ശബരിമല സ്വർണ്ണപ്പാളി വിവാദങ്ങളുടെ തുടർച്ച, വാട്ടർമെട്രോയുടെ പുതിയ ടെർമിനലുകളുടെ ഉദ്ഘാടനം, വീടുകളിലേക്ക് മടങ്ങാൻ തുടങ്ങി ഗാസൻ ജനത, യുഎസ്സിലെ ടെന്നസിയിൽ സൈനികായുധ നിർമാണകേന്ദ്രത്തിലെ സ്ഫോടനം തുടങ്ങി ഇന്നത്തെ പ്രധാന വാർത്തകൾ അറിയാം.

തിരുവനന്തപുരം: കോഴിക്കോട് പേരാമ്പ്ര സികെജി കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തർക്കം വലിയ സംഘർഷത്തിലേക്ക് പോകുന്നതാണ് ഇന്നലെ കണ്ടത്. യുഡിഎഫ്, സിപിഎം പ്രകടനത്തിനിടെയുണ്ടായ ലാത്തിച്ചാർജിൽ ഷാഫി പറമ്പിൽ എംപിയ്ക്ക് പരിക്കേൽക്കുകയും, ഷാഫിയെ ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കാനൊരുങ്ങി കോൺഗ്രസ്. ഇന്ന് വൈകിട്ട് മൂന്നുമണിക്ക് പേരാമ്പ്രയിൽ യുഡിഎഫ് പ്രതിഷേധസംഗമം നടത്തും. ശബരിമല സ്വർണ്ണപ്പാളി വിവാദങ്ങളുടെ തുടർച്ച, വാട്ടർമെട്രോയുടെ പുതിയ ടെർമിനലുകളുടെ ഉദ്ഘാടനം, വീടുകളിലേക്ക് മടങ്ങാൻ തുടങ്ങി ഗാസൻ ജനത, യുഎസ്സിലെ ടെന്നസിയിൽ സൈനികായുധ നിർമാണകേന്ദ്രത്തിലെ സ്ഫോടനം തുടങ്ങി ഇന്നത്തെ പ്രധാന വാർത്തകൾ അറിയാം.

ഷാഫിക്ക് മർദനമേറ്റ സംഭവം: യുഡിഎഫ് പ്രതിഷേധസംഗമം വൈകിട്ട്

ഷാഫി പറമ്പിൽ എംപിയെ പൊലീസ് മർദിച്ചതിൽ ഇന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കാനൊരുങ്ങി കോൺഗ്രസ്. വൈകിട്ട് മൂന്നുമണിക്ക് പേരാമ്പ്രയിൽ യുഡിഎഫ് പ്രതിഷേധസംഗമം നടത്തും. കെസി വേണുഗോപാൽ എംപി പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യും. ഇന്നലെ രാത്രി വൈകിയും പല സ്ഥലത്തും പ്രതിഷേധം തുടർന്നിരുന്നു. പലയിടത്തും ഏറെ പണിപ്പെട്ടാണ് പൊലീസ് പ്രതിഷേധക്കാരെ നീക്കിയത്.

ശബരിമലയിലെ കണക്കെടുപ്പ്: ജസ്റ്റിസ് കെടി ശങ്കരൻ പമ്പയിൽ

ശബരിമലയിലെ കണക്കെടുപ്പിനായി ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് കെടി ശങ്കരൻ പമ്പയിൽ എത്തി. രാവിലെ മലകയറി 11ന് സന്നിധാനത്തെ സ്ട്രോങ്ങ് റൂമിൽ പരിശോധന നടത്തും. അറ്റകുറ്റപ്പണി പൂർത്തിയാക്കി എത്തിച്ച ദ്വാരപാലക പാളികൾ നാളെ പരിശോധിക്കും. തിങ്കളാഴ്ച ആറന്മുളയെത്തി ശബരിമലയിലെ പ്രധാന സ്ട്രോങ്ങ് റൂം പരിശോധിക്കും.

വിനേഷിന്‍റെ ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതി

വാണിയംകുളത്ത് ഫെയ്സ്ബുക്കിൽ കമൻ്റിട്ടതിന് ഡിവൈഎഫ്ഐ നേതാക്കൾ ക്രൂരമായി ആക്രമിച്ച പനയൂർ സ്വദേശി വിനീഷിന്റ നില ഗുരുതരമായി തുടരുന്നു. ആരോഗ്യ നിലയിൽ നേരിയ പുരോഗതി ഉണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. അതേസമയം, കേസിലെ മുഖ്യ പ്രതിയായ ഒളിവിൽ കഴിയുന്ന ഡിവൈഎഫ്ഐ ബ്ലോക്ക്‌ സെക്രട്ടറി സി രാകേഷിനെ കണ്ടെത്താനായി പൊലീസ് അന്വേഷണം തുടരുകയാണ്.

മുഖ്യമന്ത്രി ഇന്ന് കൊച്ചിയിൽ 

രാവിലെ പത്തു മണിയോടെ കൊച്ചിയിലെത്തുന്ന പിണറായി വിജയൻ രണ്ട് പൊതുപരിപാടികളിൽ പങ്കെടുക്കും. പത്തു മണിക്ക് കൊച്ചി വാട്ടർ മെട്രോയുടെ പുതിയ ടെർമിനലുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. പൊലീസിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കൊക്കൂൺ സൈബർ കോൺഫറൻസ് സമാപന സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. വൈകിട്ട് ആറു മണിയോടെ ട്രയിൻ മാർഗം തിരുവനന്തപുരത്തേക്ക് മടങ്ങും. പ്രതിപക്ഷ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് നഗരത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്

സൈനികായുധ നിർമാണകേന്ദ്രത്തിൽ സ്ഫോടനം

യുഎസ്സിലെ ടെന്നസിയിൽ സൈനികായുധ നിർമാണകേന്ദ്രത്തിൽ വൻസ്ഫോടനം. നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 19 പേരെ കാണാനില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ഫോടനകാരണം വ്യക്തമല്ല. സംഭവ സ്ഥലത്ത് രക്ഷാ പ്രവർത്തനം തുടരുകയാണ്. സ്ഥലത്ത് അതീവജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

വീടുകളിലേക്ക് മടങ്ങി ഗാസൻ ജനത

വെടിനിർത്തൽ നിലവിൽ വന്നതോടെ വീടുകളിലേക്ക് മടങ്ങാൻ തുടങ്ങി ഗാസൻ ജനത. ഇസ്രയേലും പലസ്തീനും ബന്ദികളെ മോചിപ്പിക്കാനുള്ളത് 72 മണിക്കൂർ സമയമാണ്. ഗാസയിൽ നിന്ന് ഇസ്രയേൽ സേന പൂർണമായും പിൻവാങ്ങില്ല. ഒന്നാംഘട്ട സമാധാന പദ്ധതിക്ക് ശേഷം എന്ത് ചെയ്യണമെന്നതിൽ അന്തിമതീരുമാനമെടുത്തിട്ടില്ലെന്നാണ് ഇസ്രയേൽ യുഎന്നിൽ അറിയിച്ചത്.