ഇന്ന് സംഭവിക്കാനിടയുള്ള പ്രധാന സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ അറിയാം…

സുപ്രധാന ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ദില്ലിയിൽ നടക്കും. നിലവിലെ നാല് സ്ലാബുകള്‍ രണ്ടാക്കി കുറയ്ക്കണമെന്ന് മന്ത്രിതല സമിതിയുടെ ശുപാര്‍ശ പരിഗണിക്കും. ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുമോ ഇല്ലയോ എന്ന് യുഡിഎഫ് ഇന്ന് വ്യക്തമാക്കും. അമേരിക്കയുമായുള്ള വ്യാപാര കരാറിനുള്ള ചർച്ചകൾ അവസാനിച്ചിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കി എന്നതാണ് മറ്റൊരു പ്രധാന വാർത്ത. സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കം, പാകിസ്ഥാനിലെ ചാവേർ ബോംബാക്രണം ഉൾപ്പെടെ ഇന്നറിയേണ്ട പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ...

സുപ്രധാന ജിഎസ്ടി കൗൺസിൽ യോ​ഗം ഇന്ന് തുടങ്ങും

ജിഎസ്ടി സ്ലാബുകൾ പുതുക്കി നിശ്ചയിക്കാനുള്ള രണ്ട് ദിവസത്തെ ജിഎസ്ടി കൗൺസിൽ യോ​ഗം ഇന്ന് ദില്ലിയിൽ തുടങ്ങും. നിരവധി ഉൽപന്നങ്ങളുടെ ജിഎസ്ടി കുറയ്ക്കുന്ന കാര്യം കൗൺസിൽ ചർച്ച ചെയ്യും. ചെറിയ കാറുകൾ, സിമന്റ്, തുകൽ ഉൽപന്നങ്ങൾ, പാക്കറ്റിലാക്കിയ ഭക്ഷണം, തുണിത്തരങ്ങൾ എന്നിവയുടെ ജിഎസ്ടി കുറഞ്ഞേക്കും. മെഡിക്കൽ ഇൻഷൂറൻസിനും ടേം ഇൻഷൂറൻസിനുമുള്ള ജിഎസ്ടി എടുത്തു കളയണമെന്ന നിർദേശവും കൗൺസിൽ പരി​ഗണിച്ചേക്കും. കേരളം അടക്കമുള്ള പ്രതിപക്ഷ സംസ്ഥാനങ്ങൾ വരുമാന നഷ്ടം നികത്താതെ തീരുമാനം എടുക്കരുതെന്ന് കൗൺസിൽ യോ​ഗത്തിൽ വാദിക്കും.

അമേരിക്കയുമായുള്ള ചർച്ചകൾ അവസാനിപ്പിച്ചിട്ടില്ല

അമേരിക്കയുമായുള്ള വ്യാപാര കരാറിനുള്ള ചർച്ചകൾ അവസാനിപ്പിച്ചിട്ടില്ലെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ. നവംബറോടെ കരാർ യാഥാർത്ഥ്യമാകുമെന്നാണ് കരുതുന്നതെന്ന് പിയൂഷ് ഗോയൽ പറഞ്ഞു. എന്നാൽ സമയ പരിധി നിശ്ചയിച്ച് ഇത്തരം കരാറുകൾ യാഥാർത്ഥ്യമാക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ ഇന്ത്യയ്ക്കുള്ള ക്രൂഡ് ഓയിലിന് റഷ്യ വില കുറച്ചതായി ബ്ലൂം ബർഗ് റിപ്പോർട്ട് ചെയ്തു. ബാരലിന് നാല് ഡോളർ വരെ കുറച്ചു എന്നാണ് റിപ്പോർട്ട്.

അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുമോയെന്ന് യുഡിഎഫ് ഇന്ന് വ്യക്തമാക്കും

ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്നതിൽ യുഡിഎഫ് തീരുമാനം ഇന്ന്. അയ്യപ്പ സംഗമം ബഹിഷ്‌ക്കരിക്കണം എന്നാണ് ഇന്നലെ രാത്രി ചേർന്ന യുഡിഎഫ് ഓൺ ലൈൻ യോഗത്തിൽ ഭൂരിപക്ഷം നേതാക്കളും അഭിപ്രായപ്പെട്ടത്. അതേസമയം എൻഎസ്‌എസ്‌ പങ്കെടുക്കുന്നതാണ് മുന്നണിയെ കുഴക്കുന്നത്. രാവിലെ ചില കൂടിയാലോചനയ്ക്ക് ശേഷം പ്രതിപക്ഷ നേതാവ് നിലപാട് അറിയിക്കും

യമുന നദിയിലെ ജലനിരപ്പ് 206 മീറ്ററിന് മുകളിൽ

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമായി തുടരുന്നു. ദില്ലിയിൽ യമുന നദിയിലെ ജലനിരപ്പ് 206 മീറ്ററിന് മുകളിലായി. ഹിമാചൽപ്രദേശിൽ 3 ദേശീയ പാതകൾ ഉൾപ്പെടെ 800 ലധികം റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. ബംഗാൾ ഉള്‍ക്കടലില്‍ ന്യൂനമർദ്ദം രൂപപ്പെട്ടതോടെ ഒഡിഷ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്.

യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവം: ഇന്ന് മെ‍ഡിക്കൽ ബോർഡ് യോഗം

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ പിഴവിനെ തുടർന്ന് യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ ഇന്ന് മെ‍ഡിക്കൽ ബോർഡ് യോഗം ചേരും. കാർഡിയോളജി, ന്യൂറോളജി, അനസ്തീഷ്യ വിഭാഗത്തിൽ നിന്നുള്ള കൂടുതൽ വിദഗ്ധരെ ഉൾപ്പെടുത്തി വിപുലീകരിച്ച ബോർഡാണ് യോഗം ചേരുന്നത്. നെഞ്ചിൽ ട്യൂബ് കുടുങ്ങിയ കട്ടാക്കട സ്വദേശി സുമയ്യയോട് മെഡിക്കൽ രേഖകളുമായി ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സുമ്മയ്യയ്ക്ക് ശസ്ത്രക്രിയ നടത്തിയ ജനറൽ ആശുപത്രിയിലെ ഡോ.രാജീവ് കുമാറിനെയും ജൂനിയർ ഡോക്ടറെയും യോഗത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇന്നത്തെ യോഗത്തിലെ തീരുമാനത്തിന് അനുസരിച്ചായിരിക്കും സുമയ്യയുടെ തുടർചികിത്സ. സർക്കാർ സഹായത്തോടെയുള്ള വിദഗ്ധ ചികിത്സയാണ് കുടുംബത്തിന് ഉറപ്പ് നൽകിയിരിക്കുന്നത്

ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കം

സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കം. വൈകീട്ട് ആറിന് തിരുവനന്തപുരം കനകക്കുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, തുടങ്ങിയവർ പരിപാടിയുടെ ഭാഗമാകും. സിനിമതാരങ്ങൾ ആയ രവി മോഹൻ, ബേസിൽ ജോസഫ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥികളാണ്. ഈ മാസം ഒന്‍പതിന് ഘോഷയാത്രയോടെയാണ് ഓണാഘോഷത്തിന് സമാപനം കുറിക്കുക.

പാകിസ്ഥാനില്‍ ചാവേറാക്രമണം

പാകിസ്ഥാനില്‍ ബോബ് സ്ഫോടനത്തില്‍ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടു. തെക്ക് പടിഞ്ഞാറന്‍ നഗരമായ ക്വറ്റയില്‍ ഇന്നലെയായിരുന്നു സ്ഫോടനം. ബലൂചിസ്ഥാന്‍ നാഷണല്‍ പാര്‍ട്ടിയുടെ പരിപാടിക്കിടെയായിരുന്നു സംഭവം. മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് .മരണ സംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചാവേര്‍ ആക്രമണമെന്നാണ് നിഗമനം. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.