പ്രതിപക്ഷ ബഹളത്തിനിടെ ജയിലിലായാല്‍ മന്ത്രിമാരുടെ പദവി നഷ്ടപ്പെടുന്ന ബിൽ ലോക്സഭയിൽ അവതരിപ്പിച്ച് അമിത് ഷാ. പ്രമുഖ യുവ നേതാവിനെതിരെ വെളിപ്പെടുത്തലുമായി യുവ നടി. ഇന്നത്തെ വാർത്തകൾ

മുപ്പത് ദിവസം തടവിലായാല്‍ പ്രധാനമന്ത്രിയുടേതടക്കം പദവി നഷ്ടമാകുന്ന വിവാദ ബില്‍ കയ്യാങ്കളിക്കിടെ ലോക് സഭയില്‍ അവതരിപ്പിച്ച് അമിത് ഷാ. പ്രതിപക്ഷ എതിര്‍പ്പിനിടെ ബില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതിക്ക് വിട്ടു. അമിത്ഷായുടെ മുഖത്തേക്ക് തൃണമൂല്‍ അംഗങ്ങള്‍ ബില്ലിന്‍റെ പകര്‍പ്പ് വലിച്ച് കീറി എറിഞ്ഞു. അമിത്ഷായെ ആക്രമിച്ചെന്ന് ബിജെപിയും, വനിത എംപിയെ മുറിവേല്‍പിച്ചെന്ന് തൃണമൂല്‍ കോണ്‍ഗ്രസും സ്പീക്കര്‍ക്ക് പരാതി നല്‍കി.

പ്രതിപക്ഷ ബഹളത്തിനിടെ ജയിലിലായാല്‍ മന്ത്രിമാരുടെ പദവി നഷ്ടപ്പെടുന്ന ബിൽ ലോക്സഭയിൽ അവതരിപ്പിച്ച് അമിത് ഷാ

യുവ നേതാവിനെതിരെ വെളിപ്പെടുത്തലുമായി യുവ നടി റിനി ആന്‍ ജോര്‍ജ്. അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും ശരിയല്ലെന്ന് പറഞ്ഞിട്ടും വീണ്ടും തുടര്‍ന്നുവെന്നും പുതുമുഖ നടി റിനി ആൻ ജോര്‍ജ് വെളിപ്പെടുത്തി.നേതാവിന്‍റെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും ആ വ്യക്തി ഉൾപ്പെട്ട പ്രസ്ഥാനത്തിലുള്ള പലരുമായും നല്ല ബന്ധമാണെന്നും റിനി ആൻ ജോര്‍ജ് പറഞ്ഞു.

പ്രമുഖ യുവ നേതാവിനെതിരെ വെളിപ്പെടുത്തലുമായി യുവ നടി

പറവൂർ കോട്ടുവള്ളിയിൽ പലിശക്ക് പണം കടം കൊടുത്തവരുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുത്ത് പൊലീസ്. പുഴയില്‍ ചാടി മരിച്ച ആശയുടെ ആത്മഹത്യ കുറിപ്പിന്‍റെ പശ്ചാത്തലത്തിലാണ് റിട്ടയര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്‍ പ്രദീക് കുമാര്‍, ഭാര്യ ബിന്ദു എന്നിവര്‍ക്കെതിരെ നടപടി. ആശയും ബിന്ദുവും തമ്മില്‍ നടത്തിയ ലക്ഷങ്ങളുടെ സാമ്പതിക ഇടപാടും അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ പൊലീസ് വീഴ്ച ആരോപിച്ച് ആശയുടെ കുടുംബം രംഗത്തുവന്നു.

കൊള്ളപ്പലിശക്കാരുടെ ഭീഷണി,പറവൂരിൽ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ പ്രതികൾക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസ്

ബലാല്‍സംഗ കേസില്‍ റാപ്പര്‍ വേടനെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് പൊലീസിന് ഹൈക്കോടതി നിര്‍ദേശം. വേടന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ പാകത്തില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ പരാതിക്കാരിയുടെ അഭിഭാഷക കൂടുതല്‍ സമയം ആവശ്യപ്പെട്ടതോടെയാണ് കോടതി കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. അതേസമയം വേടന്‍ ഒളിവിലാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ പ്രതികരിച്ചു.

