ഹൈക്കമാൻഡ് സമ്മർദ്ദത്തിന് വഴങ്ങി ഡി.കെ ദില്ലിയിലേയ്ക്ക് പുറപ്പെടുമെന്ന് അറിയിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റി. മുഖ്യമന്ത്രി സ്ഥാനം പങ്കിടാമെന്ന് സിദ്ധരാമയ്യയും അറിയിച്ചു.
ഡികെയോ സിദ്ദുവോ; കർണാടകയിൽ ക്ലൈമാക്സ്
കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായേക്കും. അതൃപ്തി പരസ്യമാക്കി ഡികെ ശിവകുമാർ. താൻ ഭരണം നേടിക്കൊടുത്തെന്നും ഇനിയെല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയെന്നും പ്രതികരണം. ഹൈക്കമാൻഡ് സമ്മർദ്ദത്തിന് വഴങ്ങി ഡി.കെ ദില്ലിയിലേയ്ക്ക് പുറപ്പെടുമെന്ന് അറിയിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റി. മുഖ്യമന്ത്രി സ്ഥാനം പങ്കിടാമെന്ന് സിദ്ധരാമയ്യയും അറിയിച്ചു.
റോഡിലെ ക്യാമറ വിവാദത്തിൽ വ്യവസായ സെക്രട്ടറിയുടെ റിപ്പോർട്ട് ഇനിയും വൈകും. മുഹമ്മദ് ഹനീഷ് ആശുപത്രി
സംരക്ഷണ ഓര്‍ഡിനൻസിന്റെ തിരക്കിലെന്ന് വിശദീകരണം. കെൽട്രോണിനെ വെള്ളപൂശാൻ വേണ്ടിയെന്ന് ചെന്നിത്തല.
ഇടപാടിൽ ആരോപണം ഉന്നയിച്ചത് കരാർ കിട്ടാത്ത കമ്പനികളല്ല, പിൻമാറിയവരാണെന്നും മുൻ പ്രതിപക്ഷ നേതാവ്.
കേരളത്തെ ഞെട്ടിച്ച് ആൾക്കൂട്ടക്കൊല
മലപ്പുറം കിഴിശ്ശേരിയില്‍ ഇതരസംസ്ഥാന തൊഴിലാളി ക്രൂരമായ ആള്‍ക്കൂട്ട മര്‍ദനത്തില്‍ കൊല്ലപ്പെട്ട സ്ഥലത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറെ എത്തിച്ച് ശാസ്ത്രീയ പരിശോധന. കൊല്ലപ്പെട്ടയാള്‍ മോഷണത്തിനിടെ വീടിന്റെ മുകള്‍ നിലയില്‍ നിന്നും വീണു എന്ന പ്രതികളുടെ മൊഴിയില്‍ എന്തെങ്കിലും കഴമ്പുണ്ടോ എന്നറിയാനാണ് പരിശോധന. അതിക്രൂരമായ മര്‍ദനത്തിനിടെ വിട്ടയ്ക്കാന്‍ നിരവധി തവണ രാജേഷ് മാഞ്ചി അപേക്ഷിച്ചിരുന്നെന്ന വിവരവും പുറത്തുവന്നു. പ്രതികള്‍ ഒളിപ്പിച്ച പ്രദേശത്തെ സിസിടിയുടെ ഡിവിആര്‍ കണ്ടെടുത്തു.
ലക്ഷ്യമിട്ടത് ഷാരൂഖ് ഖാനിൽ നിന്ന് 25 കോടി
നടൻ ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാനെ പ്രതിയാക്കി വ്യാജ ലഹരി മരുന്ന് കേസെടുത്തത് 25 കോടി തട്ടാനെന്ന് സിബിഐ. എൻസിബി സോണൽ ഡയറക്ടർ സമീർ വാംഗഡെയെ ഒന്നാം പ്രതിയാക്കി എടുത്ത എഫ്ഐആറിലാണ് നിർണായക വിവരം. ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി 25 കോടി രൂപ തട്ടിയെടുക്കാനായിരുന്നു സമീർ വാംഗഡെ സാക്ഷി കെപി ഗോസാവിയുമായി ചേർന്ന് ഗൂഢാലോചന നടത്തി. 25 കോടി പിന്നീട് 18 കോടിയാക്കി കുറച്ചു. 50 ലക്ഷം ആദ്യ ഗഡുവായി കൈക്കലാക്കിയെന്നും എഫ്ഐആറിൽ പറയുന്നു. വിദേശ യാത്ര നടത്തിയതിനും ആഡംബര വാച്ചുകൾ സ്വന്തമാക്കിയതിലുമുള്ള വരുമാന സ്രോതസ് സമീറിന് വെളിപ്പെടുത്താനായില്ല. കഴിഞ്ഞ വെള്ളിയാഴ്ച സമീറിന്‍റെ വസതിയിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു.
