Asianet News MalayalamAsianet News Malayalam

അരിക്കൊമ്പന് അരി വാങ്ങാന്‍ വാട്സ് ആപ്പ് ​ഗ്രൂപ്പിൽ പണപ്പിരിവ്; അന്വേഷണം തുടങ്ങി സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച്

അരിക്കൊമ്പനെ ചിന്നക്കനാലിലേക്ക് തിരികെയെത്തിക്കാനുള്ള നിയമനടപടികൾക്കും അരി വാങ്ങി നൽകാനെന്നും പറഞ്ഞാണ് പണപ്പിരിവ് നടന്നത്.

State Special Branch started investigation on cash collection and fraud in the name of arikomban through whats app group nbu
Author
First Published May 23, 2023, 3:12 PM IST

വയനാട്: അരിക്കൊമ്പന്റെ പേരിൽ വാട്ട്സാപ്പ് കൂട്ടായ്മ രൂപീകരിച്ച് പണം പിരിച്ചെന്ന പരാതിയിൽ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. അരിക്കൊമ്പനെ ചിന്നക്കനാലിലേക്ക് തിരികെയെത്തിക്കാനുള്ള നിയമനടപടികൾക്കും അരി വാങ്ങി നൽകാനെന്നും പറഞ്ഞാണ് പണപ്പിരിവ് നടന്നത്. പൊതുപ്രവര്‍ത്തകനും അഭിഭാഷകനുമായ ശ്രീജിത്ത് പെരുമന ഡിജിപിയ്ക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം. 

ചിന്നക്കനാലിൽ നിന്ന് മയക്കുവെടിവെച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പന് വേണ്ടിയാണ് വാട്ട്സാപ്പ് കൂട്ടായ്മ പണം പിരിച്ചത്. ഏപ്രിൽ 30 നാണ് എന്നും അരിക്കൊമ്പനൊപ്പം എന്ന പേരിൽ വാട്ട്സാപ്പ് കൂട്ടായ്മ രൂപീകരിക്കുന്നത്. എറണാകുളം സ്വദേശികളാണ് ഗ്രൂപ്പ് അഡ്മിനുകൾ. സംസ്ഥാനത്തുടനീളമുള്ള മൃഗസ്നേഹികളെ പിന്നീട് ഗ്രൂപ്പിന്‍റെ ഭാഗമാക്കി. അരിക്കൊമ്പനെ ചിന്നക്കനാലിൽ തിരികെ കൊണ്ടുവരുന്നതിന് സുപ്രീംകോടതിയിൽ കേസ് നടത്താനെന്ന പേരിലും അരി എത്തിച്ച് നൽകാമെന്നും പറഞ്ഞായിരുന്നു പണപ്പിരിവ്. പ്രവാസികളിൽ നിന്നടക്കം 8 ലക്ഷത്തോളം രൂപ ഇതിനോടകം പിരിച്ചുവെന്നാണ് പരാതി. ഗ്രൂപ്പ് അംഗങ്ങളായ ചിലരാണ് പൊതുപ്രവർത്തകനായ ശ്രീജിത്ത് പെരുമനയെ വിവരം അറിയിക്കുന്നത്.  

Also Read: 'അരിക്കൊമ്പന് ഒരു ചാക്ക് അരി'; വാട്സ് ആപ്പ് ​ഗ്രൂപ്പിൽ പണപ്പിരിവ്, ഏഴ് ലക്ഷം രൂപ തട്ടി മുങ്ങിയതായി ആരോപണം

അന്വേഷണം തുടങ്ങിയ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് അരിക്കൊമ്പനെ മുൻ നിര്‍ത്തി തയ്യാറാക്കിയ വാട്ട്സാപ്പ് ഗ്രൂപ്പുകള്‍ നിരീക്ഷിക്കുന്നുണ്ട്. ഇതിനിടെ തങ്ങൾക്ക് നേരെ നടക്കുന്നത് വ്യാജ ആരോപണങ്ങളാണെന്ന് ഉന്നയിച്ച് ഗ്രൂപ്പ് അഡ്മിൻ എറണാകുളം സൗത്ത് പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. അരികൊമ്പന് വേണ്ടി പണം പിരിച്ചിട്ടില്ല. കെയർ ആന്‍റ് കൺസേർൺ ഫോർ ആനിമൽസ് എന്ന പേരിൽ ട്രസ്റ്റ് രൂപീകരിക്കാനാണ് ശ്രമമെന്ന് ഗ്രൂപ്പ് അഡ്മിൻ വ്യക്തമാക്കി.

Also Read: ദിവസേന 8 കി.മീ. വരെ സഞ്ചരിക്കും; പെരിയാർ കടുവ സങ്കേതത്തിൽ ചുറ്റിത്തിരിഞ്ഞ് അരിക്കൊമ്പൻ, നിരീക്ഷണം തുടരും

 

ചിന്നക്കനാലില്‍ സ്ഥിരം ശല്യക്കാരനായിരുന്ന അരിക്കൊമ്പനെ ഏപ്രില്‍ അവസാനത്തോടെയാണ് മയക്കുവെടി വച്ച് പിടികൂടി പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് തുറന്ന് വിട്ടത്. റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷമായിരുന്നു അരിക്കൊമ്പനെ പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്ന് വിട്ടത്. ആനയ്ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു വനം വകുപ്പിന്‍റെ നടപടി. മംഗളാദേവി ക്ഷേത്രത്തിന് സമീപം മേദകാനത്തിനും മുല്ലക്കുടിക്കും ഇടയിലുള്ള ഉൾക്കാട്ടിലാണ് ആനയെ തുറന്നു വിട്ടത്.

Follow Us:
Download App:
  • android
  • ios