ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട 10 വാ‍ർത്തകൾ ഒറ്റനോട്ടത്തിലറിയാം... ചുവടെ

1ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും മാമുക്കോയ ഇനിയില്ല, ഹാസ്യ സാമ്രാട്ടിന് വിട

മലയാളികളെ വേദനയിലാഴ്ത്തി നടന്‍ മാമുക്കോയയും വിടപറഞ്ഞു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയ്ക്ക് 1.05 നായിരുന്നു അഭിനയ പ്രതിഭയുടെ അന്ത്യം. വണ്ടൂരിലെ പൊതുപരിപാടിക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതം മൂലമാണ് മരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ നാളെയാണ് സംസ്കാരം. നാടകത്തിലൂടെ അഭിനയം തുടങ്ങി സിനിമയിൽ എത്തിയ നടനായിരുന്നു മാമുക്കോയ. കോഴിക്കോടൻ ഭാഷയുടെ നർമം നിറഞ്ഞ പ്രയോഗത്തിലൂടെ പൊട്ടിച്ചിരി തീർത്ത നടൻ. വിദ്യാർത്ഥി ആയിരിക്കുമ്പോൾതന്നെ നാടക പ്രവർത്തനത്തിൽ സജീവമായിരുന്നു മാമുക്കോയ. 1946 ൽ കോഴിക്കോട് പള്ളിക്കണ്ടിയിലായിരുന്നു ജനനം. തടിപ്പണിക്കാരനായി ജീവിതം തുടങ്ങി. 'അന്യരുടെ ഭൂമി' ചിത്രത്തിലൂടെ ആദ്യമായി സിനിമ രംഗത്തേക്ക് പ്രവേശിച്ചു. 'ദൂരെ ദൂരെ ഒരു കൂടു കൂട്ടാം' സിനിമയിലെ മുൻഷിയുടെ വേഷത്തിലൂടെ ശ്രദ്ധേയനായി. പിന്നീട് സത്യൻ അന്തിക്കാട് അടക്കമുള്ളവരുടെ സിനിമകളിലൂടെ തിരക്കേറിയ നടനായി.

2നാല് പതിറ്റാണ്ട് മലയാളിയെ ചിരിപ്പിച്ച പ്രതിഭ; മാമുക്കോയയെ ഒരുനോക്ക് കാണാൻ ടൗൺഹാളിലേക്ക് ജനപ്രവാഹം 

നാല് പതിറ്റാണ്ട് കാലത്തോളം മലയാളികളെ ചിരിപ്പിച്ച പ്രിയ നടൻ മാമുക്കോയയുടെ വിടവാങ്ങലിൽ വിതുമ്പി കേരളത്തിന്‍റെ രാഷ്ട്രീയ, സിനിമാ സാംസ്കാരിക മേഖല. കോഴിക്കോട് ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ച ഭൌതിക ശരീരത്തിൽ സിനിമ - നാടക -സാംസ്കാരിക- രാഷ്ട്രീയ മേഖലകളിൽ നിന്നടക്കം നിരവധിപ്പേരാണ് ആദരാഞ്ജലികളർപ്പിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട മാമുക്കോയയെ ഒരു നോക്ക് കാണാനായി നൂറുകണക്ക് നാട്ടുകാരും കോഴിക്കോട്ടേക്കെത്തിക്കൊണ്ടിരിക്കുകയാണ്. സംസ്കാരം കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ നാളെ നടക്കും. മാമുക്കോയ വിടവാങ്ങൽ സ്ഥിരീകരിച്ചതിന് പിന്നാലെ സിനിമാ- സാംസ്കാരിക രം​ഗത്തെ നിരവധി പേർ പ്രിയ നടന് അനുശോ​ചനം അറിയിച്ച് സമൂഹമാധ്യമങ്ങളിലടക്കം തങ്ങളുടെ ഓർമ്മകൾ പങ്കുവെച്ചു.