കൊച്ചിയിലെ മയക്കുമരുന്ന് വേട്ടയിൽ നഗരങ്ങളിൽ അന്വേഷണം
ഇന്ത്യൻ സമുദ്രാതിർത്തിയിൽ പാക് ബോട്ടിൽ നിന്നും 25,000 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തതിൽ പ്രധാന നഗരങ്ങളിലും അന്വേഷണം. കൊച്ചി അടക്കം മെട്രോ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. കൂടുതൽ ബോട്ടുകളിൽ മയക്കുമരുന്ന് ഉണ്ടായിരുന്നുവെന്നും പരിശോധനക്കിടെ മദർഷിപ്പ് കടലിൽ താഴ്ന്നുവെന്നും നാർക്കോട്ടിക്ക് കണ്‍ട്രോൾ ബ്യുറോ വ്യക്തമാക്കി. വരുംദിവസങ്ങളിൽ കൂടുതൽ പിടിച്ചെടുക്കലുകൾ ഉണ്ടാകുമെന്ന് എൻസിബി സോണൽ ഡയറക്ടർ അരവിന്ദ് പറഞ്ഞു.മയക്കുമരുന്നിന്‍റെ ഉറവിടം ഇറാൻ-- പാക്കിസ്ഥാൻ ബെൽറ്റ് തന്നെയെന്ന് ഉറപ്പിക്കുന്നു.എന്നാൽ ഇന്ത്യയിൽ കണ്ണികളാരൊക്കെ എന്നതാണ് അന്വേഷണത്തിലെ അടുത്ത ഘട്ടം.ഇന്ത്യയിലെ പ്രധാന നഗരങ്ങൾ തന്നെയാണ് ലക്ഷ്യസ്ഥാനങ്ങൾ
ട്രെയിനിൽ വീണ്ടും ആക്രമണം, യാത്രക്കാരന് കുത്തേറ്റു
പാലക്കാട് ഷൊർണൂരിൽ ട്രെയിനിനുള്ളിൽ യാത്രക്കാരന് കുത്തേറ്റു. മരുസാഗർ എക്സ്പ്രസ് ഷൊർണൂരിലെത്തിയപ്പോഴായിരുന്നു അക്രമം. പരപ്പനങ്ങാടി സ്വദേശി ദേവദാസിനാണ് കുത്തേറ്റത്. സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തപ്പോൾ പ്രതി സിയാദ് കുപ്പി കൊണ്ട് കുത്തുകയായിരുന്നെന്ന് ദേവദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കർശനമാക്കി ആശുപത്രി സംരക്ഷണ നിയമം
കായികമായ അതിക്രമങ്ങൾ മാത്രമല്ല, വാക്കുകൾ കൊണ്ടുള്ള അധിക്ഷേപവും ആശുപത്രി സംരക്ഷണ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരും. ആരോഗ്യപ്രവർത്തകർക്കെതിരായ സൈബർ ആക്രമണം വരെ നിയമത്തിൽ പെടുത്തണമെന്നായിരുന്നു സംഘടനകളുടെ ആവശ്യം. ആരോഗ്യസ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ആരോഗ്യപ്രവർത്തകരിൽ ഒതുങ്ങിയിരുന്ന നിയമപരിരക്ഷ നഴ്സിങ് കോളേജുകൾ ഉൾപ്പടെ ആരോഗ്യമേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും. സ്വാശ്രയ കോളേജുകൾക്ക് ഉൾപ്പടെ നിയമത്തിന്റെ സംരക്ഷണമുണ്ടാകും. സുരക്ഷാ ജീവനക്കാർ, ക്ലറിക്കൽ ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ എന്നിവരെ വരെ നിയമപരിരക്ഷയിൽ പെടുത്താൻ ആവശ്യം ഉയർന്നിരുന്നു. ഇവരിൽ, ആശുപത്രികളിലെ സുരക്ഷാ ജീവനക്കാരെയും പരിശീലനത്തിന് എത്തുന്നവരെയും ആശുപത്രി സംരക്ഷണ നിയമത്തിന്റെ പരിധിയിലേക്ക് ചേർക്കാനാണ് ആലോചന. അതിക്രമങ്ങൾക്ക് പരമാവധി ശിക്ഷ മൂന്നിൽ നിന്ന് 7 വർഷമാക്കും. കുറഞ്ഞ ശിക്ഷ 6 മാസം. അന്വേഷണം നടത്തി വിചാരണ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും. ഉപകരണങ്ങൾ നശിപ്പിച്ചാൽ വിലയുടെ ആറിരട്ടി വരെ നഷ്ടപരിഹാരം എന്നതിലും അന്തിമ ചർച്ചകൾ നടക്കുകയാണ്. നിയമവകുപ്പിന്റെ പരിശോധന കൂടിയാണ് പൂർത്തിയാകാനുള്ളത്.
