വോട്ടർ പട്ടിക ക്രമക്കേടിനെതിരെ രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്ര ഇന്ന് ആരംഭിക്കും. ബിജെപിയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. സംസ്ഥാനത്ത് മൂന്നു ദിവസംകൂടി ശക്തമായ മഴ തുടരും.

വോട്ടർ പട്ടിക ക്രമക്കേടിനെതിരെ രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്ര തന്നെയാണ് ഇന്നത്തെ പ്രധാന വാർത്ത. രാഹുൽ ഗാന്ധിക്കൊപ്പം തേജസ്വി യാദവും ചേരുന്ന യാത്ര 12 ദിവസം കൊണ്ട് 1300 കിലോമീറ്റർ പൂർത്തിയാക്കുക. ഇതിനിടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ നിശ്ചയിക്കാനുള്ള ബിജെപി പാർലമെന്ററി ബോ‍ർഡ് യോഗം ഇന്ന് ചേരും. വൈകിട്ട് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിനു ശേഷം ഇക്കാര്യത്തിൽ പ്രഖ്യാപനം വന്നേക്കും.

ചിങ്ങം ഒന്ന്

ഇന്ന് ചിങ്ങം ഒന്ന്. പുതിയ പ്രതീക്ഷകളോടെ പൊന്നിൻ പുലരിയെ വരവേൽക്കുകയാണ് മലയാളികൾ. ഐശ്വര്യവും സമൃദ്ധിയും നിറയുന്ന നാളുകളിലേക്ക് മലയാളികൾ കാൽവയ്ക്കുന്ന ദിവസം. കർക്കടക വറുതിയുടെ നാളുകൾ പിന്നിട്ട് ഓണത്തെ വരവേൽക്കാനായി ഇന്നുമുതൽ നാടും നഗരവും ഒരുങ്ങും. കൊല്ലവർഷത്തിന്റെ ആദ്യ ദിവസമായതിനാൽ മലയാളികൾക്ക് ഈ ദിവസം പുതുവർഷാരംഭം കൂടിയാണ്.

ബിജെപിയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ നിശ്ചയിക്കാനുള്ള ബിജെപി പാർലമെന്ററി ബോ‍ർഡ് യോഗം ഇന്ന് ചേരും. വൈകിട്ട് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിനു ശേഷം ഇക്കാര്യത്തിൽ പ്രഖ്യാപനം വന്നേക്കും. ബിജെപിയിൽ നിന്ന് തന്നെ ഒരു നേതാവ് ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. കേന്ദ്രമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ.പി.നദ്ദ, ജമ്മു കാശ്മീർ ലഫ് ഗവർണർ മനോജ് സിൻഹ, മുൻ കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‍വി, ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധരെ രാജ സിന്ധ്യ എന്നിവരുടെ പേരുകൾ പരിഗണനയിൽ ഉണ്ടെന്നാണ് വിവരം.

മഴ തുടരും

സംസ്ഥാനത്ത് മൂന്നു ദിവസംകൂടി ശക്തമായ മഴ തുടരും. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വ‌ടക്കൻ ജില്ലകളിലെ മലയോര പ്രദേശത്തുള്ളവരും നദിതീരത്തുള്ളവരും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.

രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്ര

വോട്ടർ പട്ടിക ക്രമക്കേടിനെതിരെ രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രക്ക് ബിഹാറിലെ സസാറാമിൽ ഇന്ന് തുടക്കം. രാഹുൽ ഗാന്ധിക്കൊപ്പം തേജസ്വി യാദവും ചേരുന്ന യാത്ര 12 ദിവസം കൊണ്ട് 1300 കിലോമീറ്റർ പൂർത്തിയാക്കും. സെപ്റ്റംബർ ഒന്നിന് പാറ്റ്നയിൽ സമാപന റാലി നടക്കും. വോട്ടർ അധികാർ യാത്ര നടക്കുന്ന രാഹുൽ ഗാന്ധി യാത്ര തുടങ്ങുന്ന ദിവസം തന്നെ തെര. കമ്മീഷൻ്റെ നിർണ്ണായക വാർത്താ സമ്മേളനവും നടക്കും.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം

വോട്ടർപട്ടിക ക്രമക്കേടിനെക്കുറിച്ചുള്ള ആരോപണങ്ങൾക്ക് മറുപടി നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം ഇന്ന്. ഉച്ചക്ക് ശേഷം മൂന്ന് മണിക്കാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും അംഗങ്ങളും വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്. വോട്ടർ പട്ടിക സുതാര്യമാക്കാനുള്ള എല്ലാ നിർദ്ദേശവും സ്വാഗതം ചെയ്യുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ പ്രസ്താവന ഇറക്കിയിരുന്നു. കരടു വോട്ടർപട്ടിക എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നൽകിയ ശേഷമാണ് അന്തിമരൂപം നൽകുന്നതെന്നാണ് കമ്മീഷന്റെ വിശദീകരണം. രാഹുൽ ഉന്നയിച്ച ആക്ഷേപങ്ങൾക്ക് കമ്മീഷൻ മറുപടി നൽകുമോയെന്നാണ് ആകാംക്ഷ.

പ്രീമിയർ ലീഗിൽ സൂപ്പർ സൺഡേ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് വമ്പൻ പോരാട്ടം. ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്സണലുമായി ഏറ്റുമുട്ടും. ഓൾഡ് ട്രാഫോർഡിൽ ഇന്ത്യൻ സമയം രാത്രി 9 മണിക്കാണ് മത്സരം. തുടർച്ചയായ മൂന്ന് സീസണുകളിൽ കൈ അകലെ നഷ്ടമായ കിരീടം ഇത്തവണ തിരിച്ചുപിടിക്കാൻ ഇറങ്ങുന്ന ഗണ്ണേഴ്സ് തകർപ്പൻ ജയമാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ സീസണിൽ കനത്ത തിരിച്ചടി നേരിട്ട യുണൈറ്റഡ് ഇത്തവണ ഫോം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ചെൽസിയും ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങും. വൈകിട്ട് 6.30ന് നടക്കുന്ന മത്സരത്തിൽ ക്രിസ്റ്റൽ പാലസാണ് എതിരാളികൾ. ഇതേ സമയം നടക്കുന്ന മറ്റൊരു മത്സരത്തിൽ നോട്ടിംഗ്ഹാം ഫോറസ്റ്റ് ബ്രെൻഡ്ഫോർഡുമായി ഏറ്റുമുട്ടും.