3ഗുജറാത്ത് ഹൈക്കോടതിയിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ പരിഗണിക്കേണ്ടിയിരുന്ന ജഡ്ജ് പിന്മാറി

മോദി പരാമർശത്തിലെ സൂറത്ത് കോടതി വിധിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയിൽ രാഹുൽ ഗാന്ധി നൽകിയ അപ്പീൽ പരിഗണിക്കേണ്ടിയിരുന്ന ജഡ്ജ് പിന്മാറി. ജസ്റ്റിസ് ഗീതാ ഗോപിയാണ് പിന്മാറിയത്. എന്തുകൊണ്ടാണ് പിന്മാറ്റമെന്നതിൽ വ്യക്തമല്ല. ഗീതാ ഗോപിയുടെ സിംഗിൾ ബെഞ്ചിന് മുന്നിൽ ഇന്നാണ് കേസ് ലിസ്റ്റ് ചെയ്തത്. തൊട്ടു പിന്നാലെ കേസ് പരിഗണിക്കാൻ കഴിയില്ലെന്ന് രജിസ്ട്രാർ വഴി ചീഫ് ജസ്റ്റിസിനെ അറിയിക്കുകയായിരുന്നു. ഇനിയും മറ്റൊരു ബെഞ്ചിന് മുന്നിൽ ലിസ്റ്റ് ചെയ്ത ശേഷമായിരിക്കും രാഹുലിന്റെ അപ്പീൽ ഹൈക്കോടതി പരിഗണിക്കുക. അപകീർത്തി കേസിൽ കുറ്റക്കാരനാണെന്ന് വിധി സൂറത്ത് സെഷൻസ് കോടതി സ്റ്റേ ചെയ്യാത്തതിനെ തുടർന്ന് റിവിഷൻ പെറ്റീഷനുമായാണ് രാഹുൽ ഗാന്ധി ഹൈക്കോടതിയെ സമീപിച്ചത്.

4ഫോണ്‍ പൊട്ടിത്തെറിച്ച് എട്ട് വയസുകാരിയുടെ മരണം; അന്വേഷണവുമായി സഹകരിക്കുമെന്ന് ഷവോമി ഇന്ത്യ

തിരുവില്വാമലയിൽ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ച സംഭവത്തിൽ പ്രതികരണവുമായി ഷവോമി ഇന്ത്യ. സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മൊബൈൽ കമ്പനി അറിയിച്ചു. കുടുംബത്തിന്‍റെ ദുഖത്തിൽ പങ്കുചേരുന്നുവെന്നും സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഷവോമി ഇന്ത്യ പ്രതികരിച്ചു. പട്ടിപ്പറമ്പ്‌ കുന്നത്ത്‌ വീട്ടിൽ അശോക്‌ കുമാറിന്റെ മകൾ ആദിത്യശ്രീയാണ്‌ മൊബൈൽ പൊട്ടിത്തെറിച്ച് കഴിഞ്ഞ ദിവസം മരിച്ചത്‌. റെഡ്മി 5 പ്രോ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.

5എഐ ക്യാമറ വിവാദം: കെൽട്രോണിനെതിരായ ആരോപണങ്ങളിൽ അന്വേഷണം, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയെ നിയോഗിച്ചു

കെൽട്രോണിനെതിരായി ഉയർന്ന ആരോപണങ്ങളിൽ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. എഐ ക്യാമറ പദ്ധതിയിൽ കെൽടോണുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദം അന്വേഷിക്കാൻ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയെ നിയോഗിച്ചതായി മന്ത്രി പി രാജീവ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പരാതിയിലെ വിജിലൻസ് അന്വേഷണത്തിന് സഹായകമായി ഫയലുകളെല്ലാം കൊടുക്കാൻ നിർദ്ദേശിച്ചതായും മന്ത്രി വിശദീകരിച്ചു. വിജിലൻസ് അന്വേഷണം കെൽട്രോണിനെതിരെയല്ല. ഉദ്യോഗസ്ഥനെതിരെയാണ്. ഉദ്യോഗസ്ഥനെതിരായ പരാതിയിലൊന്ന് എഐ ക്യാമറയുമായി ബന്ധപ്പെട്ടുള്ളതാണ്. കെൽട്രോൺ ഉപകരാർ നൽകിയത് നിയമപരമാണ്. ഉപകരാർ കൊടുത്ത വിവരം കെൽട്രോൺ സർക്കാരിനെ അറിയിച്ചിരുന്നു. ടെണ്ടറുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നിയമപരമായാണ് ചെയ്തത്. ഉപകരാർ കൊടുക്കുന്നത് മന്ത്രിസഭയെ അറിയിക്കേണ്ടതില്ലെന്നും മന്ത്രി വിശദീകരിച്ചു.

