ശബരിമല ശ്രീകോവിലിന്‍റെ കട്ടിളപാളികളും കടത്തിയെന്ന് സ്ഥിരീകരണം വന്നതോടെ സ്വർണപ്പാളി വിവാദം പുതിയ തലത്തിലേക്ക് കടന്നു. ഈ വിഷയത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ സസ്പെൻഡ് ചെയ്യുകയും പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെടുകയും ചെയ്തു. 

ദ്വാരപാലക ശിൽപ്പങ്ങളുടെ സ്വർണപാളികൾ മാത്രമല്ല, ശബരിമല ശ്രീകോവിലിന്‍റെ കട്ടിളപാളികളും കടത്തിയെന്ന് സ്ഥിരീകരണം വന്നതാണ് ഇന്നത്തെ പ്രധാന വാർത്ത. സ്വർണപ്പാളി വിവാദത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന ബി മുരാരി ബാബുവിനെ ബോർഡ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇതിനിടെ മലബാർ ദേവസ്വം ബോർഡിന്‍റെ കീഴിലുള്ള ക്ഷേത്രത്തിലും സ്വർണം കാണാതായെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. അതേസമയം, ജനഹിതം അറിയാൻ നവകേരള ക്ഷേമ സർവേ ആരംഭിക്കുകയാണ് പിണറായി സർക്കാർ.

ശ്രീകോവിലിന്‍റെ കട്ടിളപാളികളും കടത്തി

ദ്വാരപാലക ശിൽപ്പങ്ങളുടെ സ്വർണപാളികൾ മാത്രമല്ല, ശബരിമല ശ്രീകോവിലിന്‍റെ കട്ടിളപാളികളും കടത്തിയെന്ന് സ്ഥിരീകരണം. ചെമ്പ് എന്ന് രേഖപ്പെടുത്തി സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയിരുന്നുവെന്ന് അന്നത്തെ അഡ്മിനിട്രേറ്റീവ് ഓഫീസർ മുരാരി ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കട്ടിപാളിയിലെ സ്വർണക്കടത്തും ഹൈക്കോടതി നിയോഗിച്ച ദേവസ്വം വിജിലൻസ് അന്വേഷിക്കുന്നതായാണ് വിവരം.

മുരാരി ബാബുവിന് സസ്പെൻഷൻ

ശബരിമല സ്വർണപ്പാളി വിവാദത്തിൽ ആദ്യ നടപടിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന ബി മുരാരി ബാബുവിനെ ബോർഡ് സസ്പെൻഡ് ചെയ്തു. സ്വർണം പൂശിയ ദ്വാരപാലക ശിൽപങ്ങൾ ചെമ്പ് തകിടെന്ന് തെറ്റായി രേഖപ്പെടുത്തിയതിനാണ് നടപടി. ചെമ്പ് തെളിഞ്ഞതുകൊണ്ടാണ് വീണ്ടും സ്വർണം പൂശാൻ നൽകിയതെന്നാണ് മുരാരി ബാബുവിന്‍റെ വാദം.

സംശയമുന കൂടുതൽ ഉന്നതരിലേക്ക്

ശബരിമലയിലെ ദ്വാരപാലകശിൽപ്പത്തിലെ സ്വർണം കാണാതായ സംഭവത്തിൽ സംശയമുന കൂടുതൽ ഉന്നതരിലേക്ക് നീളുന്നു. അധികമുള്ള സ്വർണം പെൺകുട്ടിയുടെ വിവാഹത്തിന് ഉപയോഗിക്കാൻ അനുമതി തേടി ഉണ്ണിക്കൃഷ്ണൻ പോറ്റി ഇ മെയിൽ അയച്ചത് തനിക്കാണെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ വാസു ഏഷ്യാനെറ്റ് ന്യൂസിലൂടെ ആദ്യമായി സ്ഥിരീകരിച്ചു. പോറ്റി സ്വന്തമായി സ്വരൂപിച്ച സ്വർണം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിൽ എന്താണ് പ്രശ്നമെന്നാണ് വാസുവിന്‍റെ വിചിത്രവാദം.

ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം തുടർച്ചയായ രണ്ടാം ദിവസവും നിയമസഭ സ്തംഭിപ്പിച്ചു. സർക്കാരുമായി ചർച്ചക്കില്ലെന്ന് നിലപാടെടുത്ത പ്രതിപക്ഷം ഇന്നും അടിയന്തര പ്രമേയ നോട്ടീസ് നൽകിയില്ല. പ്രതിപക്ഷം കോടതിയെയും ജനങ്ങളെയും വെല്ലുവിളിക്കുകയാണ് എന്നും ധൈര്യം ഉണ്ടെങ്കിൽ സ്വർണ്ണപ്പാളി വിവാദത്തിൽ ചർച്ചക്ക് വരണമെന്നും ഭരണനിര വെല്ലുവിളിച്ചു.

മലബാർ ദേവസ്വം ബോർഡിന്‍റെ കീഴിലുള്ള ക്ഷേത്രത്തിലും സ്വർണം കാണാതായി

മലബാർ ദേവസ്വം ബോർഡിന്‍റെ കീഴിലുള്ള ക്ഷേത്രത്തിലും സ്വർണം കാണാതായെന്ന് പരാതി. ബാലുശ്ശേരി കോട്ട പരദേവതാ ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച 20 പവനോളം സ്വർണം ഉരുപ്പടികളാണ് കാണാതായത്. ദേവസ്വം ബോർഡ് നടത്തിയ കണക്കെടുപ്പിൽ സ്വർണം കാണാതായെന്ന് സ്ഥിരീകരിച്ചതായി ക്ഷേത്രം ട്രസ്റ്റി ബോർഡ് അംഗങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

നവകേരള ക്ഷേമ സർവേയുമായി പിണറായി സര്‍ക്കാര്‍

തെരഞ്ഞെടുപ്പിന് മുൻപ് ജനഹിതം അറിയാൻ നവകേരള ക്ഷേമ സർവേയുമായി പിണറായി സര്‍ക്കാര്‍. സംസ്ഥാനത്തെ 80 ലക്ഷം വീടുകളിൽ നേരിട്ടെത്തും വിധത്തിൽ വിപുലമായ സര്‍വേയാണ് ഉദ്ദേശിക്കുന്നത്. സര്‍വേയുടെ ഏകോപനവും വിലയിരുത്തലും മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് നിര്‍വ്വഹിക്കും. രണ്ടാം തുടര്‍ ഭരണം എന്ന പ്രഖ്യാപിത ലക്ഷ്യവുമായി മുന്നോട്ട് പോകുകയാണ് പിണറായി സര്‍ക്കാര്‍. ജനങ്ങളോട് നേരിട്ട് സംസാരിക്കാനും ജനഹിതം അറിയാനും സര്‍ക്കാര്‍ പദ്ധതികൾ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാനും സിഎം വിത്ത് മി അടക്കം വിപുലമായ പിആര്‍ സംവിധാനം പ്രാബല്യത്തിൽ വന്നത് അടുത്തിടെയാണ്. ഇതിന് പുറമെയാണ് സംസ്ഥാനത്തെ 80 ലക്ഷത്തോളം വീടുകളിലേക്ക് സര്‍വേക്ക് ആളെ എത്തിക്കുന്നത്.

കസ്റ്റംസ് ദുൽഖർ സൽമാന് വാഹനം വിട്ടുനൽകുമോ?

ഓപ്പറേഷൻ നുംഖോറിന്‍റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത വാഹനം ദുൽഖർ സൽമാന് വിട്ട് നൽകുന്നതിൽ കസ്റ്റംസ് അഡീഷണല്‍ കമ്മീഷണർ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. ഇരുപത് വർഷത്തെ രേഖകൾ ഹാജരാക്കണമെന്നും ആവശ്യം തള്ളിയാൽ, കാരണസഹിതം ഉത്തരവിറക്കണമെന്നും ഇടക്കാല ഉത്തരവ്. വിദേശത്ത് നിന്ന് വാഹനം കൊണ്ടുവന്നതിൽ ക്രമക്കേടുണ്ടെന്ന് കസ്റ്റംസ്. അന്വേഷണവിവരങ്ങൾ കോടതിക്ക് കൈമാറി.