ബലാത്സംഗ കേസിൽ തിങ്കളാഴ്ച വരെ റാപ്പർ വേടന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ദില്ലി മുഖ്യമന്ത്രി,രേഖ ഗുപ്തക്ക് നേരെ ആക്രമണം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ജനസമ്പർക്ക പരിപാടിക്കിടെയാണ് ആക്രമണം. പരാതി നൽകാനെന്ന വ്യാജേനെ എത്തിയ ഗുജറാത്ത് സ്വദേശി രാജേഷ് കിംജിയാണ് ആക്രമിച്ചത്. രാജേഷിനെതിരെ കൊലപാതകശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു.

ദില്ലി മുഖ്യമന്ത്രി,രേഖ ഗുപ്തക്ക് നേരെ ആക്രമണം

പാര്‍ട്ടി ഗ്രൂപ്പ് പോരില്‍ മുനയൊടിഞ്ഞ് കോഴിക്കോട് കോര്‍പറേഷനെതിരായ കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ നീക്കം. യൂത്ത് കോണ്‍ഗ്രസ് ആസൂത്രണം ചെയ്ത ഭവന സന്ദര്‍ശന പരിപാടിയില്‍ നിന്ന് ചാണ്ടി ഉമ്മൻ എംഎൽഎ അവസാന നിമിഷം പിന്മാറിയതും കെട്ടിട നന്പര്‍ ക്രമക്കേടില്‍ മുഖ്യമന്ത്രിയെ കാണാനുളള നീക്കത്തില്‍ നിന്ന് പാര്‍ട്ടി അംഗങ്ങളെ ഡിസിസി പ്രസിഡണ്ട് വിലക്കിയതുമാണ് വന്‍ വിവാദമായത്. പരിപാടിയില്‍ നിന്ന് വിട്ടു നിന്നത് ബോധപൂര്‍വമല്ലെന്ന് ചാണ്ടി ഉമ്മന്‍ വിശദീകരിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാനുളള അവസരം നഷ്ടപ്പെടുത്തിയെന്നായിരുന്നു കോര്‍പറേഷനിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് കെസി ശോഭിതയുടെ വിമര്‍ശനം.

അവസാന നിമിഷം പിന്മാറി ചാണ്ടി ഉമ്മൻ, മുനയൊടിഞ്ഞ് കോഴിക്കോട് കോര്‍പറേഷനെതിരായ കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ നീക്കം

ക‍ർണാടകയിലെ ചിത്രദു‍ർഗയിൽ പത്തൊമ്പതുകാരിയായ കോളേജ് വിദ്യാർത്ഥിനിയെ കഴുത്തു‍‍ഞെരിച്ച് കൊന്ന് പെട്രോളൊഴിച്ച് കത്തിച്ച പ്രതി പിടിയിൽ. ചേതൻ എന്ന യുവാവാണ് പിടിയിലായത്. രണ്ടുവർഷമായി ചേതനും പെൺകുട്ടിയും പ്രണയത്തിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു.വിവാഹം കഴിക്കാൻ യുവതിയുടെ ബന്ധുക്കൾ നിർബന്ധിച്ചതിനെ തുടർന്നായിരുന്നു കൊലപാതകം.

ചിത്രദു‍ർഗയിൽ കോളേജ് വിദ്യാർത്ഥിനിയെ കഴുത്തു‍‍ഞെരിച്ച് കൊന്ന് പെട്രോളൊഴിച്ച് കത്തിച്ച പ്രതി പിടിയിൽ

പിബിയ്ക്ക് അയച്ച കത്ത് ചോർന്ന സംഭവത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി അയച്ച വക്കീൽ നോട്ടീസിന് മറുപടി നൽകുമെന്ന് പരാതിക്കാരനായ മുഹമ്മദ് ഷെർഷാദ്. കുടുംബം തകർത്തവന്റെ കൂടെയാണ് പാർട്ടിയെങ്കിൽ പാർട്ടിയോട് ഗുഡ്ബൈ പറയും. കുടുംബത്തേക്കാൾ വലുതല്ല ഏത് പാർട്ടി സെക്രട്ടറിയുടെ മകനെന്നും ഷർഷാദ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് എം വി ഗോവിന്ദൻ ഷെർഷാദിന് നോട്ടീസ് അയച്ചത്.

കത്ത് ചോർന്ന സംഭവം, വക്കീൽ നോട്ടീസിന് മറുപടി നൽകുമെന്ന് മുഹമ്മദ് ഷെർഷാദ്

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. മലപ്പുറം ചെനക്കലങ്ങാടി സ്വദേശിയായ പതിനൊന്നുകാരിക്ക് രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം മൂന്നായി. വെന്‍റിലേറ്ററിലുള്ള മൂന്ന് മാസം പ്രായമായ കുഞ്ഞിന്‍റെ നില അതീവ ഗുരുതരമായി തുടരുന്നു.

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം