Asianet News MalayalamAsianet News Malayalam

വെള്ളംകുടി മുട്ടിച്ച് വെള്ളക്കരം, ചിന്തയും ആഡംബര ഹോട്ടലും, മോദി അദാനി കൂട്ടിനെ പൊളിച്ച് രാഹുല്‍- 10 വാര്‍ത്ത

 ചിന്ത ജെറോമിന്‍റെയും കുടുംബത്തിന്‍റെയും ആഡംബര ഹോട്ടലിലെ താമസം, ഉമ്മന്‍ ചാണ്ടിയുടെ ചികിത്സയെ ചൊല്ലിയുള്ള വിവാദം, അദാനിയെയും മോദിയെയും പൊളിച്ചടുക്കി രാഹുല്‍ ഗാന്ധിയുടെ പ്രസംഗം, തുര്‍ക്കിയിലെ ഭൂകമ്പമടക്കം ഇന്നത്തെ പ്രധാന വാര്‍ത്തകളറിയാം.

todays top ten news 7-2-2023 vkv
Author
First Published Feb 7, 2023, 6:41 PM IST

തിരുവനന്തപുരം :  വലിയ പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് വെള്ളക്കരം വർധിപ്പിച്ചുള്ള പുതുക്കിയ താരിഫ് ജല അതോറിറ്റി പുറത്തിറക്കി. വെള്ളക്കരം കുത്തനെ കൂട്ടിയതിനെതിരെ വലിയ പ്രതിഷേധമുയരുന്നതിനിടെയാണ് പുതുക്കിയ താരിഫ് പുറത്തിറക്കിയത്. 50 രൂപ മുതല്‍ 550 രൂപവരെയാണ് വെള്ളത്തിന് ഇനി വില കൂടുക. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിയമസഭയ്ക്കകത്തും പുറത്തും വലിയ പ്രതിഷേധമാണ് ഉയരുന്നത്. കുടിവെള്ളത്തിന് വില കൂട്ടിയത്,  ചിന്ത ജെറോമിന്‍റെയും കുടുംബത്തിന്‍റെയും ആഡംബര ഹോട്ടലിലെ താമസം, ഉമ്മന്‍ ചാണ്ടിയുടെ ചികിത്സയെ ചൊല്ലിയുള്ള വിവാദം, അദാനിയെയും മോദിയെയും പൊളിച്ചടുക്കി രാഹുല്‍ ഗാന്ധിയുടെ പ്രസംഗം, തുര്‍ക്കിയിലെ ഭൂകമ്പമടക്കം ഇന്നത്തെ പ്രധാന വാര്‍ത്തകളറിയാം.

1. വെള്ളക്കരം : കുറഞ്ഞ നിരക്ക് 22.05 ൽ നിന്നും 72.05 രൂപയാക്കി, ഗാർഹിക ഉപഭോഗ ബിൽ 550 രൂപ വരെ കൂടും

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് വെള്ളക്കരം വർധിപ്പിച്ചുള്ള പുതുക്കിയ താരിഫ് ജല അതോറിറ്റി പുറത്തിറക്കി. ഗാർഹിക ഉപഭോക്താക്കൾക്ക് മിനിമം 50 മുതൽ 550 വരെ കൂടും. മിനിമം നിരക്ക് 22.05 രൂപയിൽ നിന്നും 72.05 രൂപയായി ഉയർന്നു. ബിപിഎൽ കുടുംബങ്ങൾക്ക് പ്രതിമാസം 15,000 ലിറ്റർ വരെ സൌജന്യമായി ലഭിക്കും. വെള്ളക്കരം കുത്തനെ കൂട്ടിയതിനെതിരെ വലിയ പ്രതിഷേധമുയരുന്നതിനിടെയാണ് പുതുക്കിയ താരിഫ് പുറത്തിറക്കിയത്. നികുതി വർധനക്കും ഇന്ധന സെസിനും ഇടയിൽ വെളളക്കരത്തിലുമുണ്ടായ വർധന സാധാരണക്കാർക്ക് അധിക ഭാരമുണ്ടാക്കുമെന്നതിൽ സംശയമില്ല. 

2. 'അദാനി മോദിയുടെ വിധേയൻ'; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ; ഭരണപക്ഷത്തെ വെട്ടിലാക്കി പ്രസംഗം

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ചയിൽ അദാനി വിഷയം ഉന്നയിച്ച് കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിമർശിച്ച് രാഹുൽ ഗാന്ധി. നന്ദി പ്രമേയ ചർച്ചയിൽ ഈ വിഷയം എന്തിനാണ് ഉന്നയിക്കുന്നതെന്ന് സ്പീക്കറും ഭരണപക്ഷ അംഗങ്ങളും ചോദിച്ചിട്ടും പിന്മാറാതെ അദാനിയും മോദിയും തമ്മിലെ ബന്ധത്തിൽ രാഹുൽ ഗാന്ധി ആരോപണങ്ങൾ ഉന്നയിച്ചു. അദാനി എങ്ങനെ ഇത്രയും വിജയിച്ചുവെന്നാണ് ജനത്തിന് അറിയേണ്ടത്. എല്ലാ മേഖലകളിലും എങ്ങനെ വിജയിച്ചുവെന്നതിന്റെ ഉത്തരം പ്രധാനമന്ത്രിയാണ്. അദാനിയും മോദിയുമായുള്ള ചിത്രം ഉയർത്തിക്കാട്ടിയായിരുന്നു രാഹുലിന്‍റെ പ്രസംഗം.

