കത്തിൽ രാജി, ലീവ് സറണ്ടര്‍ ഉത്തരവ് പിൻവലിച്ചു, മെസ്സിയും റൊണാൾഡോയും അങ്കത്തിന്, അറിയാം പത്ത് വാര്‍ത്തകൾ
1- ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അന്തരിച്ചു
കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായിരുന്ന ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അന്തരിച്ചു. 95 വയസായിരുന്നു. എട്ട് വർഷത്തോളം കത്തോലിക്കാ സഭയെ നയിച്ച ശേഷം സ്ഥാനത്യാഗം ചെയ്യുകയായിരുന്നു. തുടർന്ന് വിശ്രമത്തിലായിരുന്നു
2- കത്ത്, വിവാദം, പ്രതിഷേധം, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ഡി ആര്‍ അനില്‍ രാജിവെച്ചു
കത്ത് വിവാദത്തിൽ തിരുവനന്തപുരം കോര്‍പറേഷൻ പൊതുമരാമത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാൻ സ്ഥാനം ഡി ആര്‍ അനിൽ രാജിവച്ചു. സമരം അവസാനിപ്പിക്കാൻ പ്രതിപക്ഷ കക്ഷികളുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് രാജി. പാര്‍ട്ടി കയ്യൊഴിഞ്ഞിട്ടില്ലെന്നും പാര്‍ട്ടി മാറി നിൽക്കാൻ പറഞ്ഞാൽ മാറി നിൽക്കുമെന്നും ഡി ആര്‍ അനിൽ പ്രതികരിച്ചു.
3- അനുശോചനം, ഒപ്പം പ്രാർത്ഥനകളും; ഹീരാബെൻ മോദിയുടെ നിര്യാണത്തിൽ യുഎസ് പ്രസിഡന്റ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്നിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. 99ാമത്ത വയസ്സിലാണ് പ്രധാനമന്ത്രിയുടെ അമ്മ ഹീരാബെൻ അന്തരിച്ചത്. വെള്ളിയാഴ്ച അഹമ്മദാബാദിലെ ആശുപത്രിയിൽ വെച്ചായിരുന്നു ഹീരാ ബെന്നിന്റെ അന്ത്യനിമിഷങ്ങൾ.
4 -ലീവ് സറണ്ടർ ഉത്തരവ് പിൻവലിച്ചു; പണം പിഎഫിൽ ലയിപ്പിക്കും, 4 വർഷം കഴിഞ്ഞ് പിൻവലിക്കാം
സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം മരവിപ്പിച്ച ഉത്തരവ് പിൻവലിച്ചു. ഡിസംബർ 31 വരെ ലീവ് സറണ്ടർ ചെയ്ത് പണം കൈപ്പറ്റുന്നതിനുള്ള വിലക്ക് ഇതോടെ അവസാനിച്ചു. നടപ്പ് സാമ്പത്തിക വർഷത്തെ ലീവ് ഏപ്രിൽ മാസത്തിൽ ജീവനക്കാർക്ക് സറണ്ടർ ചെയ്ത് പണം കൈപ്പറ്റാനാവും. സംസ്ഥാനത്തിന്റെ നിലവിലുള്ള സാമ്പത്തിക അവസ്ഥ കണക്കിലെടുത്താണ് ഡിസംബർ 31 വരെ ഉത്തരവ് നീട്ടിയിരുന്നത്.
5- ശബരിമല വിമാനത്താവളത്തിന് 2750 ഏക്കർ സ്ഥലം ഏറ്റെടുക്കും; സർക്കാർ ഉത്തരവിറക്കി
ശബരിമല വിമാനത്താവളം സ്ഥലമേറ്റെടുപ്പിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. എരുമേലി സൗത്തിലും മണിമലയിലുമായി 2570 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് നിന്ന് 307 ഏക്കര്‍ സ്ഥലമേറ്റെടുക്കും. 3500 മീറ്റര്‍ നീളമുള്ള റൺവെ അടക്കം മാസ്റ്റര്‍ പ്ലാൻ അംഗീകരിച്ചിട്ടുണ്ട്.
