ഉത്തർപ്രദേശ്, തമിഴ്നാട്, രാജസ്ഥാൻ, മഹാരാഷ്ട്ര, കർണാടക, ഹരിയാന, ഡൽഹി സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ കത്തയച്ചത്.
10പരാതി നല്‍കിയിട്ടും ബ്രിജ് ഭൂഷൻ സിംഗിനെതിരെ കേസെടുത്തില്ല, പ്രതിഷേധവുമായി വിണ്ടും ഗുസ്തി താരങ്ങള്‍
ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷൻ സിംഗിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടും എഫ്ഐആര്‍ ഇടാനോ കേസെടുക്കാനാ തയാറാവത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഗുസ്തി താരങ്ങള്‍ പ്രതിഷേധവുമായി വീണ്ടും ജന്തര്‍ മന്ദിറിലെത്തി. നേരത്തെ ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ജന്ദര്‍ മന്ദിറില്‍ സമരം ചെയ്തതിനെ തുടര്‍ന്ന് കായിക മന്ത്രാലയം സമിതിയെ നിയോഗിച്ചിരുന്നെങ്കിലും സമിതി ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. തങ്ങള്‍ക്ക് ഒരേയൊരു പരാതിയെ ഉള്ളൂവെന്നും താരങ്ങള്‍ ഉയര്‍ത്തിയ പരാതിയില്‍ ഇതുവരെ ഒരു നടപടിയും സ്വീകരിക്കാന്‍ കായിക മന്ത്രാലയം തയാറായിട്ടില്ലെന്നും ഒളിംപിക്സ് വെങ്കല മെഡല്‍ ജേതാവായ ബജ്രംഗ് പൂനിയ പറഞ്ഞു.

