മണിപ്പൂർ സംഘർഷത്തിന് അയവ്, സിവിൽ സർവീസിൽ ഇക്കുറി പെൺതിളക്കം, അരിക്കൊമ്പന് അരിവാങ്ങാൻ പിരിവ്- 10 വാർത്ത 

1- ഡിജിറ്റൽ വിപ്ലവത്തിൽ ഇന്ത്യ ലോക നേതാവെന്ന് മോദി; ഇന്ത്യൻ പ്രധാനമന്ത്രി 'ബോസ്' എന്ന് ഓസീസ് പ്രധാനമന്ത്രി

ഇന്ത്യ ഓസ്ട്രേലിയ സൗഹൃദം ഊട്ടിയുറപ്പിക്കുന്ന ഒന്നായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓസീസ് സന്ദർശനം. ഓസ്ട്രേലിയയിലെ ഇന്ത്യാക്കാരെ അഭിസംബോധന ചെയ്യുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'ദി ബോസ്' എന്ന് വിശേഷിപ്പിച്ച ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്, മോദി അസാമാന്യമായ ഊർജ്ജമുള്ളയാളെന്നും പറഞ്ഞു.

2-മണിപ്പൂരില്‍ സംഘര്‍ഷത്തിന് അയവ്; ന്യൂനപക്ഷ മേഖലകളില്‍ കൂടുതല്‍ സൈന്യം

സൈന്യത്തിന്റെയും അര്‍ധസൈനിക വിഭാഗങ്ങളുടെയും ഇടപെടലില്‍ മണിപ്പൂര്‍ വീണ്ടും ശാന്തമാകുന്നു. 18 മണിക്കൂറിലേറെയായി അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മെയ്‌തെയ് വിഭാഗം ന്യൂനപക്ഷമായ മേഖലകളില്‍ കൂടുതല്‍ സൈന്യത്തെ നിയോഗിച്ചു.

3-കണമലയിലേത് ഒറ്റപ്പെട്ട സംഭവമല്ല, സർക്കാരിനും വനം വകുപ്പിനുമെതിരെ കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ ജോസ് പുളിക്കൽ

കണമലയിലേത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ ജോസ് പുളിക്കൽ. അത് ഒറ്റപ്പെട്ട സംഭവമാക്കാൻ വനം വകുപ്പ് ശ്രമിക്കുന്നു. കാട്ടുപോത്തിന് വോട്ടവകാശം ഇല്ലായെന്ന് സർക്കാരും ബന്ധപ്പെട്ടവരും മറക്കരുതെന്നും ബിഷപ്പ് പറഞ്ഞു.

4- സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 6-ാം റാങ്ക് മലയാളിയായ ഗഹാന നവ്യ ജെയിംസിന്

യുപിഎസ്‍സി സിവിൽ സർവീസ് പരീക്ഷയിൽ ഇക്കുറി പെൺത്തിളക്കം. ആദ്യ പത്ത് പേരുടെ പട്ടികയിൽ ആറ് റാങ്കുകാരും പെൺകുട്ടികളാണ്. യുപി സ്വദേശി ഇഷിത കിഷോറിനാണ് ഒന്നാം റാങ്ക്. മലയാളിക്ക് അഭിമാനമായി പാലാ സ്വദേശിനി ഗഹന നവ്യ ജയിംസ് ആറാം റാങ്ക് നേടി.

5- 'നെഞ്ചത്തേക്കാണ് കത്തിവയ്ക്കുന്നത്'; സിഐടിയു അമിത കൂലി ചോദിച്ചെന്ന് ഉടമ, ചരക്ക് കെട്ടിക്കിടക്കുന്നു; വിവാദം

ആലുവയിൽ കൂലി തര്‍ക്കത്തെ തുടർന്ന് കണ്ടെയ്നറില്‍ വന്ന ചരക്ക് കെട്ടിക്കിടക്കുന്നു. കെംടെക് എന്ന സ്ഥാപനത്തിലേക്ക് വന്ന വാട്ടർ പ്യൂരിഫയര്‍ ആണ് കണ്ടെയ്നറിൽ ഉള്ളത്. ഇറക്കാൻ കൂടുതൽ തുക വേണമെന്ന് സിഐടിയു തൊഴിലാളികൾ ആവശ്യപ്പെട്ടതായാണ് ആരോപണം.

