ഇന്നത്തെ പ്രധാന വാർത്തകൾ - ഇന്ത്യ സഖ്യത്തിന്‍റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി ജസ്റ്റിസ് സുദർശൻ റെഡ്ഡിയെ പ്രഖ്യാപിച്ചു. യെമനിൽ ജയിലിലായ നിമിഷ പ്രിയയ്ക്കായി പണം ശേഖരിക്കുന്നെന്ന പ്രചാരണം വ്യാജമെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ മത്സര ചിത്രം തെളിഞ്ഞതാണ് ഇന്നത്തെ പ്രധാന വാര്‍ത്ത. ജസ്റ്റിസ് സുദര്‍ശൻ റെഡ്ഡിയെ ഇന്ത്യ സഖ്യത്തിന്‍റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. സിപി രാധാകൃഷ്ണനെ സ്ഥാനാർത്ഥിയാക്കി ഡിഎംകെയെ സമ്മർദ്ദത്തിലാക്കാൻ നോക്കിയ ബിജെപിക്കെതിരെ 'സുദർശന ചക്രം' പ്രയോഗിച്ചാണ് ഇന്ത്യ സഖ്യത്തിന്‍റെ മറുപടി. ഇന്നലെ മുതൽ തുടങ്ങിയ അനൗപചാരിക ചർച്ചകൾക്ക് ഒടുവിലാണ് ജസ്റ്റിസ് സുദർശൻ റെഡ്ഡിയെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചത്. ഇതിനിടെ യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയയ്ക്കായി പണം ശേഖരിക്കുന്നുവെന്ന പ്രചാരണം വ്യാജമെന്ന് സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും സഞ്ജയ് കുമാറിനുമെതിരെ ദില്ലി പൊലീസിന് പരാതി ലഭിച്ചതും ഇന്നത്തെ പ്രധാന വാര്‍ത്തയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് വ്യാജ പ്രചാരണങ്ങൾ നടത്തിയെന്നും സർക്കാരിനെതിരായി പ്രവർത്തിച്ചെന്നും കാട്ടിയാണ് പരാതി.

ജസ്റ്റിസ് സുദര്‍ശൻ റെഡ്ഡി ഇന്ത്യ സഖ്യത്തിന്‍റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി

ജസ്റ്റിസ് സുദര്‍ശൻ റെഡ്ഡിയെ ഇന്ത്യ സഖ്യത്തിന്‍റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെയാണ് ഇതുസംബന്ധിച്ച നിര്‍ണായക പ്രഖ്യാപനം നടത്തിയത്. സുപ്രീം കോടതി മുൻ ജഡ്ജിയും ഹൈദരാബാദ് സ്വദേശിയുമാണ് സുദര്‍ശൻ റെഡ്ഡി. ഒറ്റക്കെട്ടായാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡിയുടെ പേര് ഇന്ത്യ സഖ്യം നിശ്ചയിച്ചത്. ആർഎസ്എസിനെതിരെ ഭരണഘടന സംരക്ഷിക്കാനുള്ള ആശയ പോരാട്ടമാണിതെന്ന് ഇന്ത്യ സഖ്യനേതാക്കൾ പറഞ്ഞു.

നിമിഷ പ്രിയയുടെ മോചനം: കെഎ പോളിന്‍റെ പ്രചാരണം വ്യാജമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം

യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയയ്ക്കായി പണം ശേഖരിക്കുന്നുവെന്ന പ്രചാരണം വ്യാജമെന്ന് സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം. വിദേശകാര്യമന്ത്രാലയത്തിൻറെ അക്കൗണ്ടിൽ പണം അയയ്ക്കണമെന്ന കെ എ പോളിൻറെ പോസ്റ്റിനാണ് വിദേശകാര്യമന്ത്രാലയം വിശദീകരണം നൽകിയിരിക്കുന്നത്. അക്കൗണ്ട് നമ്പർ സഹിതമാണ് എക്സ് പ്ലാറ്റ് ഫോമിലെ കെഎ പോളിന്‍റെ പോസ്റ്റ്. 8.3 കോടി രൂപ ആവശ്യമെന്നാണ് പോസ്റ്റിൽ പറയുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ട് നമ്പർ ഉൾപ്പെടെയുള്ള പോസ്റ്റ് വ്യാജമാണെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിക്കുകയാണിപ്പോൾ.

കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും സഞ്ജയ് കുമാറിനുമെതിരെ പൊലീസിൽ പരാതി

കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും സഞ്ജയ് കുമാറിനുമെതിരെ ദില്ലി പൊലീസിന് പരാതി. ലോക്സഭാ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് വ്യാജ പ്രചാരണങ്ങൾ നടത്തിയെന്നും സർക്കാരിനെതിരായി പ്രവർത്തിച്ചെന്നും കാട്ടിയാണ് പരാതി. സുപ്രീംകോടതി അഭിഭാഷകൻ വിനീത് ജിൻഡാലാണ് പരാതി നൽകിയത്. മഹാരാഷ്ട്രയിലെ വോട്ടർ കണക്ക് നേരത്തെ നൽകിയത് തെറ്റാണെന്ന് സിഎസ് ഡി എസ് ഇന്ന് സമ്മതിച്ചിരുന്നു. ഇത് സംബന്ധിച്ചുള്ള പഴയ പോസ്റ്റുകൾ പിൻവലിക്കുകയും ചെയ്തിരുന്നു. സിഡിഎസിൻ്റെ ചെയർമാനാണ് സഞ്ജയ് കുമാർ. വോട്ടർ പട്ടികയിൽ വ്യാപകമായി ക്രമക്കേട് ആരോപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഗാന്ധി രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് പരാതി.

വേടന്റെ അറസ്റ്റ് തടഞ്ഞ് കോടതി

റാപ്പർ വേടന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെയും വാദം തുടരും. നാളെ കേസ് പരിഗണിക്കും വരെ അറസ്റ്റ് ചെയ്യരുതെന്ന് പോലീസിനോട് കോടതി നിർദ്ദേശിച്ചു. വിവാഹ വാഗ്ദാനം നൽകി തന്നെ ബലാത്സംഗം ചെയ്തെന്നും മറ്റു സ്ത്രീകളുമായുള്ള ബന്ധം തടയാൻ ശ്രമിച്ചപ്പോൾ താനുമായുള്ള ബന്ധം വേടൻ അവസാനിപ്പിച്ചെന്നും പരാതിക്കാരി കോടതിയിൽ വാദിച്ചു. സ്ഥിരം കുറ്റവാളി ആണെന്നും പരാതിക്കാരിയുടെ അഭിഭാഷക കോടതിയിൽ വാദം ഉന്നയിച്ചു.

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

അടുത്ത മാസം യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ടെസ്റ്റ് ടീം നായകന്‍ ശുഭ്മാന്‍ ഗിൽ വൈസ് ക്യാപ്റ്റനായി ടി20 ടീമിലെത്തി. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ ജസ്പ്രീത് ബുമ്രയും തിരിച്ചെത്തിയപ്പോള്‍ ശ്രേയസ് അയ്യരെ ടീമിലേക്ക് പരിഗണിച്ചില്ല. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും ടി20 ടീം നായകന്‍ സൂര്യകുമാര്‍ യാദവും മുംബൈ ബിസിസിഐ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഏഷ്യാ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചത്.

ദി കിംഗ് ഈസ് ബാക്ക്

ചലച്ചിത്ര നിര്‍മ്മാതാവും മമ്മൂട്ടിയുടെ വലംകൈയുമായ ആന്‍റോ ജോസഫിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റ് പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നു. ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടു, ദൈവമേ നന്ദി, നന്ദി, നന്ദി, എന്നാണ് ആന്‍റോ ജോസഫിന്‍റെ പോസ്റ്റ്. എന്താണ് കാര്യമെന്ന് പോസ്റ്റില്‍ പറഞ്ഞിട്ടില്ലെങ്കിലും ഇത് മമ്മൂട്ടിയുടെ രോഗമുക്തിയെക്കുറിച്ചുള്ളതാണെന്ന വിലയിരുത്തലിലാണ് പ്രേക്ഷകര്‍. നടി മാലാ പാര്‍വതി അടക്കമുള്ളവര്‍ പോസ്റ്റിന് താഴെ കമന്‍റുമായി എത്തിയിട്ടുണ്ട്. പൂര്‍ണ്ണ മുക്തി? എന്നാണ് മാലാ പാര്‍വതിയുടെ ചോദ്യ രൂപത്തിലുള്ള കമന്‍റ്. ഏറ്റവും വലിയ വാര്‍ത്തയെന്ന് മറ്റൊരു കമന്‍റും മാലാ പാര്‍വതി പോസ്റ്റിന് താഴെ കുറിച്ചിട്ടുണ്ട്.