കോൺഗ്രസിന്റെ വിശ്വാസ സംരക്ഷണ ജാഥകൾക്ക് തുടക്കം. ശബരിമലയുടെ ആചാരവും വിശ്വാസവും സംരക്ഷിക്കണമെന്നും ദേവസ്വം സ്വത്തുവകകള്‍ മോഷ്ടിച്ചവരെ കണ്ടെത്തി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ജാഥ.

കോൺഗ്രസിന്റെ വിശ്വാസ സംരക്ഷണ ജാഥകൾക്ക് തുടക്കം

ശബരിമല സ്വർണക്കൊള്ളയ്ക്കെതിരായ കോൺഗ്രസിന്റെ വിശ്വാസ സംരക്ഷണ മേഖല ജാഥകൾക്ക് ഇന്ന് തുടക്കം. ശബരിമലയുടെ ആചാരവും വിശ്വാസവും സംരക്ഷിക്കണമെന്നും ദേവസ്വം സ്വത്തുവകകള്‍ മോഷ്ടിച്ചവരെ കണ്ടെത്തി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ജാഥ. പാലക്കാട്, കാസര്‍കോഡ്, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഇന്ന് ജാഥ തുടങ്ങും. നാളെ മുവാറ്റുപുഴയില്‍ നിന്നും ജാഥ ആരംഭിക്കും. വെള്ളിയാഴ്ച നാലു ജാഥകളും ചെങ്ങന്നൂരില്‍ സംഗമിച്ച ശേഷം 18ന് പന്തളത്ത് സമാപിക്കും. പാലക്കാട് നിന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയും കാസര്‍കോഡ് നിന്ന് കെ.മുരളീധരനും തിരുവനന്തപുരത്ത് നിന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപിയും ജാഥ നയിക്കും. മൂവാറ്റുപുഴയില്‍ നിന്ന് ബെന്നി ബഹ്നാന്‍ എംപിയാണ് ജാഥ നയിക്കുന്നത്. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും അടക്കമുള്ളവർ ജാഥ ഉദ്ഘാടനം ചെയ്യും.

വഖഫ് ബോർഡ് യോ​ഗം ചേരും

സംസ്ഥാന വഖഫ് ബോര്‍ഡ് യോഗം ഇന്ന് ചേരും. കൊച്ചിയിലെ ബോര്‍ഡ് ആസ്ഥാനത്ത് രാവിലെ പതിനൊന്നു മണിക്കാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്ന ഹൈക്കോടതി ഉത്തരവ് വന്ന ശേഷം ആദ്യമായാണ് യോഗം ചേരുന്നത്. ഇന്നത്തെ യോഗത്തിന്‍റെ അജന്‍ഡയില്‍ മുനമ്പം വിഷയം ഇല്ല. എന്നാല്‍ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുനമ്പത്തിന്‍റെ കാര്യത്തില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികള്‍ ഇന്ന് ചര്‍ച്ചയായേക്കും. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകണോ എന്ന കാര്യത്തിലെ ബോര്‍ഡ് തീരുമാനം മുനമ്പത്തിന്‍റെ കാര്യത്തില്‍ നിര്‍ണായകമാണ്.

പാലിയേക്കര ടോൾപിരിവ്, ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

ഇടപ്പളളി, മണ്ണൂത്തി ദേശീയ പാതയിൽ പാലിയേക്കരയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഗതാഗത തടസം പൂർണമായി പരിഹരിച്ചതിന് ശേഷമേ ടോൾ പിരിവ് പുനരാരംഭിക്കാൻ അനുവദിക്കൂ എന്ന് കഴിഞ്ഞ ദിവസവും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഒന്നരമാസം മുന്പാണ് പാലിയേക്കരയിലെ ടോൾ പിരിവ് ഹൈക്കോടതി തടഞ്ഞത്.

ബിഹാറിൽ സീറ്റ് തർക്കത്തിൽ സമവായത്തിലെത്തി മഹാസഖ്യം, ഇന്ന് പ്രഖ്യാപനമുണ്ടാകും

ബിഹാർ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തിൽ ധാരണയിലെത്തി മഹാസഖ്യം. പ്രഖ്യാപനം ഇന്നുണ്ടായേക്കും. ലാലു പ്രസാദ് യാദവിന്റെ ആർജെഡി 135 സീറ്റുകളിലും കോൺ​ഗ്രസ് 61 സീറ്റിലും മത്സരിക്കും. നേരത്തെ ആർജെഡി 144 സീറ്റുകൾക്കായി വാദിച്ചിരുന്നു. 70 സീറ്റുകൾ വേണമെന്ന് കോൺ​ഗ്രസും ആവശ്യപ്പെട്ടതോടെ സീറ്റ് വിഭജനം തർക്കത്തിലായി. ബീഹാറിലെ 243 സീറ്റുകളിൽ ബാക്കി ഇടതുമുന്നണിക്കും മുകേഷ് സഹാനിയുടെ വികാസ്ശീല്‍ ഇൻസാൻ പാർട്ടിക്കും (വിഐപി) നൽകും. തേജസ്വി യാദവിനെ സഖ്യത്തിന്റെ മുഖ്യമന്ത്രി മുഖമായി ഉയർത്തിക്കാട്ടാനും തീരുമാനമായെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.