6-അരിക്കൊമ്പന് അരി വാങ്ങാന്‍ വാട്സ് ആപ്പ് ​ഗ്രൂപ്പിൽ പണപ്പിരിവ്; അന്വേഷണം തുടങ്ങി സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച്

അരിക്കൊമ്പന്റെ പേരിൽ വാട്ട്സാപ്പ് കൂട്ടായ്മ രൂപീകരിച്ച് പണം പിരിച്ചെന്ന പരാതിയിൽ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. അരിക്കൊമ്പനെ ചിന്നക്കനാലിലേക്ക് തിരികെയെത്തിക്കാനുള്ള നിയമനടപടികൾക്കും അരി വാങ്ങി നൽകാനെന്നും പറഞ്ഞാണ് പണപ്പിരിവ് നടന്നത്.

7-കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ സെലക്ഷൻ ട്രയൽ തടഞ്ഞ സംഭവം; കുട്ടികളോട് മാപ്പ് പറഞ്ഞ് പി വി ശ്രീനിജിൻ എംഎല്‍എ

കേരള ബ്ലാസ്റ്റേഴ്സ് സെലക്ഷൻ ട്രയലിനെത്തിയ കുട്ടികളെ പ്രവേശിപ്പിക്കാതെ സ്റ്റേഡിയം പൂട്ടിയിട്ട സംഭവത്തിൽ കുട്ടികളോട് മാപ്പ് പറഞ്ഞ് പി വി ശ്രീനിജിൻ എംഎൽഎ. ട്രയൽസ് നടക്കുന്ന വിവരം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിനെ അറിയിച്ചിരുന്നെങ്കിൽ ഗേറ്റ് പൂട്ടിയിടില്ലായിരുന്നുവെന്നും പി വി ശ്രീനിജിൻ മാധ്യമങ്ങളോട് പറഞ്ഞു

8- "ഉത്തരേന്ത്യ കേരളത്തിലേക്ക് നടന്നുവന്നിരിക്കുന്നു": തിരക്കഥാകൃത്ത് ഷാജികുമാറിന്‍റെ പോസ്റ്റ് ശ്രദ്ധേയമാകുന്നു

കഥാകൃത്തും സിനിമ തിരക്കഥാകൃത്തുമായി പിവി ഷാജികുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. വാടകവീട് നോക്കാൻ സുഹൃത്തിനൊപ്പം കളമശ്ശേരിയിലെ ഒരു ഹൗസിങ്ങ് കോളനിയിൽ പോയ അനുഭവമാണ് ഷാജി തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവയ്ക്കുന്നത്.

9- വന്ദേഭാരത് അടക്കം കേരളത്തിൽ ഓടുന്ന ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം

വന്ദേഭാരത് അടക്കമുള്ള ഏഴ് ട്രെയിനുകളുടെ സമയക്രമം പുതുക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. നിശ്ചിത ട്രെയിനുകൾ പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ സമയത്തിലാണ് മെയ് 28 മുതൽ മാറ്റമുണ്ടാവുക. പുതിയ സമയക്രമം പ്രകാരം ട്രെയിൻ സമയത്തിലുണ്ടായ മാറ്റം ഇങ്ങനെയാണ്.

10- 'കെ റെയിൽ ഉണ്ടെങ്കിൽ, സ്വന്തം വീട്ടിൽ ഉണ്ടുറങ്ങി കേരളത്തിൽ എവിടെയും പഠിക്കാൻ കുട്ടികൾക്ക് കഴിയില്ലേ?'

ശക്തമായ പ്രതിഷേധവും കേന്ദ്രാനുമതി ലഭിക്കാത്തതും മൂലം നടപടികൾ മരവിപ്പിച്ച കെ റെയിൽ പദ്ധതിയെ പിന്തുണച്ച് വീണ്ടും കുറിപ്പുമായി സന്ദീപാനന്ദഗിരി. കെ റെയിൽ പോലുള്ള അതിവേഗ റെയിൽ സംവിധാനം തിരുവനന്തപുരം മുതൽ കാസർകോട് വരെ ഉണ്ടായിരുന്നെങ്കിൽ കുട്ടികൾക്ക് വീട് വിട്ട് നിൽക്കാതെ കേരളത്തിലെ ഏത് കോളേജിലും പഠിക്കാൻ സാധിക്കുമായുരന്നു എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.