6- വീണ്ടും മന്ത്രിയാവാന്‍ സജി ചെറിയാന്‍: സത്യപ്രതിജ്ഞ ബുധനാഴ്ച
ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തിന്‍റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാന്‍ വീണ്ടും മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നു. മന്ത്രിയായുള്ള സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ ജനുവരി നാലിന് (ബുധനാഴ്‍ച്) നടക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് സജി ചെറിയാനെ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. സജി ചെറിയാനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിന് മറ്റ് നിയമ തടസങ്ങളില്ലെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ കൂടിയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം എടുത്തത്.
7- 'ഭരണഘടനയോട് അങ്ങേയറ്റത്തെ ബഹുമാനം, ആക്ഷേപിച്ചിട്ടില്ല'; ആവർത്തിച്ച് സജി ചെറിയാൻ
ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്ന് സജി ചെറിയാൻ എംഎൽഎ. മന്ത്രിസ്ഥാനത്തേക്ക് തിരികെ വരുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനെ താൻ ആക്ഷേപിച്ചിട്ടില്ലെന്ന് സജി ചെറിയാൻ ഇന്നും ആവർത്തിച്ചു. വിവാദമുണ്ടായപ്പോൾ ധാർമ്മികത ഉയർത്തിപ്പിടിച്ചാണ് മന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ചത്. അതിന് ശേഷം അഞ്ച് മാസത്തോളം അന്വേഷണം നടന്നു. ഇനിയെല്ലാം പാർട്ടി തീരുമാനിക്കുമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.
ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രധാന പ്രതി ശ്യാംലാലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ശ്യാംലാലിനെ നാളെ കോടതിയിൽ ഹാജരാക്കുമെന്ന് ഡിജിപി പറഞ്ഞു. ശ്യാംലാലാണ് തട്ടിപ്പിന്റെ കിംഗ് പിൻ എന്ന് ഡിജിപി പറയുന്നു. ടൈറ്റാനിയത്തിലെ ലീഗൽ ഡിജിഎം ശശികുമാരൻ തമ്പിയുടെ സഹപാഠിയാണ് ശ്യാംലാൽ. ശ്യാംലാലിന്റെ ഫോർച്യൂണർ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റു പ്രതികൾക്കുള്ള തിരച്ചിൽ ഊർജ്ജിതമായി തുടരുന്നു എന്നും ഡിജിപി പറയുന്നു.
9-ഏറ്റവും മോശം പ്രകടനം നടത്തുന്ന ഏഷ്യൻ കറൻസിയായി രൂപ
ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം നടത്തുന്ന കറൻസിയായി ഇന്ത്യൻ രൂപ. . 2022-ൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 11.3 ശതമാനം ഇടിഞ്ഞു. 2013 ന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമാണ് ഈ വർഷം രൂപ നടത്തിയത്. റഷ്യ - ഉക്രൈൻ യുദ്ധം, യുഎസ് ഫെഡറൽ റിസർവിന്റെ ആക്രമണാത്മക പലിശ നിരക്ക് വർദ്ധനവ് എന്നിവ രൂപയ്ക്ക് തിരിച്ചടിയായി.
10-പുതുവര്‍ഷത്തില്‍ റൊണാള്‍ഡോ-മെസി പോരാട്ടത്തിന് സാധ്യത, പി എസ് ജി സൗദിയിലേക്ക്
രണ്ട് പതിറ്റാണ്ട് നീണ്ട കരിയറില്‍ ആദ്യമായി ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും ലിയോണല്‍ മെസിയും രണ്ട ഭൂഖണ്ഡങ്ങളില്‍ പന്ത് തട്ടാന്‍ ഒരുങ്ങുകയാണ്. മെസി ഫ്രഞ്ച് ക്ലബ്ബായ പി എസ് ജിയുമായുള്ള കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടുകയും റൊണാള്‍ഡോ സൗദി ക്ലബ്ബായ അല്‍-നസറുമായി രണ്ടരവര്‍ഷത്തെ കരാറിലൊപ്പിടുകയും ചെയ്തതോടെയാണ് സമകാലീന ഫുട്ബോളിലെ രണ്ട് ഇതിഹാസ താരങ്ങള്‍ ആദ്യമായി രണ്ട് ഭൂഖണ്ഡങ്ങളില്‍ പന്ത് തട്ടുന്നത്.ഇതോടെ ഇവര്‍ തമ്മിലുള്ള നേര്‍ക്കു നേര്‍ പോരാട്ടങ്ങള്‍ ഇനി കാണാനാവില്ലെന്ന ആരാധകരുടെ നിരാശ മാറ്റുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
