രാജി ആവശ്യപ്പെട്ട് രാഹുലിന്‍റെ അടൂരിലെ വീട്ടിലേക്കും പാലക്കാട്ടെ ഓഫീസിലേക്കും ഇന്നും മാർച്ചുണ്ട്.
വിവാഹ വാഗ്ദാനം നൽകി ലൈംഗിക ചൂഷണം നടത്തിയെന്ന ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ പ്രതിഷേധം ശക്തമാവുകയാണ്. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെച്ചെങ്കിലും എംഎൽഎ സ്ഥാനം രാജി വെക്കും വരെ പ്രതിഷേധം ശക്തമാക്കാനാണ് ബിജെപി അടക്കമുള്ള സംഘടനകളുടെ തീരുമാനം. അതിനിടെ രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര തുടരുകയാണ്. അന്തരിച്ച സിപിഐ മുൻ ജനറൽ സെക്രട്ടറി എസ്.സുധാകർ റെഡ്ഡിക്ക് അന്ത്യാഭിവാദ്യം അർപ്പിക്കാൻ നേതാക്കളെത്തു. കരുവന്നൂർ കള്ളപ്പണ ഇടപാട് കേസ് പ്രത്യേക കോടതയിൽ പരിഗണിക്കുന്നുണ്ട്, കോതമംഗലത്ത് മാലിന്യ ടാങ്കിൽ നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ഇന്ന് പുറത്തറിയും. ഇന്നത്തെ പ്രധാന വാർത്തകളെല്ലാം ഒറ്റ നോട്ടത്തിൽ അറിയാം.
മാങ്കൂട്ടത്തലിന്‍റെ രാജിക്കായി വ്യാപക പ്രതിഷേധം
കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എംൽഎക്കെതിരായ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷ സംഘടനകൾ. അടൂരിലെ വീട്ടിലേക്കും പാലക്കാട്ടെ ഓഫീസിലേക്കും ഇന്നും മാർച്ചുണ്ട്. ഡിവൈഎഫ്ഐ ഇന്ന് പ്രതിഷേധ സദസ് സംഘടിപ്പിച്ചിട്ടുണ്ട്. ബിജെപി അടൂരിലെ വീട്ടിലേക്ക് മാർച്ച് നടത്തി പ്രതിഷേധിക്കും.
ഹാപ്പി ആയില്ലേ, മെസ്സി കേരളത്തിൽ എത്തും!
അർജന്റീന ഫുട്ബോൾ ടീം കേരളത്തിലെത്തും. ലയണൽ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീയുടെ ഫുട്‌ബോള്‍ ടീം നവംബറിൽ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി അറിയിച്ചു. നവംബർ 10നും 18നും ഇടയിലായിരിക്കും അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ അന്താരാഷ്ട്ര സൗഹൃദമത്സരം കളിക്കുക. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാനും ഇക്കാര്യം സ്ഥിരീകരിച്ചു.
കരുവന്നൂർ കള്ളപ്പണ ഇടപാട്, പ്രതികൾ കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഹാജരാകും
കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിലെ പ്രതികൾ ഇന്ന് കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഹാജരാകും.തൃശൂർ സിപിഎം മുൻ ജില്ല സെക്രട്ടറിമാരായ എം എം വർഗീസ്, എ സി മൊയ്തീൻ , കെ രാധാകൃഷ്ണൻ എന്നിവർക്കാണ് കോടതിയിൽ ഹാജരാകാൻ നോട്ടീസ് കിട്ടിയത്. എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കുറ്റപത്രം നൽകിയതിനെ തുടർന്നാണ് വിചാരണ തുടങ്ങുന്നതിന്റെ ഭാഗമായി പ്രതിപ്പട്ടികയിലുള്ളവർക്ക് ഹാജരാകാൻ നിർദ്ദേശം നൽകിയത്. രണ്ടാം കുറ്റപത്രത്തിൽ ഉൾപ്പെട്ട അൻപത്തിയാറുമുതൽ 83 വരെയുളള പ്രതികളാണ് ഹാജരാകേണ്ടത്
രാഹുലിന്‍റെ വോട്ടർ അധികാർ യാത്ര ഏഴാം ദിവസത്തിൽ
രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര ഏഴാംദിവസത്തിൽ. കതിഹാർ കോർഹയിൽ നിന്നും പൂർണിയയിലെ കദ്വയിലേക്കാണ് ഇന്നത്തെ യാത്ര. ഇന്ത്യ സഖ്യ മുഖ്യമന്ത്രിമാരെയും നേതാക്കളെയും പങ്കെടുപ്പിച്ച് പോരാട്ടം ശക്തമാക്കാൻ ആണ് തീരുമാനം. ഓഗസ്റ്റ് 26നും 27നും പ്രിയങ്ക ഗാന്ധി യാത്രയിൽ പങ്കെടുക്കും. ആഗസ്റ്റ് 27 ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും 29ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും യാത്രയ്ക്കെത്തും. ഓഗസ്റ്റ് 30ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് യാത്ര നയിക്കും. ഹേമന്ത് സോറൻ , രേവന്ത് റെഡി, സുഖ്‌വിന്ദർ സുഖു തുടങ്ങിയവരും യാത്രയുടെ ഭാഗമാകും.
കോതമംഗലത്തെ മാലിന്യ ടാങ്കിൽ നിന്നും കിട്ടിയ മൃതദേഹം ആരുടേത്?
കോതമംഗലം ഊന്നുകല്ലിന് സമീപം ആൾതാമസം ഇല്ലാത്ത വീടിന്റെ മാലിന്യ ടാങ്കിൽ നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു. പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് നടക്കും. കുറുപ്പുംപടി ഭാഗത്തുനിന്നും കാണാതായ സ്ത്രീയെ കേന്ദ്രീകരിച്ചാണ് നിലവിലത്തെ അന്വേഷണം. ഇവരുടെ ബന്ധുക്കൾ സ്ഥലത്തെത്തിയെങ്കിലും മൃതദേഹം തിരിച്ചറിയാനായില്ല. കൂടുതൽ ശാസ്ത്രീയ പരിശോധനകൾ വേണ്ടിവരുമെന്ന് പോലീസ് അറിയിച്ചു. പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
സുധാകർ റെഡ്ഡിക്ക് അന്ത്യാഭിവാദ്യം
ഇന്നലെ അന്തരിച്ച സിപിഐ മുൻ ജനറൽ സെക്രട്ടറി എസ്.സുധാകർ റെഡ്ഡിക്ക് അന്ത്യാഭിവാദ്യം അർപ്പിക്കാനുള്ള ചടങ്ങുകൾ നാളെ ഹൈദ്രാബാദിൽ നടക്കും. പൊതുദർശനത്തിന് ശേഷം മൃതദേഹം മെഡിക്കൽ പഠനത്തിന് നൽകും. അമേരിക്കയിലുള്ള മകൻ എത്തിയതിന് ശേഷമാകും പൊതുദർശന ചടങ്ങുകൾ.ഏറെ നാളായ അസുഖബാധിതനായ സുധാകർ റെഡ്ഡി ഹൈദ്രാബാദിലെ കെയർ ആശുപത്രിയിൽ ആയിരുന്നു.2012 മുതൽ ഏഴ് വർഷം സിപിഐയുടെ ജനറൽ സെക്രട്ടറിയായിരുന്നു. രണ്ട് പ്രാവശ്യം ലോക്സഭാംഗവുമായിരുന്നു. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ രാത്രി ആശുപത്രിയിലെത്തി അന്ത്യാഞ‌്ജലി അർപ്പിച്ചു.