3. 'അമ്മയുടെ ചികിത്സക്കായാണ് റിസോർട്ടിൽ താമസിച്ചത്, വീട്ടിൽ അറ്റാച്ച്ഡ് ബാത്ത്റൂമില്ലായിരുന്നു': ചിന്ത ജെറോം 

കൊല്ലത്തെ ഫോര്‍ സ്റ്റാർ ഹോട്ടലിലെ  താമസത്തിൽ വിശദീകരണവുമായി യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം. അനാരോഗ്യത്തിന്റെ അവശതകളുള്ള അമ്മയുടെ ചികിത്സാ സമയത്താണ് റിസോർട്ടിൽ താമസിച്ചതെന്നും അറ്റാച്ച്ഡ് ബാത്റൂമില്ലാത്ത സ്വന്തം വീട് പുതുക്കി പണിയുന്ന സമയമായിരുന്നുവെന്നുമാണ് ചിന്ത ജെറോമിന്റെ വിശദീകരണം. ഇരുപതിനായിരം രൂപയാണ് വാടകയിനത്തിൽ നൽകിയത്. തന്റെ സാലറിക്കൊപ്പം അമ്മയുടെ പെൻഷൻ തുകയുമുപയോഗിച്ച് വാടക നൽകിയെന്ന് ചിന്ത വിശദീകരിച്ചു.  

4. ഭൂചലന പരമ്പര: തുർക്കിയിലും സിറിയയിലും മരണം 4800; ആശങ്കപ്പെടുത്തുന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഭൂചലന പരമ്പരയുടെ നടുക്കം മാറാതെ തുർക്കിയും സിറിയയും. 2 ദിവസത്തിനിടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 4800 കടന്നു. മരണം എട്ട് മടങ്ങ് വരെ ഉയർന്നേക്കാമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ നിന്നുയരുന്ന രക്ഷതേടിയുള്ള നിലവിളികൾ ആരെയും നോവിക്കും. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ തേങ്ങലുകൾ പാറ പോലെ ഉറച്ച ഹൃദയങ്ങളെ വരെ കരയിക്കും. രാജ്യം കണ്ടതിൽ വച്ച് എറ്റവും വലിയ ഭൂകമ്പം തകർത്ത തുർക്കിയിലെങ്ങും നെഞ്ച് പൊള്ളുന്ന കാഴ്ചകളാണ്. 

5. മുഖ്യമന്ത്രി നിർദ്ദേശിച്ചു, ആരോഗ്യമന്ത്രി ആശുപത്രിയിലെത്തി; ഉമ്മന്‍ചാണ്ടിയുടെ ചികിത്സക്ക് മെഡിക്കല്‍ ബോര്‍ഡ്

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാ മേല്‍നോട്ടത്തിന് ആരോഗ്യ വകുപ്പ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ വിദഗ്ധരായ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തിയാണ് ആറംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യാവസ്ഥയും ചികിത്സയും മെഡിക്കല്‍ ബോര്‍ഡ് അവലോകനം ചെയ്യും. മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുമായി ആശയവിനിമയം നടത്തും. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തിയിരുന്നു. ആരോഗ്യമന്ത്രി ആശുപത്രിയിലെത്തി ഡോക്ടറേയും ഉമ്മൻ ചാണ്ടിയുടെ ബന്ധുക്കളേയും കണ്ടിരുന്നു. സന്ദര്‍ശന ശേഷം ആരോഗ്യ വകുപ്പ് മന്ത്രി മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്.

6. ക്ഷേത്രമുറ്റത്ത് ആർഎസ്എസ് ശാഖ, മുദ്രാവാക്യം വിളിച്ചെത്തി ഡിവൈഎഫ്ഐ പ്രവർത്തകർ, വൻ പൊലീസ് സന്നാഹം

കോട്ടക്കലിലെ കിഴക്കേകോവിലകത്തിന് കീഴിലുള്ള കോട്ടപ്പടി ശിവക്ഷേത്ര പരിസരത്ത് ആർഎസ്എസ് ശാഖ നടത്തുന്നതിനിടെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ പ്രവർത്തകർ. പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തതിനെ തുടർന്ന് കോട്ടക്കലിൽ പൊലീസ് ഇടപ്പെട്ടു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. ആർഎസ്എസ് ശാഖയും ആയുധപരിശീലനവും നടത്തുന്നുവെന്നാരോപിച്ച് മുദ്രാവാക്യം വിളികളുമായാണ് ഡിവൈഎഫ്ഐ പ്രവർത്തകർ എത്തിയത്.

