കലാപം തുടങ്ങി 27 മാസങ്ങൾക്ക് ശേഷം പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിച്ചു. ജനവാസ മേഖലയിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാൻ സർക്കാർ അനുമതി നൽകി. രാജ്യവ്യാപക എസ്ഐആറിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ തുടങ്ങി- ഇന്നത്തെ പ്രധാന വാർത്തകൾ

മണിപ്പൂരിന്‍റെ മണ്ണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി എന്നതാണ് ഇന്നത്തെ പ്രധാന വാർത്ത. മലയോര ജനതയുടെ ആശങ്ക പരിഹരിക്കാൻ ജനവാസ മേഖലയിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാൻ അതിവേഗം അനുമതി നൽകുന്ന നിയമ ഭേദഗതിക്ക് കേരള സർക്കാർ അംഗീകാരം നൽകി എന്നതാണ് ഇന്നത്തെ മറ്റൊരു പ്രധാന വാർത്ത. രാജ്യവ്യാപക എസ്ഐആറിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ തുടങ്ങി എന്ന വാർത്തയും ഇന്ന് പുറത്തുവന്നു. ഇന്നറിയേണ്ട വാർത്തകൾ ഒറ്റ നോട്ടത്തിൽ…

കലാപം തുടങ്ങി 27 മാസത്തിന് ശേഷം പ്രധാനമന്ത്രി മണിപ്പൂരിൽ

കലാപം തുടങ്ങി 27 മാസങ്ങൾക്കു ശേഷം മണിപ്പൂരിൻറെ മണ്ണിലിറങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. മണിപ്പൂരിലെ എല്ലാ സംഘടനകളും സമാധാനത്തിന്‍റെ പാതയിലേക്ക് മടങ്ങണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. കുട്ടികളുടെ ഭാവിയോർത്ത് എല്ലാവരും അക്രമം വെടിയണമെന്ന് ആവശ്യപ്പെട്ട മോദി, പലായനം ചെയ്തവരെ സഹായിക്കാൻ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. കലാപത്തിന്‍റെ ഇരകളുമായി മോദി സംസാരിച്ചു. കുക്കി ഭൂരിപക്ഷ മേഖലയായ ചുരാചന്ദ്പൂരിലാണ് ആദ്യം യോഗത്തിനെത്തിയത്. 7300 കോടിയുടെ പദ്ധതികൾ മോദി ഉദ്ഘാടനം ചെയ്തു. പിന്നീട് മെയ്തെയ് വിഭാഗത്തിന് മേൽക്കൈയുള്ള ഇംഫാലിലെ റാലിയിലും പങ്കെടുത്തു. പുതിയ സിവിൽ സെക്രട്ടറിയേറ്റ്, പോലീസ് ആസ്ഥാനം എന്നിവയ്ക്കും വനിതാ ഹോസ്റ്റലുകൾക്കും വനിതകൾക്കുള്ള പ്രത്യേക മാർക്കറ്റിനും തറക്കല്ലിട്ടു. പ്രധാനമന്ത്രി നാലര മണിക്കൂറാണ് സംസ്ഥാനത്ത് ചെലവഴിച്ചത്.

അക്രമകാരികളായ മൃ​ഗങ്ങളെ കൊല്ലാൻ അനുമതി; ബില്ലിന് അം​ഗീകാരം നൽകി മന്ത്രിസഭായോ​ഗം

ജനവാസ മേഖലയിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാൻ അതിവേഗം അനുമതി നൽകുന്ന നിയമ ഭേദഗതിക്ക് അംഗീകാരം നൽകി സംസ്ഥാന സർക്കാർ. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലാണ് ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം ഭേദഗതി വരുത്തിയത്. ജനവാസ മേഖലയിൽ ഇറങ്ങി അക്രമം നടത്തുന്ന വന്യമൃഗങ്ങളെ വെടിവെക്കാൻ പുതിയ ഭേദഗതി പ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡന് അതിവേഗം ഉത്തരവിടാം. കലക്ടർ അല്ലെങ്കിൽ ചീഫ് ഫോറസ്റ്റ് കൺസ‍ർവേറ്ററുടെ ശുപാർശ മാത്രം മതി. ഒന്നുകിൽ വെടിവെച്ചു കൊല്ലാം അല്ലെങ്കിൽ മയക്കുവെടി. മലയോര ജനതയുടെ ആശങ്ക തീർക്കലാണ് സംസ്ഥാന സർക്കാറിൻറെ ലക്ഷ്യം. തിങ്കളാഴ്ച തുടങ്ങുന്ന സഭാ സമ്മേളന കാലയളവിൽ ബിൽ അവതരിപ്പിച്ച് പാസാക്കുമെങ്കിലും ബാക്കി കടമ്പകളാണ് പ്രശ്നം. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചാലേ നിയമ ഭേദഗതിക്ക് സാധുതയുള്ളൂ എന്നതാണ് പ്രധാന വെല്ലുവിളി.

