തിരുവനന്തപുരം: കൊവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഏര്‍പ്പെടുത്തിയ ലോക് ഡൗണിന് ഇളവ് അനുവദിച്ചതിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതൽ  കളളുഷാപ്പുകളുടെ പ്രവര്‍ത്തനം തുടങ്ങി. ആവശ്യത്തിന് കള്ളെത്താത്തതിനാൽ പക്ഷെ  പകുതിയോളം ഷാപ്പുകൾ മാത്രമാണ് തുറക്കാനായത്. തിരുവനന്തപുരം ജില്ലയിലെ ലൈസൻസ് ലഭിച്ച നാലു ഷാപ്പുകളും ഇന്ന് തുറക്കാൻ സാധ്യതയില്ലെന്നാണ് വിവരം. കള്ള് ലഭിക്കാത്തതാണ് കാരണം

പത്തനംതിട്ട ജില്ലയിൽ കള്ളു ഷാപ്പുകൾ ഒന്നും തുറന്നില്ല. കൊവിഡ് നിയന്ത്രണം കാരണം  ഷാപ്പ്  ലേലം ജില്ലയിൽ നടന്നിരുന്നില്ല. ഇതോടെയാണ് ഷാപ്പുകൾക്ക് പ്രവര്‍ത്തിക്കാൻ കഴിയാതെ പോയത്. ആവശ്യത്തിന് കള്ളെത്താത്തതും ലൈസൻസ് അടക്കമുള്ള  കാര്യങ്ങളിൽ തുടരുന്ന പ്രതിസന്ധികളും കാരണം കുട്ടനാട്ടിലും ഭൂരിഭാഗം കള്ളുഷാപ്പുകളും തുറക്കാനാകാത്ത അവസ്ഥയാണ്.  കള്ള് ക്ഷാമവും ലൈസൻസ് പ്രശ്നവും കാരണം 559 ഷാപ്പുകൾ ഉള്ള എറണാകുളം ജില്ലയിൽ മുപ്പതോളം ഷാപ്പുകൾ മാത്രമാണ് തുറന്നത്. തുറന്ന് ഏതാനും സമയത്തിനകം തന്നെ തുറന്ന ഷാപ്പുകളിൽ കള്ള് തീരുകയും ചെയ്തു. 

കള്ള് ഉത്പാദനം കൂടുതലുള്ള പാലക്കാട് ജില്ലയിൽ 530 ഷാപ്പുകളാണ് തുറന്നത്. ആകെയുള്ളത് 805 ഷാപ്പുകൾ ആണ് പാലക്കാടുള്ളത്. ഭൂരിഭാഗം ഷാപ്പുകളിലും കള്ള് ലഭ്യത കുറവാണ്. കണ്ണൂരിലെ ഷാപ്പുകളൊന്നും തുറന്നില്ല. ആവശ്യത്തിന് കള്ളില്ലാത്തതാണ് തുറക്കാതിരിക്കാൻ കാരണം.ലോക്ക് ഡൗൺ കാലത്ത് അനധികൃത ചെത്ത് തടയാൻ എക്സൈസ് പൂക്കലകൾ വ്യാപകമായി വെട്ടി നശിപ്പിച്ചിരുന്നു. ഇതാണ് കള്ള് ലഭ്യത കുറയാൻ കാരണമെന്ന് തൊഴിലാളികൾ പറയുന്നു. 79 ഷാപ്പുകൾക്കാണ് പ്രവർത്തന അനുമതി.

കള്ള് ഷാപ്പുകൾ തുറന്ന് പ്രവർത്തിക്കാൻ തീരുമാനമായതോടെ  കള്ള്ചെത്ത് കേന്ദ്രങ്ങളെല്ലാം   സജീവമായിരുന്നു. എന്നാൽ ചുരുങ്ങിയത് നാല്പത് ദിവസത്തോളം ഇനി തുടർച്ചയായി തെങ്ങൊരുക്കി ചെത്തിയാലേ കളളുൽപ്പാദനം പൂർണ്ണ തോതിലെത്തുകയുള്ളൂ എന്നാണ് തൊഴിലാളികൾ പറയുന്നത്. ലോക്ക്ഡൗൺ മൂലം തൊഴിലാളി ക്ഷാമം നേരിട്ടതിനാൽ കള്ളുൽപ്പാദനം മൂന്നിലൊന്നായി കുറയാനാണ് സാധ്യതയും നേരത്തെ തന്നെ വിലയിരുത്തിയിരുന്നു. 

ലോക്ഡൗണിനിടെ നടന്ന ആദ്യഘട്ട ലേലത്തിൽ 60 ശതമാനം കള്ള് ഷാപ്പുകളുടെ കാര്യത്തിൽ മാത്രമാണ് തീരുമാനമായത്. പാലക്കാട് 805 കള്ള് ഷാപ്പുകളാണുള്ളത്. ഇതിൽ 669 ഷാപ്പുകൾക്കാണ് ലൈസൻസ് ലഭിച്ചത്. ബീവറേജുകളും ബാറുകളും അടഞ്ഞ്കിടക്കുന്നതിനാൽ കള്ളിന് ആവശ്യക്കാർ ഏറുമെങ്കിലും ലഭ്യത കുറവ് തിരിച്ചടിയാവും. സാഹിചര്യം മുതലെടുത്ത് തോപ്പുകളിലും കള്ളുഷാപ്പുകളിലും വ്യാജ കള്ള് നിർമ്മിക്കാനുള്ള സാധ്യത കണക്കിലെടുത്ത് വ്യാപകപരിശോധന നടത്തുമെന്ന് എക്സൈസ് അറിയിച്ചു.