7. പാർട്ടി ഓഫിസിന്റെ കതകിൽ ചവിട്ടി കോൺ​ഗ്രസ് നേതാവ്, വിവാദം; സംഭവത്തിൽ വിശദീകരണം തേടി കെ. സുധാകരൻ

പുനഃസംഘടന നടപടികൾ തുടങ്ങിയതിന് പിന്നാലെ പത്തനംതിട്ട കോൺ​ഗ്രസിൽ വിവാ​ദം. മുൻ ഡിസിസി പ്രസിഡന്‍റ് ബാബു ജോർജ് പാർട്ടി ഓഫീസിന്റെ കതകിൽ ചവിട്ടിയതിനെതിരെ ജില്ലാ നേതൃത്വം കെപിസിസിക്ക് പരാതി നൽകി.  പുനഃസംഘടന തർക്കത്തിൽ തുടരുന്നതിനിടെയാണ് മുൻ ഡിസിസി പ്രസിഡന്റ് ബാബു ജോർജ് പാർട്ടി ഓഫീസിന്റെ കതകിൽ ചവിട്ടിയ വിവാദം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെ കെപിസിസി പ്രസിഡന്റ് ജില്ലാ നേതൃത്വത്തിൽ നിന്ന് വിശദീകരണം തേടി.

8. ഗാന്ധി വധം: ആർഎസ്എസിനെതിരായ പരാമർശത്തിൽ കെ സുധാകരനും പിപി ചിത്തരഞ്ജനുമെതിരെ കേസ്

ആലപ്പുഴ: ഗാന്ധി വധവുമായി ബന്ധപ്പെട്ട് ആർ എസ് എസിനെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് സിപിഎം നേതാക്കൾക്കെതിരെ കേസുമായി ബിജെപി സംസ്ഥാന വക്താവ് ആർ സന്ദീപ് വാചസ്പതി. കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ, ആലപ്പുഴ എം എൽ എയും സിപിഎം നേതാവുമായ പി പി ചിത്തരഞ്ജൻ എന്നിവർക്കെതിരെ ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്തു.

9. 'ഇന്ത്യന്‍ മാപ്പില്‍ ചവുട്ടി അക്ഷയ്': വിമര്‍ശനം ശക്തമായിട്ടും പരസ്യം പിന്‍വലിക്കാതെ അക്ഷയ് കുമാര്‍

അടുത്തകാലത്തായി അത്ര നല്ല വാര്‍ത്തകള്‍ അല്ല ബോളിവുഡ് താരം അക്ഷയ് കുമാറിന്. തുടര്‍ച്ചയായി താരത്തിന്‍റെ സിനിമകള്‍ ബോക്സ്ഓഫീസില്‍ ദുരന്തമായി മാറുകയാണ്. സെല്‍ഫി എന്ന ചിത്രമാണ് അടുത്തതായി അക്ഷയ് കുമാറിന്‍റെ തീയറ്ററിലെത്താനുള്ള പടം. അതിനിടെയാണ് മാര്‍ച്ചില്‍ മറ്റ് ചില ബോളിവുഡ് താരങ്ങള്‍ക്കൊപ്പം താരം ഒരു നോര്‍ത്ത് അമേരിക്കന്‍ സ്റ്റേജ് ഷോ ടൂര്‍ സംഘടിപ്പിക്കുന്നത്. എന്നാല്‍ താരം ഈ ടൂറിന്‍റെ ഭാഗമായി സോഷ്യൽ മീഡിയയിൽ പങ്കുവച്ച പ്രമോ വന്നത് മുതല്‍ താരത്തിനെതിരെ കടുത്ത വിമര്‍ശനമാണ്.  

10. 'ഹർജി പരിഗണിച്ചാൽ ഇത്തരം പരാതി തുടരും'; വിക്ടോറിയ ഗൗരിയുടെ നിയമനം ശരിവച്ച് സുപ്രീം കോടതി, സത്യപ്രതിജ്ഞ ചെയ്തു

വിക്ടോറിയ ഗൗരിയുടെ നിയമനം ശരിവച്ച് സുപ്രീം കോടതി. നിയമനത്തിനെതിരെയുള്ള ഹർജി തള്ളിയാണ് നിയമനം ശരിവെച്ചത്. ഹർജി തള്ളിയുള്ള ഉത്തരവ് ഇറക്കുമെന്ന് കോടതി അറിയിച്ചു. സർക്കാരിൻറെ വിവരങ്ങൾ മാത്രമല്ല കോളീജിയം പരിഗണിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതിക്ക് ഒരു വ്യക്തിയുടെ വിവരങ്ങൾ അറിയില്ല എന്ന് എങ്ങനെ പറയും. ഹർജി അംഗീകരിച്ചാൽ ഇത്തരം പരാതികൾ വന്നുകൊണ്ടിരിക്കുമെന്ന് ജസ്റ്റിസ് ബിആർ ഗവായി പറഞ്ഞു. അതേസമയം, ജഡ്ജിയായി വിക്ടോറിയ ഗൗരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 

Follow Us:
Download App:
  • android
  • ios