തമിഴ്നാട്ടിൽ അരിതേടി അരിക്കൊമ്പൻ
തമിഴ്നാട് വനവകുപ്പും നാട്ടുകാരും ഭയന്നതു പോലെ തന്നെ അവിടെയും അരിക്കൊമ്പൻ ആക്രമണങ്ങൾ തുടങ്ങി. ചിന്നക്കനാലിലേതു പോലെ രാത്രി രണ്ടു മണിക്കു ശേഷമാണ് എസ്റ്റേറ്റിലെ റേഷൻ കടയുടെ ജനൽ കൊമ്പൻ ഭാഗികമായി തകർത്തത്. തകര ഷീറ്റുകൊണ്ട് മറച്ചിരുന്ന ജനലാണ് തകർക്കാൻ ശ്രമിച്ചത്. എന്നാൽ അരി തിന്നാതെ ആന തിരികെ കാടുകയറി. കടയ്ക്കു മുൻപിൽ ഉണ്ടായിരുന്ന ഇരുചക്രവാഹനവും ആക്രമിച്ചില്ല. സമീപത്തെ ലയത്തിൻറെ ഒരു വാതിലും തുറക്കാൻ ശ്രമിച്ചു. പുലർച്ചെയോടെ പെരിയാർ കടുവ സങ്കേതത്തിലെ വനമേഖലയിലെത്തി. അപ്പർ മണലാർ ഭാഗത്ത് സംസ്ഥാന വനംവകുപ്പിൻറെ ക്യാമ്പിനുള്ളിൽ കടന്നു. ആന കടന്നു പോയപ്പോൾ കോമ്പൗണ്ടിനുള്ളിലുണ്ടായിരുന്ന താൽക്കാലിക ഷെഡ്ഡും ഭാഗികമായി തകർന്നു വീണു. തിരികെ അതിർത്തി മേഖലയിലെ വനത്തിനുള്ളിലേക്ക് കടന്നതായാണ് വനവകുപ്പിന് സിഗ്നൽ ലഭിച്ചിരിക്കുന്നത്.
ഹിൻഡൻബർഗ് സെബിയുടെ അപേക്ഷയിൽ തീരുമാനം നാളെ
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അദാനിക്കെതിരായ അന്വേഷണത്തിന് കൂടുതല്‍ സമയം ചോദിച്ചുള്ള സെബിയുടെ അപേക്ഷയില്‍ സുപ്രീംകോടതി ഉത്തരവ് നാളെ. അന്വേഷണം പൂര്‍ത്തിയാക്കാന്‍ 6 മാസത്തെ സമയം വേണമെന്നാണ് ആവശ്യം. ഓഹരി വിപണി ഇടപാടുകളുമായി ബന്ധപ്പെട്ട് 2016 മുതല്‍ അന്വേഷണം നേരിടുന്ന കന്പനികളിൽ അദാനി ഇല്ലെന്ന് വ്യക്തമാക്കി സെബി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇന്ന് ഈ വിഷയത്തിൽ ഉത്തരവ് നൽകാമെന്നായിരുന്നു കഴിഞ്ഞതവണ പരിഗണിച്ചപ്പോൾ വ്യക്തമാക്കിയത്.എന്നാൽ പ്രത്യേക സിറ്റിംഗ് കാരണം കോടതി ഹർജി നാളെത്തേക്ക് മാറ്റുകയായിരുന്നു. അതെസമയം സെബി സമർപ്പിച്ച സത്യവാങ്മൂലത്തിൽ അദാനി കമ്പനികൾക്കെതിരെ 2016 മുതൽയാതൊരു അന്വേഷണവും നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്നു. സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഇടപെടുകളുമായി ബന്ധപ്പെട്ട് 51 കമ്പനികൾക്കെതിരെ 2016 മുതൽ സെബി അന്വേഷണം നടത്തുന്നുണ്ട്.
ഈ വര്‍ഷത്തെ എസ് എസ് എൽസി പരീക്ഷ ഫലം മെയ് 20 ന്
ഈ വര്‍ഷത്തെ എസ് എസ് എൽസി പരീക്ഷ ഫലം മെയ് 20 ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഹയർസെക്കണ്ടറി ഫലം മെയ് 25 നും എത്തും. 4,19,362 വിദ്യാർത്ഥികളാണ് ഈ വർഷം പരീക്ഷയെഴുതിയത്. കഴിഞ്ഞ രണ്ട് വർഷത്തെ അപേക്ഷിച്ച് ഫോക്കസ് ഏരിയ ഇല്ലാതെ പൂർണ്ണമായ പാഠഭാഗങ്ങളിൽ നിന്നും ഇത്തവണ ചോദ്യങ്ങളുണ്ടായിരുന്നു. വേനൽ കണക്കിലെടുത്ത് എസ്എസ്എൽസി പരീക്ഷകൾ രാവിലെ 9.30 മുതലാണ് ഈ വർഷം നടത്തിയത്.