6സെർവർ തകരാർ പരിഹരിക്കാനായില്ല; സംസ്ഥാനത്തെ റേഷൻ കടകൾ നാളെയും മറ്റന്നാളും കൂടി അടച്ചിടും

സെർവർ തകരാർ പരിഹരിക്കാനാവാത്തതിനാൽ സംസ്ഥാനത്തെ റേഷൻ കടകൾ നാളെയും മറ്റന്നാളും കൂടി അടച്ചിടും. തകരാർ പരിഹരിക്കാൻ 2 ദിവസം വേണം എന്ന് നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ ആവശ്യപ്പെട്ടു. 29 ന് റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും. അതേസമയം, ഈ മാസത്തെ റേഷൻ വിതരണം അടുത്ത മാസം അഞ്ച് വരെ നീട്ടിയിട്ടുണ്ട്. ആറാം തീയതി മുതൽ മാത്രമേ മെയിലെ റേഷൻ വിതരണം തുടങ്ങൂ. ഇ പോസ് സർവർ തകരാർ പരിഹരിക്കാൻ ശാശ്വത നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ജി. ആർ അനിൽ പറഞ്ഞു.

7 പൊള്ളുന്ന ചൂടിന് ആശ്വാസം, ഇന്ന് എല്ലാ ജില്ലകളിലും മഴ ലഭിക്കും; നാല് ജില്ലകളിൽ യെല്ലോ അലർട്ട് 

ചുട്ടുപൊള്ളിച്ച കനത്ത ചൂടിന് ആശ്വാസമായി തെക്കൻ കേരളത്തിൽ ശക്തമായ വേനൽ മഴ. തിരുവനന്തപുരത്തും കൊല്ലത്തും ഇന്ന് ഉച്ചയോടെ ശക്തമായ മഴ ലഭിച്ചു. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം നൽകുന്ന സൂചന. തിരുവനന്തപുരത്തും കൊല്ലത്തും പത്തനംതിട്ടയിലും എറണാകുളത്തും കാലാവസ്ഥാ വിഭാഗം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. ഇടിയോട് കൂടിയ മഴയ്ക്കും പെട്ടെന്നുള്ള കാറ്റിനും സാധ്യതയുണ്ട്. നാളെയും എറണാകുളത്ത് യെല്ലോ അലർട്ടായിരിക്കും. മഴ കിട്ടുമെങ്കിലും സംസ്ഥാന താപനില മുന്നറിയിപ്പ് തുടരുകയാണ്. പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ ഈ ജില്ലകളിൽ താപനില ഉയരും. പാലക്കാട് ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസായിരിക്കും. കോഴിക്കോട് ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസായിരിക്കും. 

8ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം, 11 സുരക്ഷാസേനാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു

ഛത്തീസ്ഗഡിലെ ബസ്തറില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ പതിനൊന്ന് പേർ വീരമൃത്യു വരിച്ചു. മാവോയിസ്റ്റു വിരുദ്ധ സേനാംഗങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനം കുഴിബോബ് സ്ഫോടനത്തിൽ തകരുകയായിരുന്നു. ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു. മാവോയിസ്റ്റുകള്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ പറഞ്ഞു. ഛത്തീസ്ഗഡ് മാവോയിസ്റ്റ് വിരുദ്ധ സേനയിലെ പത്ത് അംഗങ്ങളും ഇവരുടെ വാഹനത്തിന്റെ ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. മേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് തെരച്ചില്‍ നടത്തി മടങ്ങുമ്പോഴായിരുന്നു സംഘത്തിന് നേരെ ആക്രമണം നടന്നത്. തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 450 കിലോമീറ്റർ അകലെയുള്ള അരാൻപൂരെന്ന സ്ഥലത്ത് വച്ചായിരുന്നു ആക്രമണം. സ്ഫോടനം നടത്തിയ മാവോയിസ്റ്റുകള്‍ക്കായി മേഖലയില്‍ തെരച്ചില്‍ നടക്കുകയാണ്.