രാജ്യവ്യാപക എസ്ഐആർ; നടപടികൾ തുടങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ

രാജ്യവ്യാപകമായി തീവ്രവോട്ടർ പട്ടിക പരിഷ്കരണത്തിന് നടപടികൾ തുടങ്ങിയെന്ന് സുപ്രീംകോടതിയെ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. അടുത്ത വർഷം ജനുവരി ഒന്ന് എസ്ഐആർ പട്ടിക നിലവിൽ വരുന്ന തീയതിയായി നിശ്ചയിച്ചെന്ന് വ്യക്തമാക്കി കമ്മീഷൻ സത്യവാങ്മൂലം സമർപ്പിച്ചു. എല്ലാ സംസ്ഥാനങ്ങളിലും എസ്ഐആറിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങാനുള്ള ഉത്തരവ് ജൂൺ മാസം 24ന് കമ്മീഷൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകൾക്ക് നൽകിയെന്നാണ് സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്. ജനുവരിയോടെ തീവ്രവോട്ടർ പട്ടിക പരിഷ്കരണം പൂർത്തിയാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിക്കുന്നത് കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടാണ്. കമ്മീഷൻ നടപടിയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്ത് എത്തി.

എൻ എം വിജയന്‍റെ മരുമകൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു

വയനാട് ഡിസിസി ട്രഷററായിരുന്ന എൻ എം വിജയന്‍റെ മരുമകൾ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോൺഗ്രസ് നേതൃത്വത്തെ കുറ്റപ്പെടുത്തി കുറിപ്പ് എഴുതിയ ശേഷമാണ് കൈ ഞരമ്പ് മുറിച്ചത്. 'കൊലയാളി കോൺഗ്രസേ നിനക്ക് ഇന്ന് ഒരു ഇര കൂടി' എന്നാണ് കുറിപ്പിൽ എഴുതിയത്. കടബാധ്യത തീർക്കാൻ പണം നൽകാമെന്ന് കരാർ ഉണ്ടാക്കിയ ശേഷം കോൺഗ്രസ് വഞ്ചിച്ചുവെന്ന് പത്മജ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത്രയും നാൾ സഹിച്ചുവെന്നും ഇനി പിടിച്ചു നിൽക്കാൻ ആവില്ലെന്നും പത്മജ മാധ്യമങ്ങളോട് പറഞ്ഞു. ടി സിദ്ദിഖ് എംഎൽഎയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി. പത്മജയെ സിപിഎം നേതാക്കളും ബിജെപി നേതാക്കളും ആശുപത്രിയിൽ സന്ദർശിച്ചു.

ലേണേഴ്സ് ടെസ്റ്റും കടുപ്പിച്ച് എംവിഡി

ഡ്രൈവിംഗ് ടെസ്റ്റ് കർശനമാക്കിയതിന് പിന്നാലെ ലേണേഴ്സ് ടെസ്റ്റിലും മാറ്റങ്ങൾ വരുത്തി മോട്ടോർ വാഹന വകുപ്പ്. 20 ചോദ്യങ്ങൾ ഉള്ള പരീക്ഷ പാസാകാൻ 12 മാർക്ക്. ഒരു ഉത്തരം എഴുതാൻ 15 സെക്കന്‍റ്- ഇതായിരുന്നു ഇതുവരെയുള്ള ലേണേഴ്സ് ടെസ്റ്റ് രീതി. പരീക്ഷാ പരിശീലനത്തിന് കൃത്യമായ സിലബസ് ഉണ്ടായിരുന്നില്ല. എന്നാൽ ലേണേഴ്സ് ടെസ്റ്റിൽ പിടിമുറുക്കുകയാണ് എംവിഡി. ഇനി മുതൽ വിവിധ മേഖലകളിൽ നിന്നുള്ള 30 ചോദ്യങ്ങളുണ്ടാകും. പരീക്ഷ ജയിക്കാൻ 18 മാർക്ക് വേണം. ഉത്തരം എഴുതാൻ 30 സെക്കന്‍റ് സമയം കിട്ടും. ലൈസൻസ് എടുക്കാൻ പോകുന്നവർ ആദ്യം എംവിഡി തയ്യാറാക്കിയ എംവിഡി ലീഡ്സ് ആപ് ഇൻസ്റ്റാൾ ചെയ്യണം. അതിൽ സിലബസും മോക് ടെസ്റ്റും ഉണ്ടാകും. അത് പാസാകുന്നവർക്ക് റോഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് കിട്ടും. ഇത് കിട്ടുന്നവർക്ക് എംവിഡി നടത്തുന്ന നിർബന്ധിത പ്രീ ഡ്രൈവിംഗ് ക്ലാസിൽ പോകേണ്ടതില്ല. കിട്ടാത്തവർക്ക് ക്ലാസ് നിർബന്ധം.

തിരുവനന്തപുരത്തും മസ്തിഷ്ക ജ്വരം; ആക്കുളത്തെ പൂൾ പൂട്ടി

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. തുടർന്ന് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിംഗ് പൂൾ ആരോഗ്യ വകുപ്പ് പൂട്ടി. വെള്ളത്തിന്റെ സാമ്പിളുകൾ ആരോഗ്യ വകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഇന്നലെയാണ് പതിനേഴുകാരന് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഈ കുട്ടി സുഹൃത്തുക്കൾക്കൊപ്പം സ്വിമ്മിം​ഗ് പൂളിലെത്തി കുളിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൂളിലെ വെള്ളം പരിശോധിക്കാനുള്ള ആരോ​ഗ്യ വകുപ്പിന്‍റെ നീക്കം. ഇതോടെ സംസ്ഥാനത്ത് നിരവധി ജില്ലകളിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു കഴിഞ്ഞു.