അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ നിയമ ഭേദഗതിക്ക് തയ്യാറെടുക്കുകയാണ് സംസ്ഥാന സർക്കാർ, സി.പി.എമ്മിനെ വെട്ടിലാക്കിയ ഡിവൈഎഫ്ഐ നേതാവിന്‍റെ ശബ്ദരേഖ, ഇന്ത്യക്കെതിരായ ഇരട്ട തീരുവയിൽ ട്രംപിന്‍റെ കുറ്റസമ്മതം- അറിയാം ഇന്നത്തെ പ്രധാന വാർത്തകൾ.

മണിപ്പൂരിൽ വംശീയകലാപം പൊട്ടിപ്പുറപ്പെട്ട് രണ്ട് വർഷം കഴിഞ്ഞു. ആദ്യമായി പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കുകയാണ് ഇന്ന്. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് മണിപ്പൂരിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഏഴായിരം കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. മോദിയുടെ സന്ദർശനത്തിനെതിരെ തീവ്രസംഘടനകൾ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. ജനവാസ മേഖലയിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ നിയമ ഭേദഗതിക്ക് തയ്യാറെടുക്കുകയാണ് സംസ്ഥാന സർക്കാർ, സി.പി.എമ്മിനെ വെട്ടിലാക്കിയ ഡിവൈഎഫ്ഐ നേതാവിന്‍റെ ശബ്ദരേഖ, ഇന്ത്യക്കെതിരായ ഇരട്ട തീരുവയിൽ ട്രംപിന്‍റെ കുറ്റസമ്മതം- അറിയാം ഇന്നത്തെ പ്രധാന വാർത്തകൾ.

പ്രധാന മന്ത്രി നരേന്ദ്രമോദി മണിപ്പുരിൽ

രണ്ടുവർഷംമുൻപ്‌ വംശീയകലാപം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പുരിലെത്തുന്നു. ഹെലികോപ്ടർ മാർം ചുരാചന്ദ്പുരിലും ഇംഫാലിലും എത്തുന്ന പ്രധാനമന്ത്രി ഏതാനും ചടങ്ങുകളിൽ പങ്കെടുത്ത് അസമിലേക്ക് തിരിക്കും. 2023 മേയിൽ വംശീയകലാപം തുടങ്ങിയ മണിപ്പുരിൽ 864 ദിവസങ്ങൾക്കുശേഷമാണ് പ്രധാനമന്ത്രിയെത്തുന്നത്. മിസോറം തലസ്ഥാനമായ ഐസ്വാളിൽനിന്ന് കുക്കി ഭൂരിപക്ഷമേഖലയായ ചുരാചന്ദ്പുരിലേക്കാണ് മോദി ആദ്യമെത്തുക. ഏഴായിരം കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

അക്രമകാരികളായ വന്യ മൃഗങ്ങളെ കൊല്ലാൻ നിയമ ഭേദഗതിക്ക് സംസ്ഥാന സർക്കാർ

ജനവാസ മേഖലയിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യ മൃഗങ്ങളെ കൊല്ലാൻ നിയമ ഭേദഗതിക്ക് സംസ്ഥാന സർക്കാർ. ഇത് അടക്കമുള്ള ബില്ലുകൾക്ക് അംഗീകാരം നല്കാൻ ഇന്ന് പ്രത്യേക മന്ത്രിസഭ യോഗം ചേരും. 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിൽ ആണ് സംസ്ഥാനം ഭേദഗതി കൊണ്ട് വരുന്നത്. കേന്ദ്ര നിയമത്തിൽ ഭേദഗതി സംസ്ഥാനത്തിനു കൊണ്ട് വരണമെങ്കിൽ രാഷ്ട്രപതിയുടെ അനുമതി വേണം. പ്രയോഗിക പ്രശ്നം ഉണ്ടെങ്കിലും തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മലയോര ജനതയെ ഒപ്പം നിർത്തുക ആണ് ലക്ഷ്യം. അക്രമകാരികളായ മൃഗങ്ങളെ ക്ഷുദ്രജീവി ആയി പ്രഖ്യാപിക്കാൻ ഉള്ള ബില്ലും കൊണ്ട് വരും.