9സുഡാനിൽ നിന്ന് ഒഴിപ്പിച്ച ഇന്ത്യാക്കാരുമായി ഐ.എൻ.എസ് സുമേധ ജിദ്ദയിലെത്തി; സംഘത്തില്‍ 16 മലയാളികളും

ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ നിന്ന് ഒഴിപ്പിച്ച ഇന്ത്യക്കാരുടെ ആദ്യസംഘം ജിദ്ദയിലെത്തി. ചൊവ്വാഴ്ച രാത്രി 10.30ഓടെ ജിദ്ദ തുറമുഖത്ത് നങ്കൂരമിട്ട ഇന്ത്യൻ നാവികസേനയുടെ ഐ.എൻ.എസ് സുമേധ കപ്പലിൽ 278 ഇന്ത്യാക്കാരാണുള്ളതെന്ന് സുഡാനിൽ കുടുങ്ങിയ പൗരന്മാരെ രക്ഷപ്പെടുത്താനുള്ള ‘ഓപറേഷൻ കാവേരി’ക്ക് നേതൃത്വം നൽകാൻ ജിദ്ദയിലെത്തിയ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ട്വീറ്റ് ചെയ്തു. സംഘത്തെ സ്വീകരിക്കാൻ മന്ത്രിയോടൊപ്പം സൗദി വിദേശകാര്യമന്ത്രാലയം ജിദ്ദ ബ്രാഞ്ച് ഡയറക്ടർ ജനറൽ മാസിൻ ഹമദ് അൽഹിംലിയും എത്തിയിരുന്നു. കപ്പലിറങ്ങിയവരെ പൂച്ചെണ്ടുകളും മധുരവും നൽകിയാണ് വരവേറ്റത്. സുഡാനിലെ തുറമുഖ നഗരമായ പോർട്ട് സുഡാനിൽ ജിദ്ദയിൽനിന്ന് ഇന്ത്യൻ നാവിക സേനയുടെ കപ്പൽ എത്തിച്ചാണ് രക്ഷാ ദൗത്യം തുടങ്ങിയത്.

10കാസർകോട് നിന്ന് പുറപ്പെടേണ്ട വന്ദേ ഭാരതിൽ സാങ്കേതിക തകരാർ; എസി ഗ്രില്ലിൽ ചോർച്ച

ഇന്ന് ഉച്ചയ്ക്ക് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പടേണ്ട വന്ദേ ഭാരത് എക്സ്പ്രസിലെ എസി ഗ്രില്ലിൽ ചോർച്ച കണ്ടെത്തി. ഇതേ തുടർന്ന് റെയിൽവെയുടെ സാങ്കേതിക വിഭാഗം ജീവനക്കാർ പരിശോധന നടത്തി. കണ്ണൂരിലാണ് വന്ദേ ഭാരത് ട്രെയിൻ നിർത്തിയിട്ടിയിരുന്നു. ഐസിഎഫിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരാണ് പരിശോധന നടത്തിയത്. ആദ്യ സർവീസ് ആയതിനാൽ ഇത്തരം പ്രശ്നം സാധാരണ ഉണ്ടാകാറുണ്ടെന്നും കുറച്ചു ദിവസം കൂടി ഇത്തരം പരിശോധന തുടരും എന്നും റെയിൽവെ അധികൃതർ പറഞ്ഞു. കാസർകോട് ട്രെയിൻ ഹാൾട് ചെയ്യാൻ ട്രാക് ഇല്ലാത്തതിനാൽ കണ്ണൂരിലായിരിക്കും വന്ദേ ഭാരത് നിർത്തിയിടുകയെന്നും അധികൃതർ വ്യക്തമാക്കി.

YouTube video player