ഇന്ത്യക്ക് ചുമത്തിയ അധിക തീരുവയിൽ ട്രംപിന്‍റെ കുറ്റസമ്മതം

ഇന്ത്യയ്ക്ക് ഇരട്ട തീരുവ പ്രഖ്യാപിച്ചത് വലിയ ഭിന്നതയ്ക്ക് ഇടയാക്കിയെന്ന് തുറന്ന് സമ്മതിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. 50 ശതമാനം താരിഫ് ചുമത്തിയത് ഇരു രാജ്യങ്ങൾക്കുമിടയിൽ തർക്കത്തിലേക്ക് നയിച്ചുവെന്നും, ആ തീരുമാനം എടുക്കുന്നത് എളുപ്പമായിരുന്നില്ല എന്നും ട്രംപ് വ്യക്തമാക്കി. എന്നാൽ ഇന്ത്യക്കെതിരായ ഇരട്ട തീരുവ പിൻവലിക്കുന്നതിൽ ഒരു സൂചനയും ട്രംപ് നൽകിയില്ല.

സിപിഎമ്മിനെ വെട്ടിലാക്കിയ ഡിവൈഎഫ്ഐ നേതാവിന്‍റെ ശബ്ദരേഖ

സി പി എമ്മിനെ പ്രതിരോധത്തിലാക്കിയ ഡിവൈഎഫ്ഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി ശരത് പ്രസാദിന്റെ ശബ്ദരേഖയിൽ തിരക്കിട്ട കൂടിയാലോചനകളുമായി ജില്ലാ നേതൃത്വം. തൽക്കാലം ശരത്തിനോട് വിശദീകരണമാണ് ചോദിച്ചതെങ്കിലും കടുത്ത നടപടികളിലേക്ക് പോകണമോ എന്നതാണ് നേതൃനിരയിലെ ചർച്ച. ശരത്തിന്റെ മുൻഗാമികളും അച്ചടക്ക നടപടികൾക്ക് വിധേയരായതിനാൽ ഡിവൈഎഫ്ഐ നേതൃനിരയിൽ വീണ്ടുമൊരു പ്രതിസന്ധിക്ക് കളമൊരുക്കേണ്ടതുണ്ടോ എന്നതാണ് ചർച്ച.അതേസമയം ജില്ലയിലെ പ്രധാനപ്പെട്ട സിപിഎം നേതാക്കളെ രാഷ്ടീയ ശത്രുക്കൾക്ക് മുന്നിൽ എറിഞ്ഞു കൊടുക്കുന്നതിന് തുല്യമാണ് ശരത്തിന്റെ പ്രസ്താവനയെന്ന അഭിപ്രായവും നേതാക്കൾക്കിടയിലുണ്ട്.

ജോസ് നെല്ലേടത്തിൻ്റെ മൃതദേഹം ഇന്ന് സംസ്കരിക്കും

അത്മഹത്യ ചെയ്ത വയനാട് പുൽപ്പള്ളിയിലെ കോൺഗ്രസ് നേതാവ് ജോസ് നെല്ലേടത്തിൻ്റെ മൃതദേഹം ഇന്ന് സംസ്കരിക്കും.ഇന്നലെ മുള്ളൻകൊല്ലി പഞ്ചായത്ത് ഓഫീസിൽ മൃതദേഹം പൊതുദർശനത്തിന് വച്ചിരുന്നു. ജില്ലയിലെ പ്രധാന നേതാക്കൾ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു. അതേസമയം ജോസ് നെല്ലേടത്തിൻ്റെ മരണത്തിൽ രാഷ്ട്രീയ വിവാദം തുടരുകയാണ്.കോൺഗ്രസിലെ ഗ്രൂപ്പ് പ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് സിപിഎം ആരോപണം. എന്നാൽ ആരോപണങ്ങളിൽ ജോസ് നെല്ലേടത്തിനെ സിപിഎം വ്യക്തിഹത്യ നടത്തിയതാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് കോൺഗ്രസ് കുറ്റപ്പെടുത്തൽ.